സ്കൂൾ വൈസ് പ്രിൻസിപ്പലായി വിരമിച്ച രാധേശ്യാം വർമയും ഭാര്യ വീണയും മകൻ രവിയും മരുമകൾ മോണിക്കയും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. വീടിന്റെ താഴത്തെ നിലയിലാണ് വയോധിക ദമ്പതികളുടെ മുറി. മുകളിലത്തെ നിലയിലാണ് രവിയും മോണിക്കയും കിടന്നിരുന്നത്. ഞായറാഴ്ച രാത്രി പത്തരയോടെയാണ് അവസാനമായി മാതാപിതാക്കളെ കണ്ടതെന്ന് രവി പൊലീസിന് മൊഴി നൽകിയിരുന്നു. രാത്രി നടന്നതൊന്നും അറിഞ്ഞില്ലെന്നും രവിയും മോണിക്കയും പറഞ്ഞു
തിങ്കളാഴ്ച രാവിലെയോടെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയെന്നും മൊഴിയിലുണ്ട്. വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോണിക്കയാണ് കൊലപാതകത്തിനു പിന്നിലെന്ന് മനസ്സിലായത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് മോണിക്കയുടെ ആൺസുഹൃത്തും മറ്റൊരാളും ഇവരുടെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. മോണിക്ക ഇവരെ ടെറസിൽ ഒളിപ്പിക്കുകയായിരുന്നു. രാധേശ്യാമും വീണയും കിടപ്പമുറിയിലേക്ക് ഉറങ്ങാൻ പോകുന്നതുവരെ ഇവർ മറഞ്ഞിരുന്നു.
എല്ലാവരും ഉറങ്ങിയ ശേഷം ഇവർ താഴത്തെ മുറിയിൽ എത്തുകയും വയോധിക ദമ്പതികളുടെ കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. മുറിയിൽനിന്ന് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സ്വത്തുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. കുറച്ചു ദിവസം മുൻപ് ഇവരുടെ ഒരു വീട് മറ്റൊരാൾക്ക് വിറ്റിരുന്നു. അതിന്റെ ഭാഗമായി ലഭിച്ച നാലു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു.