Click to learn more 👇

എ ഐ ക്യാമറാ വിവാദം: പ്രസാഡിയോ കമ്ബനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിനും ബന്ധമെന്ന് രേഖകള്‍


 കോഴിക്കോട്: എ ഐ ക്യാമറാ വിവാദത്തില്‍ ഉള്‍പ്പെട്ട കമ്ബനി പ്രസാഡിയോയ്ക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവുമായി ഇടപാടുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്.

കമ്പനി രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, ആരോപണങ്ങളോട് പ്രസാഡിയോ കമ്ബനി പ്രതികരിച്ചില്ല.

പ്രസാഡിയോ കമ്ബനിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും പ്രകാശ് ബാബു വഹിക്കുന്നില്ല. എന്നാല്‍ 2020ല്‍ കമ്ബനി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ പ്രകാശ് ബാബുവുമായി ഇടപാടുകളുണ്ടായിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇടപാടുകള്‍ നടത്തിയ ശേഷം കമ്ബനി പണം നല്‍കാനുള്ളവരുടെ പട്ടികയിലാണ് പ്രകാശ് ബാബുവിന്റെ പേര് ഉള്‍പ്പെട്ടിരിക്കുന്നത്. പ്രകാശ് ബാബുവിന്റെ എറണാകുളത്തെ ഗസ്റ്റ്ഹൗസ് ഉപയോഗിച്ച വകയില്‍ നല്‍കേണ്ട വാടകയും റിപ്പോര്‍ട്ടിലുണ്ട്.

പ്രകാശ് ബാബു അയ്യത്താന്‍ എന്നാണ് കമ്ബനി ഇടപാടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോള്‍ താമസം. പ്രസാഡിയോയുടെ കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടും പുതിയറയിലാണ്. 2018 ല്‍ ആരംഭിച്ച കമ്ബനി കോഴിക്കോട് മലാപ്പറമ്ബിലെ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.


പ്രകാശ് ബാബുവിന് പങ്കാളിത്തമുള്ള കമ്ബനിയാണെന്ന് പറഞ്ഞാണ് ക്യാമറ പദ്ധതിയില്‍ ചേരാന്‍ പ്രസാഡിയോ എം ഡി രാംജിത് തങ്ങളെ ക്ഷണിച്ചതെന്ന് നേരത്തേ കരാറിന്റെ ഭാഗമായിരുന്ന അല്‍ഹിന്ദ് വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള കമ്ബനിയായതിനാല്‍ ധൈര്യമായി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ചു. അല്‍ഹിന്ദ് പങ്കെടുത്ത യോഗങ്ങളില്‍ പ്രകാശ് ബാബുവും പങ്കെടുത്തിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി.‘ട്രോയ്സ്’ എന്ന കമ്ബനിയില്‍‌നിന്നു വന്‍ വിലയ്ക്ക് ക്യാമറ വാങ്ങാന്‍ പ്രസാഡിയോ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് അല്‍ഹിന്ദ് കരാറില്‍നിന്നു പിന്മാറുകയായിരുന്നു. പിന്മാറുന്നതിനു മുന്‍പ് പ്രകാശ് ബാബുവിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ കമ്ബനിയുമായി ബന്ധമില്ലെന്ന് പ്രകാശ് ബാബു അറിയിച്ചെന്നും അല്‍ഹിന്ദ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി അല്‍ഹിന്ദ് എസ്‌ആര്‍ഐടി മുഖേന കെല്‍ട്രോണിന് കൈമാറിയ 3 കോടി രൂപയില്‍ 2 കോടി രൂപ ഇപ്പോഴും തിരികെ ലഭിച്ചിട്ടില്ല.

എസ്‌ആര്‍ഐടിക്ക് വേണ്ടി സാങ്കേതിക പിന്തുണ വാഗ്ദാനം നല്‍കി കെല്‍ട്രോണിന് കത്തുനല്‍കിയ ട്രോയ്സ് എന്ന കമ്ബനിയുമായും പ്രസാഡിയോയ്ക്ക് ഇടപാടുകളുണ്ട്. എഐ ക്യാമറ വിവാദത്തില്‍ ഉള്‍പ്പെട്ട യുഎല്‍ ടെക്നോളജി, എസ്‌ആര്‍ഐടി പ്രൈവറ്റ് ലിമിറ്റഡ്, അശോക ബില്‍ഡ്കോണ്‍ ലിമിറ്റഡ്, ഇ സെന്‍ട്രിക് തുടങ്ങിയ കമ്ബനികളുമായെല്ലാം പ്രസാഡിയോ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. എസ്‌ആര്‍ഐടിയുമായി ഉപകരാര്‍ ഒപ്പിട്ട മറ്റൊരു കമ്ബനിയായ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്റര്‍ കമ്ബനി എംഡിയും പ്രസാഡിയോയുമായി ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും രേഖകളില്‍ വ്യക്തമാണ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.