Click to learn more 👇

രഹസ്യബന്ധം തുടരാനാകില്ല; ജിംനേഷ്യം പരിശീലകനെ കത്തിച്ചുകൊന്നത് ഉറ്റസുഹൃത്ത്, ഭാര്യയുടെ കാമുകന്‍


 ഹൈദരാബാദ്: ജിംനേഷ്യം പരിശീലകനെ ഫ്ളാറ്റില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്.

ഹൈദരാബാദ് ജഗത്ഗിരിഗുട്ടയിലെ ടി.ജയകൃഷ്ണ(32)യുടെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ ജയകൃഷ്ണയുടെ ഭാര്യ ദുര്‍ഗ ഭവാനി(26) കാമുകന്‍ ചിന്നി എന്ന ചിന്ന(23) എന്നിവരെ അറസ്റ്റ് ചെയ്തു. ദുര്‍ഗയും ചിന്നയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ഇരുവരും തയ്യാറാക്കിയ പദ്ധതിയനുസരിച്ച്‌ ചിന്നയാണ് ജയകൃഷ്ണയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ചന്ദ്രനഗര്‍ സ്വദേശിയായ ചിന്ന കൊല്ലപ്പെട്ട ജയകൃഷ്ണയുടെ ഉറ്റസുഹൃത്തും ജിംനേഷ്യം പരിശീലകനുമാണ്. 

മേയ് പത്താം തീയതിയാണ് ജഗത്ഗിരിഗുട്ടയില്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ ജയകൃഷ്ണയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജിംനേഷ്യം പരിശീലകനായ ജയകൃഷ്ണ സ്വയം തീകൊളുത്തി മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഫ്ളാറ്റിലാകെ തീപടര്‍ന്ന നിലയിലായിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയല്ലെന്നും ജയകൃഷ്ണയെ തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തിയത്. 

ആന്ധ്രപ്രദേശിലെ കൃഷ്ണ സ്വദേശിയായ ജയകൃഷ്ണ ഏറെനാളായി ജഗത്ഗിരിഗുട്ടയിലെ ഫ്ളാറ്റിലായിരുന്നു താമസം. അടുത്തിടെ കുടുംബത്തോടൊപ്പം നാട്ടിലേക്ക് താമസം മാറാന്‍ ജിംനേഷ്യം പരിശീലകനായ ജയകൃഷ്ണ തീരുമാനിച്ചു. ഫ്ളാറ്റ് ഒഴിഞ്ഞുകൊടുക്കുന്നതിനായി അച്ഛനെയും കൂട്ടിയാണ് ജയകൃഷ്ണ സംഭവദിവസം ജഗത്ഗിരിഗുട്ടയിലെത്തിയത്. തുടര്‍ന്ന് സുഹൃത്തായ ചിന്നയെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി. അച്ഛനെ ബന്ധുവീട്ടില്‍ കൊണ്ടുപോകാനാണ് ചിന്നയുടെ സഹായം തേടിയത്. ഇതിനുശേഷം ജയകൃഷ്ണയും ചിന്നയും ഫ്ളാറ്റിലിരുന്ന് മദ്യപിച്ചു. മൂന്നുമണിക്കൂറിനിടെ ആറുകുപ്പി ബിയറാണ് ജയകൃഷ്ണയെ കൊണ്ട് സുഹൃത്ത് കുടിപ്പിച്ചത്.

മദ്യലഹരിയില്‍ ജയകൃഷ്ണ ഉറങ്ങിയതിന് പിന്നാലെ പ്രതിയായ ചിന്ന നേരത്തെ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. 

ജയകൃഷ്ണയുടെ ഭാര്യ ദുര്‍ഗയും ചിന്നയും തമ്മില്‍ 2018 മുതല്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവദിവസം ദുര്‍ഗ ഭവാനി കൃഷ്ണയിലെ വീട്ടിലായിരുന്നു. ജയകൃഷ്ണ ജഗത്ഗിരിഗുട്ടയില്‍നിന്ന് താമസം മാറ്റാന്‍ തീരുമാനിച്ചതാണ് ഇരുവരെയും കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ജയകൃഷ്ണ താമസം മാറ്റിയാല്‍ തങ്ങളുടെ രഹസ്യബന്ധം തുടരനാകില്ലെന്ന് പ്രതികള്‍ കരുതി. തുടര്‍ന്നാണ് ജയകൃഷ്ണയെ വകവരുത്താന്‍ ഭാര്യയും കാമുകനും തീരുമാനിച്ചത്. സംഭവദിവസം ജയകൃഷ്ണ നഗരത്തിലേക്ക് വരുന്ന വിവരം ഭാര്യ കാമുകനെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജയകൃഷ്ണ ചിന്നയെ സഹായത്തിനായി വിളിച്ചുവരുത്തിയതെന്നും പോലീസ് പറഞ്ഞു. 

അതേസമയം, പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു ചിന്നയുടെ മറുപടി. സംഭവദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ചതായി ഇയാള്‍ സമ്മതിച്ചിരുന്നു. ഇതിനുശേഷം താന്‍ ഫ്ളാറ്റില്‍നിന്ന് മടങ്ങിയതായും ജയകൃഷ്ണയ്ക്ക് സാമ്ബത്തിക ബാധ്യതകളുണ്ടായിരുന്നതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു. സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതി ഇത്തരം മൊഴികള്‍ നല്‍കി പോലീസിനെ കബളിപ്പിക്കാന്‍ശ്രമിച്ചത്. എന്നാല്‍ ഫ്ളാറ്റിന്റെ സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ കേസില്‍ വഴിത്തിരിവുണ്ടായി. 

പ്രതിയായ ചിന്ന സംഭവത്തിന് തൊട്ടുമുന്‍പ് തീപ്പെട്ടി വാങ്ങുന്നതിന്റെയും പെട്രോള്‍ പമ്ബില്‍നിന്ന് ഇന്ധനം നിറയ്ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പമ്ബ് ജീവനക്കാരോട് പെട്രോള്‍ കുപ്പിയില്‍ നല്‍കാനാണ് പ്രതി ആദ്യം ആവശ്യപ്പെട്ടത്. ജീവനക്കാര്‍ ഇതിന് വിസമ്മതിച്ചതോടെ ബൈക്കില്‍ പെട്രോള്‍ നിറച്ചു. തുടര്‍ന്ന് ജയകൃഷ്ണയുടെ ഫ്ളാറ്റിന് സമീപംവെച്ച്‌ ബൈക്കില്‍നിന്ന് പെട്രോള്‍ മറ്റൊരു കുപ്പിയിലേക്ക് മാറ്റുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞതും നിര്‍ണായകമായി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.