രാജ്യത്തെ സ്ത്രീകള്‍ക്കിടയില്‍ സമ്ബാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച സര്‍ക്കാര്‍ സമ്ബാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്കറ്റ്.
കഴിഞ്ഞ കേന്ദ്രബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്‌കീം 2023 ഏപ്രില്‍ 1 മുതലാണ് പ്രാബല്യത്തില്‍ വന്നത്. 2 വര്‍ഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സര്‍ട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.
ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ട് എടുക്കാം
സ്ത്രീകള്‍ക്കോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാക്കള്‍ക്കോ ഒരു മഹിളാ സമ്മാൻ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് തുറക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് വഴി എം എസ് എസ് സി അക്കൗണ്ട് തുറക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. എന്നാല്‍ എം എസ് എസ് സി അക്കൗണ്ടില്‍ നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമായിരിക്കും. ഈ സ്‌കീമിന് കീഴില്‍ ഒരു വ്യക്തിക്ക് ഒന്നിലധികം അക്കൗണ്ട് എടുക്കാവുന്നതാണ് .എന്നാല്‍ മൊത്തം നിക്ഷേപത്തിന്റെ തുക 2 ലക്ഷം രൂപയില്‍ കൂടരുത്.
എം എസ് എസ് സി സ്‌കീമിന് കീഴില്‍ ഒരു അക്കൗണ്ട് ഉടമയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ തുറക്കാൻ കഴിയുമെന്നതിനാല്‍, ഇത് സ്ത്രീകള്‍ക്ക് ദിവസേന ചെറിയ തുകകള്‍ മാറ്റിവയ്ക്കാനും പ്രത്യേക അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും അവസരം നല്‍കുന്നു. എന്നാല്‍ നിലവിലുള്ള അക്കൗണ്ടും മറ്റൊരു അക്കൗണ്ട് തുറക്കുന്നതും തമ്മില്‍ മൂന്ന് മാസത്തെ ഇടവേള ഉണ്ടായിരിക്കണം. അതായത് ഒരു എം എസ് എസ് സി അക്കൗണ്ടും 3 മാസത്തിന് ശേഷം മറ്റൊരു അക്കൗണ്ടും തുറക്കാം.
267 രൂപ മാറ്റിവെച്ചാല്‍ 27845 രൂപ കയ്യിലുണ്ടാകും
നിങ്ങള്‍ പ്രതിദിനം 267 രൂപ മാറ്റിവെച്ചാല്‍, 30 ദിവസത്തിന് ശേഷം നിങ്ങളുടെ പക്കലുള്ള തുക 8010 രൂപയാകും. മൂന്ന് മാസം കഴിയുമ്ബോള്‍ നിങ്ങളുടെ കൈയിലുള്ള ആകെ തുക 24,030 രൂപയാകും. മൂന്ന് മാസത്തിന് ശേഷം നിങ്ങള്‍ക്ക് ഒരു പുതിയ എം എസ് എസ് സി അക്കൗണ്ടില്‍ 24000 രൂപ നിക്ഷേപിക്കുകയും ചെയ്യാം. അത് 7.5 ശതമാനം പലിശ നേടുകയും 2 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് അവസാനിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഏകദേശം 27,845 രൂപ ലഭിക്കുകയും ചെയ്യും.
അങ്ങനെ, ഓരോ പാദത്തിലും ഒരു എം എസ് എസ് സി അക്കൗണ്ടില്‍ 24,000 രൂപ നിക്ഷേപിക്കുന്നതിലൂടെ, 2 വര്‍ഷത്തേക്ക് ഓരോ മൂന്ന് മാസ ഇടവേളയ്ക്കും ശേഷം നിങ്ങള്‍ക്ക് ഏകദേശം 27,845 രൂപ ലഭിക്കും, കാരണം ഓരോ അക്കൗണ്ടും മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കാലാവധി പൂര്‍ത്തിയാകും. ഈ സ്‌കീമില്‍ അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ട് തുറന്ന തീയതി മുതല്‍ ഒരു വര്‍ഷത്തിനുശേഷം ബാലൻസിന്റെ 40 ശതമാനം പിൻവലിക്കാൻ സാധിക്കും.