പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അയിരൂര്‍ പോലീസ് സ്റ്റേഷനിലെ മുൻ സിഐയെ പിരിച്ചുവിട്ടേക്കും.
കേസില്‍ പ്രതിയായ തിരുവനന്തപുരം അയിരൂര്‍ മുൻ സിഐ ജയസിനിലിന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാതിരിക്കാൻ കാരണം ബോധിക്കാൻ ആവശ്യപ്പെട്ട് ഡിജിപി നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
കേസില്‍ നിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് സിഐ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് 27 കാരന്റെ പരാതി.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. അയിരൂര്‍ പോലീസ് സ്റ്റേഷൻ എസ്‌എച്ച് ഒ ആയിരുന്നു ജയസനില്‍. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 17 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജയ സിനിലിനെതിരെ പരാതി നല്‍കിയത്. പെണ്‍കുട്ടി പീഡനത്തിനിരയായ കേസ് ജയ സനിലിന്റെ പക്കലാണ് എത്തിയത്. അന്ന് ഗള്‍ഫിലായിരുന്ന പ്രതിയേ ജയസിനില്‍ നാട്ടില്‍ വിളിച്ചുവരുത്തി.
തുടര്‍ന്ന് പ്രതിയേയും സഹോദരനേയും വിളിച്ചുവരുത്തി കേസില്‍ നിന്ന് ഒഴിവാക്കാമെന്നും എന്നാല്‍ തന്റെ ചില താല്‍പര്യങ്ങള്‍ പരിഗണിക്കണം എന്നും സിഐ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ സിഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ച് വരുത്തുകയും അവിടെവെച്ച് പീഡനം നടത്തിയെന്നുമാണ് ആരോപണം. ക്വാര്‍ട്ടേഴ്സില്‍ നിന്ന് സഹോദരനെ വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. ഇത് കൂടാതെ കേസ് ഒഴിവാക്കുന്നതിനായി 50,000 രൂപ ജയസനില്‍ പ്രതിയില്‍ നിന്ന് തട്ടിയെന്നും എഫ്‌ഐആറിലുണ്ട്.
എന്നാല്‍ വാക്ക് നല്‍കിയ പോലെ സിഐ പോക്സോ കേസ് പിൻവലിച്ചില്ല. പകരം യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത് ജയിലലടച്ചു. മൂന്നാമത്തെ ദിവസം പോക്സോ കേസില്‍ ചാര്‍ജ് ഷീറ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ പോക്സോ കേസ് പ്രതി പീഡനത്തിന് ഇരയായ വിവരം തന്റെ ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. പിന്നീട് ഇയാളുടെ ജാമ്യം പരിഗണിക്കുന്നതിനിടയില്‍ കോടതിയിലും ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയ തിങ്കളാഴ്ച ഇയാള്‍ അയിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സിഐക്കെതിരെ മുമ്ബും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം. എന്നാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് അതില്‍ നിന്നെല്ലാം രക്ഷപ്പെടുകയായിരുന്നു.
2010 മുതല്‍ ജയസനില്‍ വിവിധ കേസുകളില്‍ ആരോപണ വിധേയനും വകുപ്പുതല നടപടികള്‍ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോട്ടിസില്‍ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷില്‍നിന്ന് കൈക്കൂലി വാങ്ങിയതും റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ വ്യാജക്കേസ് റജിസ്റ്റര്‍ ചെയ്തതും അടക്കം വകുപ്പുതല നടപടികള്‍ നേരിട്ട 5 കേസുകളുടെ കാര്യം നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.