Click to learn more 👇

ഒന്നിക്കാന്‍ അല്‍ഫിയ-അഖില്‍, കൂട്ടായി കോവളം പൊലീസ്; ക്ഷേത്രത്തില്‍ താലികെട്ട് തടഞ്ഞ് കായംകുളം പൊലീസിന്‍റെ ബലപ്രയോഗം; വീഡിയോ പുറത്ത്


 തിരുവനന്തപുരം: പൊലീസ് മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇഷ്ടപെട്ട യുവാവിനൊപ്പം ജീവിതം ആരംഭിക്കാൻ ഇറങ്ങിയ പെണ്‍കുട്ടിയെ ക്ഷേത്രത്തില്‍ വെച്ച്‌ താലി കെട്ടുന്നതിന് തൊട്ടുമുമ്ബ് പൊലീസ് സംഘം ബലം പ്രയോഗിച്ച്‌ പിടിച്ചുകൊണ്ട് പോയെന്ന് പരാതി.

പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പെണ്‍കുട്ടി യുവാവിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബലമായി കാറില്‍ പിടിച്ചു കയറ്റി പൊലീസ് സംഘം കായംകുളത്തേക്ക് കൊണ്ട് പോകുകയായിരുന്നു. കായംകുളം സ്വദേശിനി അല്‍ഫിയയും കോവളം കെ എസ് റോഡ് സ്വദേശി അഖിലും തമ്മില്‍ പ്രണയത്തിലായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അല്‍ഫിയ അഖിലിനൊപ്പം ജീവിക്കാൻ തീരുമാനിച്ച്‌ കോവളത്ത് എത്തി. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ട് അല്‍ഫിയയുടെ വീട്ടുകാരും അഖിലിന്‍റെ വീട്ടുകാരും കോവളം പൊലീസ് സ്റ്റേഷൻ എസ് ഐയുടെയും വാര്‍ഡ് മെമ്ബറുടെയും മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തുകയും തുടര്‍ന്ന് അല്‍ഫിയയുടെ ഇഷ്ടപ്രകാരം അഖിലിനോപ്പം പോകാൻ അനുവദിക്കുകയും ആയിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കോവളം കെ എസ് റോഡിലെ മലവിള പനമൂട്ടില്‍ ശ്രീ മാടൻ തമ്ബൂരാൻ ക്ഷേത്രത്തില്‍ വെച്ച്‌ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചു.

ഇതിന് തൊട്ടു മുൻപ് കായംകുളത്ത് നിന്നുള്ള പൊലീസ് സംഘം ക്ഷേത്രത്തില്‍ എത്തി അല്‍ഫിയയെ ബലമായി പിടിച്ചുകൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് അല്‍ഫിയയെ കോവളം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നാലെ അഖിലും ബന്ധുക്കളും കോവളം പൊലീസ് സ്റ്റേഷനില്‍ എത്തി. ഇവിടെ വെച്ചും അല്‍ഫിയ അഖിലിനൊപ്പം പോകണമെന്ന് പറഞ്ഞെങ്കിലും അസഭ്യം വിളിച്ച്‌, കായംകുളം എസ് ഐയും സംഘവും ബലമായി അല്‍ഫിയയെ കാറില്‍ പിടിച്ചു കയറ്റി കൊണ്ട് പോകുകയായിരുന്നു. കായംകുളം പൊലീസിന്‍റെ ബലപ്രയോഗത്തിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ വെള്ളിയാഴ്ച തന്നെ കോവളം പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിട്ടയച്ച പെണ്‍കുട്ടിയെ കാണാൻ ഇല്ല എന്ന് കാട്ടി ശനിയാഴ്ച രാത്രി 7.30 നാ കായംകുളം പൊലീസ് എഫ് ഐ ആര്‍ ഇട്ടിരിക്കുന്നത്. അതേസമയം മജിസ്ട്രേറ്റിന്‍റെ മുന്നില്‍ ഹാജരാക്കാൻ ആണ് പെണ്‍കുട്ടിയെ കൊണ്ട് പോയതെന്നാണ് കായംകുളം പൊലീസിന്‍റെ വിശദീകരണം.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.