Click to learn more 👇

'വന്നപാടെ ഷെയ്‌നിന്റെ ഉമ്മ ആരാണ് പരാതി കൊടുത്തതെന്ന് പറഞ്ഞ് വലിയ ബഹളമായിരുന്നു, വിലക്ക് ഗതികെട്ടിട്ട്'; എം രഞ്ജിത്


 ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നീ നടന്മാരുമായി സഹകരിക്കില്ലെന്ന് അമ്മ, ഫെഫ്‌ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ യോഗത്തില്‍ തീരുമാനിച്ചതില്‍ കൂടുതല്‍ പ്രതികരണവുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ എം രഞ്ജിത്.

ആ‌ര്‍ ഡി എക്‌സ് എന്ന സിനിമാ ലൊക്കേഷനിലുണ്ടായ സംഭവങ്ങള്‍ കാരണങ്ങളില്‍ ഒന്നുമാത്രമാണെന്ന് രഞ്ജിത് പറഞ്ഞു.

2019 സമാനമായ മറ്റൊരു പ്രശ്‌നം നേരിട്ടപ്പോള്‍ അത് പരിഹരിച്ച്‌ മുന്നോട്ടുപോയതാണ്. ഇപ്പോള്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. അമ്മ, ഫെഫ്‌ക എന്നീ സംഘടനകള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടൊപ്പം നില്‍ക്കുന്നത് അതുകൊണ്ടാണ്.

ആര്‍ ഡി എക്‌സ് സിനിമയുടെ ലൊക്കേഷനിന്‍ നിരവധി പ്രശ്നങ്ങളാണ് ഷെയ്‌ന്‍ ഉണ്ടാക്കിയത്. ഒരു വലിയ സീക്വന്‍സ് ഷൂട്ട് ചെയ്യാനിരിക്കെ തന്റെ ഡേറ്റ് ഈ ദിവസം തീരുകയാണെന്നും 25 ലക്ഷം രൂപ കൂടി തന്നില്ലെങ്കില്‍ അഭിനയിക്കില്ലെന്നും ഷെയ്‌ന്‍ പറഞ്ഞു. സംഘടന ഇടപെട്ടാണ് അത് പരിഹരിച്ച്‌ ഷൂട്ട് തീ‌ര്‍ത്തത്. ഗന്ത്യന്തരമില്ലാതെ നിര്‍മാതാവ് പത്ത് ലക്ഷം രൂപ കൊടുക്കാമെന്നുപോലും സമ്മതിച്ചു. എന്നിട്ടും പിന്നെയും പല ഡിമാന്റുകളും ഷെയ്‌ന്‍ മുന്നോട്ടുവച്ചു.

കൊറോണ പേപ്പഴ്‌സ് എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ ചെയ്യില്ലെന്ന് പറഞ്ഞു. സംഘടന ഇടപെട്ടാണ് അതും പരിഹരിച്ചത്. അതിനിടെ ആ‌ര്‍ ഡി എക്‌സില്‍ അഭിനയിച്ചയത്രയും സീന്‍ എഡിറ്റ് ചെയ്ത് കാണണമെന്ന് പറഞ്ഞു. ഒടുവില്‍ ഗതികെട്ട് സോഫിയാ പോള്‍ ഷെയ്‌നിന്റെ ആവഷ്യങ്ങള്‍ തങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ഷെയ്‌ന്‍ ലോക്കേഷനില്‍ വന്നില്ല. ഇക്കാര്യം നിര്‍മാതാവ് തന്നെ വിളിച്ചറിയിച്ചപ്പോള്‍ താന്‍ ഇത് ഇടവേള ബാബുവിനെ അറിയിച്ചു. തുടര്‍ന്ന് ഷെയ്‌നും അമ്മയും ലൊക്കേഷനില്‍ എത്തി.

വന്നപാടെ ആരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കിയതെന്ന് പറഞ്ഞ് ഷെയ്‌നിന്റെ അമ്മ ബഹളം വച്ചു. തുടര്‍ന്ന് എഡിറ്റിംഗ് കാണണമെന്നും ആവശ്യപ്പെട്ടു. ഇതറിഞ്ഞ് ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ സ്ഥലത്തെത്തി സംസാരിച്ചു. എഡിറ്റിംഗ് കാണിക്കാനാകില്ലെന്ന് ഉണ്ണികൃഷ്ണന്‍ ശക്തമായ നിലപാടെടുത്തതോടെയാണ് കാര്യങ്ങള്‍ തല്‍ക്കാലത്തേയ്ക്ക് ശാന്തമായതും ഷൂട്ടിംഗ് തുടര്‍ന്നതും. പിന്നീടാണ് സോഫിയ പോള്‍ വിശദമായ പരാതി നല്‍കിയത്. ബാന്‍, വിലക്ക് എന്നൊന്നും ഞങ്ങള്‍ പറയില്ല. എന്നാല്‍ അവരെവച്ച്‌ സിനിമാ ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ടല്ലോ.

ശ്രീനാഥ് ഭാസിയുടെ പ്രശ്‌നം പരിഹരിച്ചതാണ്. വീണ്ടും കുഴപ്പങ്ങളുണ്ടാക്കുകയാണ്. സകല നിര്‍‌മാതാക്കള്‍ക്കും ഡേറ്റ് നല്‍കി എല്ലാവരെയും കുഴപ്പത്തിലാക്കുന്നു. ആര്‍ക്കൊക്കെയാണ് കരാ‌ര്‍ ഒപ്പിട്ടുനല്‍കുന്നതെന്ന് അദ്ദേഹത്തിനുപോലും അറിയില്ല. പൊതുസ്ഥലങ്ങളിലും അഭിമുഖങ്ങളിലുമൊക്കെ എത്രയോ നടന്മാരെ നിങ്ങള്‍ നോര്‍മല്‍ അല്ലാതെ കാണുന്നില്ലേ? അവരൊക്കെ ഇതുപോലെ തന്നെയാണ് ലൊക്കേഷനിലും പെരുമാറുന്നത്. സംഘടനാപരമായി പരാതി കിട്ടിയാല്‍ നടപടിയെടുക്കും. ഗതികെട്ടാല്‍ വേറെന്താണ് വഴി. ഇതില്‍ തിയേറ്റര്‍ സംഘടനയുടെ പിന്തുണയുണ്ടെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എം രഞ്ജിത് വ്യക്തമാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.