Click to learn more 👇

501 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏഴ് മണിക്കൂര്‍; വന്ദേഭാരത് ട്രെയിനിന്റെ പ്രത്യേകതകള്‍


‌തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് ട്രെയിന്‍ ദക്ഷിണ റെയില്‍വേയ്ക്ക് കൈമാറിയിരിക്കുകയാണ്. തിരുവനന്തപുരത്തെത്തുന്ന വന്ദേഭാരതിന് 16 ബോഗികളാണുളളത്.

തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലേക്കാണ് സര്‍വീസ് പരിഗണിക്കുന്നത്. ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്‌ഓഫ്‌ ചെയ്തേക്കും. തിരുവനന്തപുരം - ഷൊര്‍ണൂര്‍ പാതയിലൂടെ ഈ മാസം 22ന് പരീക്ഷണയോട്ടം ആരംഭിക്കും. രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയില്‍വേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്നത്. 

ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകള്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിന്‍ സെറ്റുകളാണ്. 52 സെക്കന്‍ഡുകള്‍ കൊണ്ടു 100 കിമീ വേഗം കൈവരിക്കാന്‍ വന്ദേഭാരതിന് സാധിക്കും.

പൂര്‍ണമായും ശീതീകരിച്ച ട്രെയിനും മുന്നിലും പിറകിലും ഡ്രൈവര്‍ ക്യാബുള്ളതിനാല്‍ ദിശ മാറ്റാന്‍ സമയനഷ്ടമുണ്ടാകില്ല എന്നതൊക്കെയാണ് വന്ദേഭാരതിന്റെ പ്രത്യേകത. എല്‍ഇഡി ലൈറ്റിങ്, ഓട്ടോമാറ്റിക് ഡോറുകള്‍, എക്സിക്യൂട്ടീവ് ക്ലാസില്‍ റിവോള്‍വിങ് ചെയറുകള്‍ ഉള്‍പ്പെടെ മികച്ച സീറ്റുകള്‍, ജിപിഎസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വിമാന മാതൃകയില്‍ ബയോ വാക്വം ശുചിമുറികള്‍ എന്നിവയുള്‍പ്പെട്ടതാണ് വന്ദേഭാരത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ കഴിയുന്നതാണ് വന്ദേഭാരത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തില്‍ പോകാനാവില്ലെന്നാണ് വിലയിരുത്തല്‍.

കേരളത്തില്‍ വന്ദേഭാരത് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ഏഴ് - ഏഴര മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കും. 501 കിലോമീറ്റര്‍ ഏഴ് - ഏഴര മണിക്കൂര്‍ കൊണ്ട് പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകളാണ് ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനു കൈമാറിയിരിക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് മുമ്ബ് തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടില്ലെങ്കില്‍ വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടേണ്ടി വരും.

അതിനാല്‍ വന്ദേഭാരത് അതിരാവിലെ പുറപ്പെട്ട് രാത്രിയോടു കൂടി തലസ്ഥാനത്തെത്തുന്ന രീതിയില്‍ ഓടിക്കേണ്ടതായി വരുമെന്നാണ് വിവരം. മുമ്ബ് എട്ട് കോച്ചുകളാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത് 16 കോച്ചുകളുളള ട്രെയിനാണ്.

കേരളത്തില്‍ സര്‍വീസ് നടത്താനായി ചെന്നൈയില്‍ നിന്നെത്തിയ വന്ദേഭാരത് ട്രെയിനിന് പാലക്കാട് ജംഗ്ഷനില്‍ വലിയ സ്വീകരണമാണ് നല്‍കിയത്. രാത്രിയോടെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും. 22നാകും തിരുവനന്തപുരത്ത് നിന്നും ട്രയല്‍ റണ്‍ ആരംഭിക്കുക. ഉദ്ഘാടന സര്‍വീസിന് മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോടും തിരുവനന്തപുരത്തും ക്രമീകരണങ്ങള്‍ വിലയിരുത്തും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.