കോഴിക്കോട്: കൊയിലാണ്ടി ടൗണ്‍ സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമാക്കി പ്രതി അഭിലാഷ്.
സത്യനാഥനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊല്ലാനുള്ള തീരുമാനമെടുക്കാന്‍ കാരണം. വ്യക്തിവൈരാഗ്യമുണ്ടാകാനുള്ള കാരണങ്ങളാണ് ഇപ്പോള്‍ അഭിലാഷ് തുറന്ന് സമ്മതിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് അഭിലാഷിനെ പുറത്താക്കിയത് ഉള്‍പ്പെടെയുള്ള നടപടികളാണ് വൈരാഗ്യത്തിന് കാരണം. കൊല്ലാനുറപ്പിച്ച് തന്നെയാണ് ക്ഷേത്ര പരിസരത്ത് എത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
സത്യനാഥന്റെ കൊലപാതകത്തില്‍ അഭിലാഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് കാരണങ്ങള്‍ മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ അഭിലാഷ് തുറന്ന് പറഞ്ഞത്. അഭിലാഷും സത്യനാഥനും അയല്‍വാസികളായിരുന്നു. അഭിലാഷ് ലഹരിക്ക് അടിമയായിരുന്നു. ഇതറിഞ്ഞ സത്യനാഥന്‍ ആദ്യം ഉപദേശിക്കുകയും പിന്നെയും ലഹരി ഉപയോഗം തുടര്‍ന്നപ്പോള്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം പാര്‍ട്ടി അംഗത്വം റദ്ദാക്കി പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് അഭിലാഷിന് പക തോന്നി തുടങ്ങിയത്.
പാര്‍ട്ടിക്കകത്തുണ്ടായ ചില വിഷയങ്ങളില്‍ തന്നോട് സത്യനാഥന്‍ സ്വീകരിച്ച നിലപാടും ശത്രുത വര്‍ദ്ധിപ്പിച്ചുവെന്നാണ് അഭിലാഷ് പൊലീസിന് നല്‍കിയ മൊഴി. കൊലപാതകം നടത്തിയത് ഒറ്റയ്ക്കാണെന്നും മറ്റാരും ഒപ്പമുണ്ടായിരുന്നില്ലെന്നും വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ലഹരി ഉപയോഗത്തെ സത്യനാഥന്‍ എതിര്‍ക്കുകയും പലവട്ടം ഇരുവരും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായെന്നും പൊലീസ് പറയുന്നു. അഭിലാഷ് ലഹരി മാഫിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് വിവരം. ഇയാളുടെയും സംഘത്തിന്റെയും ലഹരി ഉപയോഗം സത്യനാഥന്‍ നിരന്തരം ചോദ്യം ചെയ്തത് അഭിലാഷിനെ ചൊടിപ്പിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി.മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിലുണ്ടായിരുന്നത്, കഴുത്തില്‍ ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെറിയപുറം ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ സത്യനാഥനെ അഭിലാഷ് ആക്രമിക്കുകയായിരുന്നു.
സത്യനാഥനെ ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഉത്സവത്തിനെത്തിയ ഭക്തജനങ്ങളും ഗാനമേള കേള്‍ക്കാന്‍ എത്തിയ നാട്ടുകാരും അടക്കം നൂറുകണക്കിനാളുകള്‍ ക്ഷേത്രപരിസരത്ത് നില്‍ക്കവെയായിരുന്നു കൊലപാതകം നടന്നത്. അയല്‍വാസിയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി മുന്‍ അംഗവുമാണ് പ്രതി അഭിലാഷ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് പറഞ്ഞു.