Click to learn more 👇

രണ്ടര വയസുകാരി സഹറയ്‌ക്കൊപ്പം കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നോമ്ബുതുറയ്‌ക്ക്; പിന്നീട് കേട്ടത് മരണവാർത്ത; കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌‌പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.


കോഴിക്കോട്: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്‌സ്‌‌പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹറ എന്നിവരാണ് മരിച്ചത്.

രണ്ടര വയസുകാരി സഹറയ്‌ക്കൊപ്പം കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നോമ്ബുതുറയ്‌ക്ക് പോയതായിരുന്നു റഹ്മത്തെന്ന് ബന്ധു പ്രതികരിച്ചു. മട്ടന്നൂരിലേക്ക് മടങ്ങിവരുമ്ബോഴാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇരുവരുടെയും മരണവിവരമറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് അപകടത്തെക്കുറിച്ച്‌ വിളിച്ചുപറഞ്ഞത്. ഉടന്‍ തന്നെ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഇവിടെയെത്തിയപ്പോഴാണ് മരണവിവരമറിയുന്നതെന്ന് ബന്ധു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ഏലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ അക്രമിക്കായി തെരച്ചില്‍ ഊര്‍ജിതം. ചുവന്ന ഷര്‍ട്ട് ഇട്ട് തൊപ്പിവച്ച ആളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു

ഇയാള്‍ മറ്റൊരാളുടെ ബൈക്കിന് പിന്നില്‍ കയറി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബൈക്ക് കൈ കാണിക്കാതെ തന്നെ നിര്‍ത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ലിഫ്‌റ്റ് കൊടുത്തയാളെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അക്രമിയുടേതാണെന്ന് സംശയിക്കുന്ന ബാഗ് ഏലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടക വസ്‌തുക്കള്‍ ബാഗിലുണ്ടോയെന്ന് സംശയമുള്ള സാഹചര്യത്തില്‍ ബോംബ് സ്‌ക്വാഡ‌് പരിശോധന നടത്തും. ഫോറന്‍സിക് സംഘവും പരിശോധിക്കും.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആസൂത്രിത ആക്രമണമാണെന്നാണ് നിഗമനം. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഉള്‍പ്പടെ വിവരശേഖരണം തുടങ്ങി. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.