Click to learn more 👇

സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനിരയായ കര്‍ഷകന്റെ ആത്മഹത്യ; ബാങ്ക് മുന്‍ പ്രസിഡന്റ് കസ്റ്റഡിയില്‍, പിടിയിലായത് കെ പി സി സി ജനറല്‍ സെക്രട്ടറി


 കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനിരയായ കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് മുൻ പ്രസിഡന്റ് കസ്റ്റഡിയില്‍.

പുല്‍പ്പള്ളി സ്വദേശിയും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ കെ കെ എബ്രഹാമിനെയാണ് പുലര്‍ച്ചെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

ബാങ്ക് മുൻ സെക്രട്ടറി രമാ ദേവിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. എബ്രഹാമിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാങ്ക് തട്ടിപ്പിനിരയായ കേളക്കവല ചെമ്ബകമൂല കിഴക്കേ ഇടയിളത്ത് രാജേന്ദ്രൻ നായരെ (60) കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാജേന്ദ്രൻ നായര്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പ എടുത്തതായും നിലവില്‍ പലിശ സഹിതം ഏകദേശം 40 ലക്ഷത്തോളം രൂപ കുടിശ്ശികയുണ്ടെന്നും പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ട്. എന്നാല്‍ 73000 രൂപ മാത്രമാണ് ഇദ്ദേഹം വായ്പയെടുത്തതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ലക്ഷക്കണക്കിന് രൂപ ഈ ഭൂമിയുടെ രേഖ വച്ച്‌ ബിനാമി സംഘം തട്ടിയെടുത്തെന്നും ബന്ധുക്കള്‍ ആരോപിച്ചു.

2016-17 കാലയളവിലാണ് പുല്‍പ്പളളി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്തത്.താനറിയാതെ അന്നത്തെ ഭരണസമിതിയിലെ ചിലര്‍ ചേര്‍ന്ന് പണം തട്ടിയെടുത്തെന്ന് ചൂണ്ടിക്കാണിച്ച്‌ രാജേന്ദ്രൻ നായര്‍ അധികൃതര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. എബ്രഹാം പ്രസിഡന്റായിരുന്ന സമയത്താണ് എട്ടരക്കോടി രൂപയുടെ വായ്പാ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. കേസിപ്പോള്‍ ഹൈക്കോടതിയിലാണ്.

അതേസമയം, രാജേന്ദ്രൻ നായരുടെ പേരില്‍ കാല്‍കോടി വായ്പയെടുത്തത് തന്റെ വ്യാജ ഒപ്പിട്ടാണെന്ന് മുൻ ഭരണസമിതി വൈസ് പ്രസിഡന്റ് ടി എസ് കുര്യൻ ആരോപിച്ചു. അന്നത്തെ ഭരണസമിതി പ്രസിഡന്റും സഹായിയും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്നും കുര്യൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.