തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിനെ വില്‍പ്പന നടത്തി. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ ജനിച്ച കുഞ്ഞിനെയാണ് വിറ്റത്.
കരമന സ്വദേശിയായ സ്ത്രീ മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് കുട്ടിയെ വിറ്റ വിവരം ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കിട്ടിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരമന സ്വദേശിനിയെ കണ്ടെത്തിയത്. എന്നാല്‍ ആദ്യം ചോദ്യം ചെയ്‌തപ്പോള്‍ ഇവര്‍ താന്‍ തന്നെ പ്രസവിച്ചതാണെന്നായിരുന്നു പറഞ്ഞിരുന്നത്. വീണ്ടും ചോദ്യം ചെയ്‌തപ്പോള്‍ മക്കളില്ലാത്തതിനാല്‍ കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്ന് സമ്മതിച്ചു. എന്നാല്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഇവര്‍ മൊഴി നല്‍കി.
തുടര്‍ന്ന് കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കുകയും, തൈക്കാട് ശിശുക്ഷേമ സമിതിയിലേക്ക് മാറ്റുകയും ചെയ്തു. പതിനൊന്ന് ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. ജനിച്ചയുടനെ വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് വിവരം. ആരാണ് കുട്ടിയെ വിറ്റതെന്നതിനെക്കുറിച്ച് സിഡബ്ല്യൂസി അന്വേഷിക്കുന്നു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി.