കവിയൂര്‍ ആഞ്ഞില്‍ത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചീനി കൃഷി ചെയ്യുന്ന പറമ്ബില്‍ നിന്ന് കരച്ചില്‍ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി കുഞ്ഞിനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രസവിച്ച് മണിക്കൂറുകള്‍ മാത്രമായ കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് അറിയില്ല.
കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടര കിലയോളം തൂക്കമാണ് കുഞ്ഞിനുള്ളത്. മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും തിരുവല്ല ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുഞ്ഞിന് ജനിച്ചുകഴിഞ്ഞ് മുലപ്പാല്‍ നല്‍കിയിട്ടുണ്ടെന്നും ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു.
പ്രസവം മറച്ചുവയ്ക്കുന്നതിനായി കുഞ്ഞിനെ ഉപേക്ഷിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ സംരക്ഷണം സി ഡബ്ള്യൂ സി ഏറ്റെടുത്തു. തണലില്‍ നിന്ന് ആയയെും നഴ്‌സിനെയും കുഞ്ഞിനെ പരിചരിക്കുന്നതിനായി സി ഡബ്ള്യൂ സി നിയോഗിച്ചു.