കർണാടകയില്‍ ഹൃദയാഘാത മരണങ്ങളില്‍ ആശങ്ക. ഹസ്സൻ ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 21 പേർ ഹൃദയാഘാതം വന്ന് മരിച്ചുവെന്നാണ് സർക്കാർ കണക്ക്.
സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സർക്കാർ പുനീത് രാജ്കുമാർ ഹാർട്ട് ജ്യോതി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. എന്നിരുന്നാലും, യുവാക്കളില്‍ ഹൃദയാഘാതം ഉണ്ടാകുന്ന പ്രവണതയെക്കുറിച്ച് സമഗ്രമായ ഗവേഷണം ആവശ്യമാണ്. ചെറുപ്പക്കാർക്കിടയിലുള്ള കേസുകളുടെ പെട്ടെന്നുള്ള വർദ്ധന, നിലവിലുള്ള പ്രതിരോധ നടപടികള്‍ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്നത്. പുകവലി, മദ്യപാനം, ചവയ്ക്കുന്ന പുകയില (ഗുട്ട്ക), സമ്മർദ്ദം, പൊണ്ണത്തടി, ജനിതക മുൻകരുതല്‍ തുടങ്ങിയ ജീവിതശൈലി ഘടകങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഹസ്സനിലെ മരണങ്ങള്‍ ഏത് വിഭാഗത്തില്‍പെടുമെന്ന് തീർച്ചയായിട്ടില്ല.
ജൂണ്‍ 30-ന് നാല് പേരാണ് മരിച്ചത്. ഇതോടെ 40 ദിവസത്തിനുള്ളില്‍ മരണസംഖ്യ 22 ആയി. ഇരകളില്‍ ഭൂരിഭാഗവും ചെറുപ്പക്കാരോ മധ്യവയസ്കരോ ആണ്. 22 മരണങ്ങളില്‍ അഞ്ചെണ്ണം 19-നും 25-നും ഇടയില്‍ പ്രായമുള്ളവരും എട്ടെണ്ണം 25-നും 45-നും ഇടയില്‍ പ്രായമുള്ളവരുമാണ്. ബാക്കി വരുന്നവർ 60 വയസ്സിനു മുകളിലുള്ളവരാണ്. അതേസമയം, മരിച്ചവർക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച വിവരം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്ന് ജില്ലാ ആരോഗ്യ ഓഫീസർ ഡോ. അനില്‍ കുമാർ പറഞ്ഞു.
ഹൃദയാഘാത കേസുകള്‍ വർധിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.വർധിച്ചുവരുന്ന ഹൃദയാഘാതങ്ങളെക്കുറിച്ച് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധ്യക്ഷതയില്‍ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഹസ്സനില് 507 ഹൃദയാഘാത കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജില്ലാ ആരോഗ്യ, കുടുംബക്ഷേമ വകുപ്പില്‍നിന്നുള്ള കണക്കുകള്‍. ഇതില്‍ 190 എണ്ണം മാരകമായിരുന്നു. ഈ പ്രദേശത്ത് കുറച്ചുനാളുകളായി ആശങ്കയുണ്ടെങ്കിലും പ്രായംകുറഞ്ഞവരുടെ മരണങ്ങള്‍ ഏറെ റിപ്പോർട്ട് ചെയ്തതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.