ഡല്‍ഹി: അതീക് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫിന്റെയും കൊലപാതകത്തിനുള്ള പ്രതികാരമായി ഇന്ത്യയെ ആക്രമിക്കുമെന്ന ഭീഷണി മുഴക്കി അല്‍ ഖ്വയ്ദ ഇന്‍ ദ ഇന്ത്യന്‍ സബ് കോണ്ടിനെന്റ് (എ.ക്യു.ഐ.എസ്.).
സംഘടനയുടെ മാധ്യമവിഭാഗമായ അസ് സാഹബ് പുറത്തിറക്കിയ ഏഴുപേജുള്ള മാസികയിലാണ് ഭീഷണിയുള്ളത്.
അതീകിന്റെയും അഷ്റഫിന്റെയും കൊലപാതകങ്ങളില്‍ രോഷം പ്രകടിപ്പിച്ച എ.ക്യു.ഐ.എസ്., ഇരുവരെയും രക്തസാക്ഷികളെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലും മറ്റിടങ്ങളിലുമുള്ള മുസ്ലിങ്ങളെ 'വിമോചി'പ്പിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍നിന്ന് തങ്ങളുടെ അംഗങ്ങളെ മോചിപ്പിക്കുമെന്ന പരോക്ഷമായ ഭീഷണിയും എ.ക്യു.ഐ.എസ്. മുഴക്കിയിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ പോലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഗുണ്ടാത്തലവനും മുന്‍ എം.പിയുമായ അതീകിനെയും സഹോദരനെയും അക്രമികള്‍ വെടിവെച്ചുകൊന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് അക്രമികള്‍ എത്തിയത്.