തന്റെ പേരിലുണ്ടായിരുന്ന യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തിരുന്നവർ അതിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ നല്ലൊരു ഭാഗം സ്വന്തമാക്കിയെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ്.
ഒട്ടേറെ ഫോളോവേഴ്സ് ഉണ്ടായിരുന്നു ചാനലായിരുന്നു. തന്റെ പേരിൽ യൂട്യൂബ് നൽകിയ പ്ലേ ബട്ടൺ പോലും അവർ തന്നില്ലെന്നും മീനാക്ഷി ആരോപിച്ചു.
'മീനാക്ഷി അനൂപ് എന്ന പേരിലായിരുന്നു ചാനല്‍ തുടങ്ങിയത്. യുട്യൂബ് ചാനല്‍ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇ- മെയില്‍ ഐഡിയും പാസ്‌വേര്‍ഡും ക്രിയേറ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. അവര്‍ തന്നെയായിരുന്നു വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് അപ്പ്‌ലോഡ് ചെയ്തത്. തന്റെ പേരില്‍ ലഭിച്ച പ്ളേ ബട്ടണ്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'- മീനാക്ഷി പറഞ്ഞു.
വീഡിയോയില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു പങ്കും അവര്‍ തന്നെയാണ് എടുത്തത്. ആദ്യമൊക്കെ സാരമില്ല എന്നുകരുതി. ഇപ്പോള്‍ കോട്ടയം എസ് പിയ്ക്ക് പരാതി നല്‍കിയിരിക്കുകയാണെന്ന് മീനാക്ഷിയുടെ പിതാവ് അനൂപ് പറഞ്ഞു.