മൈസുരു: കര്‍ണാടകയെ നടുക്കിയ മൈസുരു വാഹനാപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൈസുരുവിലേക്ക് വിനോദയാത്രയ്ക്കെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നോവ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. കാറിനകത്തുണ്ടായിരുന്ന 13 ല്‍ 10 പേരാണ് മരണപ്പെട്ടത്. ബാക്കിയുള്ള മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യ നില സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
നാടിനെ നടുക്കിയ അപകടം; ഇന്നോവ പൂര്‍ണമായും തകര്‍ന്ന്, 10 പേർ തത്ക്ഷണം മരിച്ചു| വീഡിയോ pic.twitter.com/Yq9upVoUYH
— Malayali speaks (@malayalispeaks1) May 30, 2023
കൊല്ലഗല്‍ - ടി നരസിപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനുള്ളില്‍ നിന്ന് ആളുകളെ പുറത്തെടുക്കാൻ നാട്ടുകാരും പൊലീസും ഏറെ ബുദ്ധിമുട്ടി.
അപകടത്തില്‍ ബെല്ലാരിയിലെ സംഗനക്കല്‍ സ്വദേശികളാണ് മരിച്ചത്. നാല് പുരുഷൻമാരും മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ കാര്യത്തില്‍ ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളുമാണ് മരണപ്പെട്ടത്. മൈസുരുവില്‍ വിനോദയാത്രയ്ക്കെത്തിയ സംഘം ചാമുണ്ഡി ഹില്‍സില്‍ പോയി തിരികെ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം ഉണ്ടായത്.