തിരുവനന്തപുരം: അകാരണമായി പിഴ ഈടാക്കി എന്ന തലസ്ഥാന വാസിയുടെ പരാതിയിന്മേല്‍ ട്രാഫിക് പൊലീസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷന്‍.
നേമം സ്വദേശിയായ അനിലിന്റെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന് പിഴ ഈടാക്കിയ നടപടിയ്ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ട്രാഫിക് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നില്‍കിയിരിക്കുന്ന നിര്‍ദേശം.
ഏപ്രില്‍ നാലിനാണ് അനിലിന് താന്‍ ഗതാഗത നിയമം ലംഘിച്ചതായി ഫോണില്‍ സന്ദേശം ലഭിക്കുന്നത്. പേരൂര്‍ക്കട റോഡിലൂടെ പിന്നിലിരിക്കുന്ന ആളിന് ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ചു എന്നതായിരുന്നു പിഴ ഈടാക്കാന്‍ കാരണം. എന്നാല്‍ അതേ ദിവസം
വാഹനം വീട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു എന്നാണ് പരാതിക്കാരന്‍ അറിയിക്കുന്നത്, വാഹനവുമായി പുറത്ത് സഞ്ചരിച്ചിട്ടില്ല. കൂടാതെ പിഴ അടയ്ക്കാനുള്ള നോട്ടീസിലുള്ളത് നമ്ബര്‍ വ്യക്തമല്ലാത്ത മറ്റൊരു വാഹനമാണെന്നാണ് അനില്‍ അറിയിക്കുന്നത്. തെറ്റായ ചെല്ലാന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അനില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടുണ്ടായത്. വാഹന നമ്ബര്‍ മാറി നിയമലംഘനത്തിനുള്ള ചെല്ലാന്‍ അയക്കുന്ന സംഭവങ്ങള്‍ ഇടയ്ക്കിടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണ് അനിലിന്റെ പരാതിയും പുറത്തുവരുന്നത്.