മണൽത്തിട്ടയിൽ ഒരാൾപ്പൊക്കത്തിൽ ഉയർന്നുപൊങ്ങി രാജവെമ്പാല. ഈ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എതിരാളികളെ നേരിടുമ്പോൾ ശരീരത്തിന്റെ മൂന്നിലൊന്ന് വരെ ഉയർത്താൻ രാജവെമ്പാലയ്ക്ക് കഴിയും. ദൃശ്യത്തിൽ, ഒരു രാജവെമ്പാല ഒരു മണൽത്തിട്ടയിൽ നിവർന്ന് നിന്ന് ചുറ്റുപാടുകൾ വീക്ഷിക്കുന്നത് കാണാം. രാജവെമ്പാലകൾ ഇഴഞ്ഞു പോകുന്നതും പത്തിവിരിച്ചു നിൽക്കുന്നതും ഇരയെ വേട്ടയാടുന്നതും കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു ദൃശ്യം ആദ്യമായിട്ടാണെന്ന് കാഴ്ചക്കാർ പറയുന്നു.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പുകളാണ് രാജവെമ്പാലകൾ. തെക്കുകിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും വനങ്ങളിലാണ് ഇവ പ്രധാനമായും കാണപ്പെടുന്നത്. ഇത് പ്രധാനമായും പാമ്പുകളെയാണ് ഭക്ഷിക്കുന്നത്. ചേരയാണ് ഇഷ്ടഭക്ഷണം. മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളും ഭക്ഷിക്കാറുണ്ട്. രാജവെമ്പാലകളെല്ലാം ഒരൊറ്റ വിഭാഗത്തിൽപ്പെട്ട പാമ്പുകളാണെന്നാണ് ഗവേഷകർ ആദ്യം കരുതിയത്. എന്നാൽ പിന്നീടുള്ള ഗവേഷണത്തിൽ ഈ പാമ്പുകൾക്ക് 4 ഉപജാതികളുണ്ടെന്ന് കണ്ടെത്തി.
The king cobra can literally "stand up" and look at a full-grown person in the eye. When confronted, they can lift up to a third of its body off the ground. pic.twitter.com/g93Iw2WzRo