കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം കായംകുളം കൃഷ്ണപുരം കളയിക്കത്തറ വീട്ടില്‍ സച്ചു എന്ന സജിത് കുമാര്‍ ജിമ്മന്‍ (42) ആണ് പിടിയിലായത്. പ്രതിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ തമിഴ്നാട് സ്വദേശിനി മുതലമ്മള്‍ (അംബിക ) ( 42 ) അറസ്റ്റിലായിട്ടുണ്ട്.
കവര്‍ച്ചക്കുശേഷം ഇരുവരും ബൈക്കില്‍ കടന്നുകളയുന്നതിനിടയാണ് പൊലീസ് വലയില്‍ അകപ്പെട്ടത്. താമരശേരിക്ക് സമീപം വച്ചാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 37കേസുകളിലെ പ്രതിയാണ് സജിത്ത്. ബുധനാഴ്ച രാവിലെ 11 മണിയോടെ മാനന്തവാടി മൈസൂര്‍ റോഡില്‍ വച്ചായിരുന്നു വനം വകുപ്പ് ജീവനക്കാരിയുടെ മൂന്നു പവന്‍ സ്വര്‍ണമാല പ്രതി സജിത്ത് ബൈക്കില്‍ എത്തി നിമിഷനേരം കൊണ്ട് പറിച്ചു കളഞ്ഞുകടന്നത്. മോഷണം സമീപത്തെ വ്യാപാരസ്ഥാപനത്തിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ബൈക്ക് നിര്‍ത്തിയിട്ട് നിരീക്ഷിച്ചശേഷം പെട്ടെന്ന് ബൈക്കുമായി വേഗതയില്‍ എത്തി മാല പറിച്ച് കടന്നുകളയുകയായിരുന്നു.
പ്രൊഫഷണല്‍ മോഷ്ടാവാണ് സംഭവത്തിന് പിന്നിലെന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നുതന്നെ വ്യക്തമായിരുന്നു. തുടര്‍ന്ന് മാനന്തവാടി സി.ഐ.എം.എം അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കവര്‍ച്ചയുടെ പ്രൊഫഷണല്‍ രീതി മനസിലാക്കി നടത്തിയ അന്വേഷണത്തിലാണ് സജിത്താണ് പിന്നിലെന്ന് വ്യക്തമായത്. സംസ്ഥാനത്തെ ഏറ്റവും പ്രൊഫഷണലായി മാല പൊട്ടിച്ച് കടന്നുകളയുന്ന ആളാണ് സജിത്ത്. ഇതാണ് പൊലീസിന് തുമ്ബായത്. തുടര്‍ന്ന് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ദൃശ്യങ്ങള്‍ എത്തിച്ചു. പിന്നീട് സജിത്തിനായി പൊലീസ് വല വിരിച്ചു. വയനാട്ടില്‍ നിന്നും കടന്നു കളയാന്‍ സാധ്യതയുള്ള വഴികളില്‍ എല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് വയനാട്ടില്‍ നിന്നും ഒരു യുവതിയുമായി ബൈക്കില്‍ സജിത്ത് പുറപ്പെട്ട വിവരം പൊലീസിന് ലഭിക്കുന്നത്. വയനാട് ചുരത്തില്‍ വച്ച് പിടികൂടുകയായിരുന്നു പൊലീസിന്റെ ആദ്യ നീക്കം. എന്നാല്‍ സജിത്ത് ബൈക്കുമായി അമിതവേഗതയില്‍ മുന്നോട്ടു നീങ്ങുകയായിരുന്നു. തുടര്‍ന്ന് താമരശേരിയില്‍ വച്ച് പിടികൂടുകയും ചെയ്തു.
അടുത്തകാലത്ത് വയനാട്ടില്‍ പൊലീസ് പിടികൂടുന്ന പ്രധാനപ്പെട്ടമോഷ്ടാക്കളില്‍ ഒരാളാണ് സജിത്ത്. സാധാരണ പൊലീസിന് സംശയം തോന്നിയെന്ന് മനസിലാക്കിയാല്‍ ഉടന്‍തന്നെ സ്ഥലം വിടുകയാണ് സജിത്തിനെ രീതി. പൊലീസിനെ പിടികൊടുക്കാതെ തന്റെ താവളത്തിലേക്ക് എത്തുകയായിരുന്നു സജിത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് മാലമോഷണം കേസുകളിലെ പ്രതിയാണ് ഇദ്ദേഹം. അന്വേഷണത്തിന് മാനന്തവാടി ഡി.വൈ.എസ്.പി പി.എല്‍ ഷൈജു, മാനന്തവാടി ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍കരീം, എസ്.ഐ മാരായ കെ.കെ സോബിന്‍, എം നൗഷാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി.ആര്‍ ദിലീപ് കുമാര്‍, ജാസിം ഫൈസല്‍, വി.കെ രഞ്ജിത്ത്, എന്‍.ജെ ദീപു, ജെറിന്‍ കെ.ജോണി, പ്രവീണ്‍, ബൈജു തുടങ്ങിയവര്‍നേതൃത്വം നല്‍കി.