മുംബയ്: മഹാരാഷ്‌ട്രയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പൊതുപരിപാടിയില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട എന്‍സിപി നേതാവും മഹാരാഷ്‌ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത്ത് പവാര്‍ ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ദുരന്തമാണെന്നും വിമര്‍ശിച്ചു.
ഞായറാഴ്‌ച മഹാരാഷ്‌ട്രാ ഭൂഷണ്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കവെയാണ് 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ചൂടേറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി 50 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നവി മുംബയില്‍ ചടങ്ങ് നടന്ന സ്ഥലത്ത് 38 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
#WATCH| Navi Mumbai: Uddhav Thackeray, Aditya Thackeray & NCP leader Ajit Pawar interact with Doctor in MGM Kamothe Hospital, take stock of the situation
11 people died & more than 20 are undergoing treatment after they suffered heatstroke during Maharashtra Bhushan Award… pic.twitter.com/0nNGvGlFXW
രാവിലെ 11.30 മുതല്‍ ഉച്ചയ്‌ക്ക് ഒരുമണിവരെയായിരുന്നു പരിപാടി. സര്‍ക്കാരിന് പരിപാടിയുടെ ആസൂത്രണത്തില്‍ പാളിച്ചയുണ്ടായെന്ന് മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കുറ്റപ്പെടുത്തി.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നല്‍കുമെന്നും സംഭവം ദു:ഖകരമാണെന്നും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അറിയിച്ചു. രാജ്യത്ത് വേനല്‍ കടുത്തതോടെ പലയിടത്തും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
കേരളത്തിലും ചിലയിടങ്ങളില്‍ 40 ഡിഗ്രിയ്‌ക്ക് മുകളില്‍ താപനില രേഖപ്പെടുത്തി. 11 മണി മുതല്‍ 3 മണിവരെ സൂര്യപ്രകാശം നേരിട്ട് അനുഭവിക്കുന്ന തരത്തില്‍ പുറത്തിറങ്ങരുതെന്നും പുറം ജോലികള്‍ ക്രമീകരിക്കണമെന്നും സംസ്ഥാനത്ത് നിര്‍ദ്ദേശം നിലവിലുണ്ട്.