Click to learn more 👇

സേനയില്‍ പുതിയ പരിഷ്‌കാരം; അമിതവണ്ണമുള്ള പൊലീസുകാരെ സേനയില്‍ നിന്ന് പുറത്താക്കും

ന്യൂഡല്‍ഹി: അമിതവണ്ണമുള്ള പൊലീസുകാരെ സേനയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം. ആസാം പൊലീസാണ് ഇത്തരം ഒരു നടപടിയ്ക്ക് ഒരുങ്ങുന്നത്.

ഐ പി എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാവരുടെയും ബോഡി മാസ് ഇന്‍ഡക്സ് (ബിഎംഐ) രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കായികക്ഷമമല്ലാത്തവരെ സേനയില്‍ നിന്ന് പുറത്താക്കുന്നതിനായാണ് ഈ നീക്കം. ബി എം ഐ കൃത്യമാക്കുന്നതിനായി മൂന്ന് മാസത്തെ സമയവും ഇവര്‍ക്ക് അനുവദിച്ചിട്ടുണ്ട്.

' ഞങ്ങള്‍ മൂന്ന് മാസത്തെ സമയം ആസാം പൊലീസിനും നല്‍കുമെന്നും ആഗസ്റ്റ് 15ന് ശേഷം അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ പൊലീസിന്റെ ബി എം ഐ വിലയിരുത്താന്‍ ആരംഭിക്കുമെന്നും' ഡി ജി പി ജി പി സിംഗ് ട്വീറ്റ് ചെയ്തു.

ഇതില്‍ പൊണ്ണത്തടിയുള്ള പൊലീസുകാര്‍ക്ക് ഭാരം കുറയ്ക്കാന്‍ മൂന്ന് മാസം സമയം നല്‍കുകയും ചെയ്യും. ഹെെപ്പോതെെറോയിഡിസം പോലുള്ള മെഡിക്കല്‍ കാരണങ്ങളുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കും. ആഗസ്റ്റ് 15ല്‍ താന്‍ ആയിരിക്കും ആദ്യം ബി എം ഐ എടുക്കുകയെന്നും സിംഗ് പറഞ്ഞു. ആസാം പൊലീസില്‍ ഏകദേശം 70,000 ഉദ്യോഗസ്ഥരാണ് ജോലി ചെയ്യുന്നത്.

സ്ഥിരമായി മദ്യപിക്കുന്നവര്‍, പൊണ്ണത്തടിയുള്ളവര്‍ ഇങ്ങനെ ആയ 650 ലധികം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അവരില്‍ നിന്ന് ഡ്യൂട്ടിയ്ക്ക് യോഗ്യരല്ലെന്ന് കണ്ടെത്തുന്നവരോട് വിരമിക്കാന്‍ ആവശ്യപ്പെടുമെന്നും അറിയിച്ചതായി കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് വന്നിരുന്നു. അമിത വണ്ണം, സ്ഥിരമായി മദ്യപിക്കുന്നവര്‍, അഴിമതി ആരോപണം ഉള്ളവര്‍ എന്നിവരെ സേനയില്‍ നിന്ന് മാറ്റുന്നതായി തീരുമാനം എടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്തിടെ നടത്തിയ വെര്‍ച്വല്‍ മീറ്റിംഗില്‍ പറഞ്ഞിരുന്നു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.