ദുബായ്: അല്‍ റാസിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ച് രണ്ട് മലയാളികളടക്കം പതിനാറ് പേര്‍ മരിച്ചു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ തലാല്‍ സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ തീപിടിത്തമുണ്ടാവുകയായിരുന്നു.
ഇവിടെ താമസിച്ചിരുന്ന മലപ്പുറം വേങ്ങര കാലങ്ങാടന്‍ സ്വദേശി റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.
തമിഴ്‌നാട് സ്വദേശികളായ അബ്‌ദുള്‍ ഖാദര്‍, സാലിയാക്കൂണ്ട്, പാകിസ്ഥാനില്‍ നിന്നുള്ള മൂന്നുപേര്‍, ഒരു നൈജീരിയന്‍ വനിത എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് ഉഗ്രസ്ഫോടനമുണ്ടായതാണ് തീപിടിത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ നാലാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെനിന്നുള്ള പുക റിജേഷിന്റെ മുറിയിലേയ്ക്ക് പടരുകയായിരുന്നു.
പുക ശ്വസിച്ചാണ് റിജേഷും ഭാര്യയും മരിച്ചത്. ട്രാവല്‍സ് കമ്ബനിയിലെ ജീവനക്കാരനായിരുന്നു റിജേഷ്. ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു.
തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരും മരിച്ചതായാണ് വിവരം. മരിച്ച 16 പേരുടെയും മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.