Click to learn more 👇

പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ വെടിവച്ചു കൊന്നു; ഒരാള്‍ അറസ്റ്റില്‍


 ലക്‌നൗ: പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ ബെെക്കിലെത്തിയ രണ്ടംഗ സംഘം നടുറോഡില്‍ വെടിവച്ച്‌ കൊലപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ ജൗലാന്‍ ജില്ലയിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷനില്‍ നിന്ന് 200മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ് കൊലപാതകം നടന്നത്. അക്രമികള്‍ തോക്ക് സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞു.

സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. രാം ലഖന്‍ പട്ടേല്‍ മഹാവിദ്യാലയത്തിലെ ബി എ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട രോഷിണി അഹിര്‍വാര്‍(21). രാവിലെ 11 മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങവെ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേരില്‍ ഒരാളാണ് തോക്കുപയോഗിച്ച്‌ യുവതിയ്ക്ക് നേരെ വെടിയുതിര്‍ത്തത്. 

തലയ്ക്ക് വെടിയേറ്റ യുവതി സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

നാട്ടുകാര്‍ ഓടിയെത്തി അക്രമികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും തോക്കുപേക്ഷിച്ച്‌ ഇരുവരും കടന്നുകളയുകയായിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ രാജ് അഹിര്‍വാര്‍ എന്ന യുവാവിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. തെളിവുകള്‍ ലഭിച്ചതായും അന്വേഷണം തുടരുന്നതായും ജൗലാന്‍ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

മുന്‍ എം പിയും ഗുണ്ടാനേതാവുമായിരുന്ന അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഭവത്തില്‍ കടുത്ത വിമര്‍ശനമാണ് യോഗി സര്‍ക്കാരിനെതിരെ ഉയരുന്നത്. പെണ്‍കുട്ടി വെടിയേറ്റ് റോഡില്‍ മരിച്ചു കിടക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.