മലപ്പുറം: താനൂർ അപകടത്തെ തുടർന്ന് ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്.
താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്. ഇയാൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി. മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പൊലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ്, ഇൻലാന്റ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിന് ഉണ്ടെന്നാണ് പൊലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കേരളത്തെ കണ്ണീർ കടലിൽ മുക്കിയ താനൂർ ബോട്ട് ദുരന്തത്തിൽ മരണം 22 ആയി. ആറ് കുഞ്ഞുങ്ങൾക്കും മൂന്ന് സ്ത്രീകൾക്കും അടക്കമാണ് ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായത്. അവധിക്കാലം ആഘോഷിക്കാനെത്തിയ മുപ്പത്തഞ്ചിലേറെ പേരാണ് ദുരന്തത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്നതിലേറെയും സ്ത്രീകളും കുഞ്ഞുങ്ങളുമായിരുന്നു. കൈക്കുഞ്ഞുങ്ങൾ അടക്കം മുങ്ങിത്താഴ്ന്നു. ഏറെ ദുഷ്കരമായിരുന്നു ആദ്യഘട്ട രക്ഷാപ്രവർത്തനം. ചതുപ്പും, വെളിച്ചക്കുറവും വെല്ലുവിളിയായി.
രാത്രി 7നും 7.40നും ഇടയിൽ, മുപ്പത്തഞ്ചിലേറെ വിനോദ സഞ്ചാരികളായ യാത്രക്കാരുമായി തീരം വിട്ട ബോട്ട് മുന്നൂറ് മീറ്ററോളം സഞ്ചരിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ആദ്യം ഒന്നു ചരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മറിയുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
കോസ്റ്റൽ ഗാർഡും നേവിയുമെത്തി തിരച്ചിൽ തുടരും. ഇനിയും മൃതദേഹങ്ങളുണ്ടോ എന്നറിയാനാണ് കോസ്റ്റ് ഗാർഡും നേവിയുമെത്തുന്നത്. മന്ത്രിമാരായ വി അബ്ദുറഹിമാനും പി എ മുഹമ്മദ് റിയാസുമാണ് ഇക്കാര്യം പറഞ്ഞത്. നാല് മന്ത്രിമാരും എംഎൽഎമാരും സ്ഥലത്തെത്തി യോഗം ചേർന്നു. ബോട്ട് മറിഞ്ഞ സ്ഥലത്തെ ചതുപ്പിൽ ഇനിയും മൃതദേഹങ്ങളുണ്ടോ എന്ന കാര്യത്തിലാണ് ആശങ്ക.