Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


 

◾മണിപ്പൂരില്‍ വംശീയ കലാപത്തിന്റെ അമ്പതാം നാളിലും മൗനം പാലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന കലാപമെന്ന ആരോപണം നിലനില്‍ക്കേയാണീ മൗനം. പ്രധാനമന്ത്രിയുടെ ഇടപെടല്‍ തേടി സ്പീക്കറുടെ നേതൃത്വത്തില്‍ മണിപ്പൂര്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘം ഡല്‍ഹിയില്‍ എത്തി. മോദിയെ കാണാന്‍ നാലു ദിവസമായി കാത്തിരിക്കുന്ന മണിപ്പൂരിലെ പത്തു പ്രതിപക്ഷ കക്ഷി നേതാക്കളെ കാണാന്‍ മോദി തയാറായിട്ടില്ല. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ കലാപകാരികള്‍ കത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

◾കേരളത്തില്‍ രണ്ട് ഐടി പാര്‍ക്കുകള്‍കൂടി സ്ഥാപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ദാുബായിയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം- കൊല്ലം, എറണാകുളം- ആലപ്പുഴ, എറണാകുളം- കൊരട്ടി, കോഴിക്കോട്- കണ്ണൂര്‍ എന്നീ ഐടി ഇടനാഴികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 


◾മോന്‍സണ്‍ മാവുങ്കല്‍ ബാലികയെ പീഡിപ്പിച്ചപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നെന്നു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. താനവിടെയുണ്ടായിരുന്നെന്ന് അതിജീവിതയോ സാക്ഷികളോ പറഞ്ഞിട്ടില്ല. ഇല്ലാത്ത മൊഴി ഗോവിന്ദന് എങ്ങനെ കിട്ടിയെന്ന് വ്യക്തമാക്കണം. സുധാകരന്‍ ആവശ്യപ്പെട്ടു.  


◾വനിതാ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും ഭീഷണി മുഴക്കുകയും ചെയ്ത രോഗിയെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു സംഭവം. പരിക്കേറ്റ നിലയില്‍ വഴിയില്‍ കണ്ട ബിനു എന്ന രോഗിയെ പോലീസാണു ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. അക്രമാസക്തനായതോടെ ആശുപത്രി ജീവനക്കാര്‍ കെട്ടിയിട്ട് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

◾സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളിലേക്കു പ്രവേശനത്തിനുള്ള റാങ്ക് പട്ടിക ഇന്നു പ്രസിദ്ധീകരിക്കും.


◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം കലാപാഹ്വാനമായി കണക്കാക്കി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കു പരാതി. രാഷ്ട്രീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ഗോവിന്ദന്‍ വ്യാജ ആരോപണം ഉന്നയിച്ചത്. പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണു പരാതി നല്‍കിയത്.


◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം പാര്‍ട്ടി പത്രമായ ദേശാഭിമാനിയുടെ വെളിപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പോക്സോ കേസിന്റെ അന്വേഷണഘട്ടത്തില്‍ ഇല്ലാത്ത ആരോപണത്തിനു പിറകില്‍ ഗൂഡാലോചനയുണ്ടെന്നും സതീശന്‍.


◾കെ റയിലില്‍ അപ്പം വിറ്റ പോലെയാകില്ല, പോക്സോ കേസിലെ ഇരയുടെ മൊഴിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വ്യാജപ്രചാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. വ്യാജപ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

◾മോണ്‍സണ്‍ കേസില്‍ കെ സുധാകരനെതിരെ മൊഴി കൊടുത്തതിന്റെ പേരില്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നു പരാതി. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയും മോണ്‍സന്റെ മുന്‍ ഡ്രൈവറുമായ ജയ്സനാണ് മുരളി എന്നയാള്‍ക്കെതിരേ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്തു.


◾കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ ചില മാന്യന്മാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സെക്രട്ടറിയെയല്ല, സിപിഎമ്മിനെയാണ് അവര്‍ ഉന്നംവയ്ക്കുന്നത്. ആ പരിപ്പ് ഇനി വേവില്ല. മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.


◾സിപിഎം ചെര്‍പ്പുളശ്ശേരി ഏരിയ കമ്മിറ്റിയില്‍നിന്ന് ഒമ്പതു പേരെ ഒഴിവാക്കി. കഴിഞ്ഞ സമ്മേളനത്തില്‍ മത്സരിച്ചെത്തിയ 13 ല്‍ ഒമ്പതു പേരെയാണ് ഒഴിവാക്കിയത്. മുന്‍ ഏരിയ സെക്രട്ടറി കെ ബി സുഭാഷ് ഉള്‍പ്പെടെ ഒമ്പതു പേരെ പകരം തിരിച്ചെടുത്തു.

◾കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായി വിജയിച്ച എംഎസ്എഫ് നേതാവ് പഞ്ചായത്തിലെ കരാര്‍ ജീവനക്കാരനാണെന്ന് എസ്എഫ്ഐ. യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്റ്റന്റായ അമീന്‍ റാഷിദാണ് സെനറ്റ് തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയെന്ന പേരില്‍ മത്സരിച്ച് ജയിച്ചത്. സര്‍വകാശാല നിയമ ലംഘനമാണിതെന്ന് എസ്എഫ്ഐ ആരോപിച്ചു.


◾വീടിന്റെ ടെറസില്‍ രണ്ടു ദിവസം തങ്ങിയ യുവാവിനെ വീട്ടുകാര്‍ സാഹസികമായി പിടികൂടി പൊലീസിലേല്‍പ്പിച്ചു. വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറിയിലെ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസില്‍ കയറിക്കൂടിയ തിരുവല്ല സ്വദേശി പ്രശാന്ത് എന്ന യുവാവിനെയണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചത്.


◾തൃശൂരിലെ മദ്യശാലയില്‍ തോക്കു ചൂണ്ടി മദ്യം ആവശ്യപ്പെട്ടതിന് അറസ്റ്റിലായ സംഘത്തില്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയും. സ്വപ്ന  സുരേഷ് ഉള്‍പ്പെട്ട കേസിലെ പതിനാറാം പ്രതിയാണ് കേസില്‍ അറസ്റ്റിലായ കോഴിക്കോട് മീഞ്ചന്ത സ്വദേശിയായ ജീഫ്സല്‍.


◾മുന്‍ മന്ത്രി എം എം മണിയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കഴക്കൂട്ടം സ്വദേശി രതീഷ് (38) നാണ് പരിക്കേറ്റത്. കഴക്കൂട്ടം ദേശീയ പാതയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനം ഇടിക്കുകയായിരുന്നു.

◾കാണിക്ക സമര്‍പ്പിച്ച 11 ഗ്രാം സ്വര്‍ണം അപഹരിച്ച ദേവസ്വം ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. ഏറ്റുമാനൂര്‍ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരന്‍ റെജികുമാര്‍ ആണ് പിടിയിലായത്.


◾ടൈല്‍ പണിക്കാരനായ യുവാവിനെ പെണ്‍കെണിയില്‍ വീഴ്ത്തി പണം തട്ടാന്‍ ശ്രമിച്ച യുവതി ഉള്‍പ്പടെ രണ്ടു പേരെ അറസ്റ്റു ചെയ്തു. തൃപ്പൂണിത്തുറ എം കെ കെ നഗറില്‍ പുതുമന വീട്ടില്‍ മനീഷ (26) സുഹൃത്ത് മട്ടാഞ്ചേരി ഗുജറാത്തി റോഡില്‍ സുനില്‍ (34) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തത്.


◾കുട്ടികളുടെ അശ്ലീല വീഡിയോകള്‍ വിറ്റെന്ന് ആരോപിച്ച് ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലെ മല്ലപ്പുഴശ്ശേരി കാഞ്ഞിരവേലി സ്വദേശി വിഷ്ണു എസ് നായരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവിന്റെ രണ്ടു ഫോണുകളും കസ്റ്റഡിയിലെടുത്തു.

◾വയനാട് കാരാപ്പുഴ അണക്കെട്ടില്‍ കുട്ടവഞ്ചി മറിഞ്ഞ് ഒരാള്‍ മരിച്ചു. നെല്ലാറച്ചാല്‍ നടുവീട്ടില്‍ കോളനിയില്‍ ഗിരീഷാണ് മരിച്ചത്.


◾പത്തനംതിട്ട നഗരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്കു കുത്തേറ്റു. ബാറില്‍ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയവരാണ് ഏറ്റുമുട്ടിയത്. ഒരേ ക്യാംപില്‍  താമസിക്കുന്നവരാണ് ഇവര്‍.


◾ചെങ്ങന്നൂരിലെ മുളക്കുഴയില്‍ പിക്കപ്പ് വാന്‍ ഇടിച്ചു വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. സ്ഥലത്തെത്തിയ പത്തു പേര്‍ക്കു ഷോക്കേറ്റു.


◾മണിപ്പൂരില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും, കേന്ദ്ര ഏജന്‍സികളും അടിയന്തരമായി ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.


◾മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായെ സ്പോര്‍ട്സ് മന്ത്രിയാക്കി മാറ്റണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പേമാരിയും വെള്ളപ്പൊക്കവും. ആസാമിലും സിക്കിമിലും മേഘാലയിലുമാണ് വെള്ളപ്പൊക്കം. ത്രിപുരയില്‍ അഗര്‍ത്തല ഉള്‍പ്പെടെയുള്ള നഗരമേഖല വെളളത്തില്‍ മുങ്ങി. അസമില്‍ ബ്രഹ്‌മപുത്ര നദി കര കവിഞ്ഞു.


◾ഉയര്‍ന്ന ചൂടും നിര്‍ജലീകരണവുംമൂലം ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ മൂന്നു ദിവസത്തിനകം 54 പേര്‍ മരിച്ചു. എന്നാല്‍ ചൂടു കുടിയതിനാലാണ് മരണമെന്നു പറയാനാവില്ലെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗമായ ഡോക്ടര്‍ പറയുന്നത്.


◾അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടെന്ന പഴങ്കഥ ആവര്‍ത്തിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. മണിപ്പൂരിലെ വംശീയ കലാപത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയില്ല. കേരളത്തിലെ അധ്യാപകനായ റാഫി രാംനാഥ് മന്‍ കി ബാത്തില്‍ താരമായി. താമരക്കുളം വി വി എച്ച് എസ് എസി ല്‍ ജീവശാസ്ത്രം അധ്യാപകനായ റാഫി മിയാവാക്കി രീതിയിലുണ്ടാക്കിയ ജൈവവൈവിധ്യ വനത്തെ കുറിച്ചും മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു.

◾ഡല്‍ഹി ജന്തര്‍ മന്ദറില്‍ ഗുസ്തി താരങ്ങള്‍ക്കു പ്രതിഷേധ സമരം നടത്താന്‍ അനുമതി വാങ്ങിത്തന്നതു ബിജെപി നേതാവു കൂടിയായ ഗുസ്തി താരം ബബിത ഫോഗട്ടാണെന്ന സാക്ഷി മാലികിന്റെ വാദം അസംബന്ധമാണെന്ന് ബബിത. അനുമതിക്കത്തില്‍ തന്റെ പേരില്ല. അവര്‍ കോണ്‍ഗ്രസിന്റെ കൈകളിലെ കളിപ്പാവകളായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ വിശ്വാസമുണ്ടെന്നും ബബിത പറഞ്ഞു.


◾ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയതിനു ഡിഎംകെ പാര്‍ട്ടി വക്താവിനെ പുറത്താക്കി. മുന്‍ എംഎല്‍എ ശിവാജി കൃഷ്ണമൂര്‍ത്തിയെ ആണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്.


◾ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് വില്‍പന രംഗത്തേക്കും അദാനി എന്റര്‍പ്രൈസസ്. സ്റ്റാര്‍ക്ക് എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്രെയിന്‍മാന്റെ 100 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള കരാറില്‍ അദാനി ഗ്രൂപ്പ് ഒപ്പുവച്ചു.


◾കള്ള ചെക്ക് കേസില്‍ ബോളിവുഡ് നടി അമീഷ പട്ടേല്‍ റാഞ്ചി സിവില്‍ കോടതിയില്‍ കീഴടങ്ങി. കേസില്‍ കോടതി അമീഷയ്ക്കു ജാമ്യം അനുവദിച്ചു. ജൂണ്‍ 21 ന് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ല്‍ ജാര്‍ഖണ്ഡിലെ ചലച്ചിത്ര നിര്‍മ്മാതാവ് അജയ് കുമാര്‍ സിംഗ് നടിക്കെതിരെ നല്‍കിയ കള്ളചെക്ക് കേസിലാണ് കീഴടങ്ങല്‍.


◾ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 27 ചൊവ്വാഴ്ചയും ബലിപെരുന്നാള്‍ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.


◾ഈ വര്‍ഷം 6500 അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരം. രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 7,500 കോടീശ്വരന്മാരാണ് ഇന്ത്യ വിട്ടത്. എട്ടേകാല്‍ കോടി രൂപയെങ്കിലും ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യം വിടുന്ന അതിസമ്പന്നര്‍ ഓസ്ട്രേലിയ, യുഎഇ, സിംഗപ്പൂര്‍, യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നത്.

◾യുകെയില്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിക്ക് ആറു വര്‍ഷം തടവു ശിക്ഷ. പ്രീത് വികാല്‍ (20) എന്ന വിദ്യാര്‍ത്ഥിയാണ് നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ചു ലക്കുകെട്ട യുവതിയെ ഫ്ളാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചത്. യുവതിയെ പ്രീത് എടുത്തുകൊണ്ട് പോയ ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവായത്.


◾2023 ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സ് കിരീടം ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സഖ്യമായ മലേഷ്യയുടെ ആരോണ്‍ ചിയ-സോ വൂയി ഡിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാത്വിക്-ചിരാഗ് സഖ്യം കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ സൂപ്പര്‍ 1000 ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന ചരിത്രനേട്ടവും ഇരുവരും കരസ്ഥമാക്കി.


◾ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്. ലെബനനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കിയത്. നാല്‍പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍ ലാല്യന്‍സ്വാല ചാങ്തെയുമാണ് ഇന്ത്യക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഇന്ത്യക്കും ലെബനനും പുറമേ മംഗോളിയ, വനൗതു എന്നീ രാജ്യങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.


◾യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കി സ്‌പെയിന്‍. ഫൈനല്‍ പോരാട്ടത്തില്‍ ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ 5- 4 ന് തകര്‍ത്താണ് സ്‌പെയിന്‍ കിരീടം സ്വന്തമാക്കിയത്.


◾ആഭ്യന്തര വ്യോമയാന രംഗത്ത് റെക്കോര്‍ഡ് വിഹിതം നേടി ചരിത്രം തിരുത്തിക്കുറിച്ച് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, സിവില്‍ ഏവിയേഷന്‍ വ്യവസായത്തില്‍ കഴിഞ്ഞ മെയ് മാസം 61.4 ശതമാനം റെക്കോര്‍ഡ് വിപണി വിഹിതമാണ് നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്‍ഡിഗോ 60 ശതമാനത്തിനു മുകളില്‍ വിപണി സ്വന്തമാക്കുന്നത്. 2020 ജൂലൈ മാസത്തിലാണ് ഇതിന് മുന്‍പ് 60.4 ശതമാനം വിപണി വിഹിതം നേടിയത്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കറ്റ് ഷെയറാണ് ഇത്തവണ ഇന്‍ഡിഗോ നേടിയിരിക്കുന്നത്. പ്രമുഖ ബജറ്റ് എയര്‍ലൈനായ ഗോ ഫസ്റ്റ് കഴിഞ്ഞ മാസം മുതല്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതോടെയാണ് വിപണി വിഹിതം കുത്തനെ ഉയര്‍ന്നത്. മെയ് മാസത്തില്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ 90 ശതമാനം കപ്പാസിറ്റി വിനിയോഗിക്കാന്‍ ശ്രമിച്ചിരുന്നു. ഇന്‍ഡിഗോ 91.5 ശതമാനമാണ് മെയ് മാസത്തില്‍ വിനിയോഗിച്ചത്. മെയ് മാസത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 13.2 ദശലക്ഷമാണ്. ആഭ്യന്തര വിമാന ഗതാഗതം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലും, ഏപ്രിലിനെ അപേക്ഷിച്ച് 2 ശതമാനവുമാണ് കൂടുതല്‍.

◾വണ്ടര്‍ വുമണ്‍ സിനിമയിലൂടെ ശ്രദ്ധേയായ നടി ഗാല്‍ ഗാഡോട്ട് സ്പൈ വുമണ്‍ വേഷത്തില്‍ എത്തുന്ന 'ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍' സിനിമയുടെ ട്രെയിലര്‍ ഇറങ്ങി. ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ഹോളിവുഡ് ചിത്രം കൂടിയാണ് ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍. ഗാല്‍ ഗാഡോട്ടിന് പുറമേ ജാമി ഡോര്‍നന്‍, മത്തിയാസ് ഷ്വീഫര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആലിയ ഭട്ട് ചിത്രത്തില്‍ പ്രതിനായിക വേഷത്തിലാണ് എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്റെ ലോഞ്ചിംഗ് ചടങ്ങായ ടുഡും 2023ലാണ് ട്രെയിലര്‍ അവതരിപ്പിച്ചത്. ഏജന്റ് റേച്ചല്‍ സ്റ്റോണ്‍ എന്ന കഥാപാത്രത്തെയാണ് ഗാല്‍ ഗാഡോട്ട് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലോകത്തില്‍ വിവിധയിടങ്ങളില്‍ സമാധാന പാലന ദൗത്യങ്ങള്‍ നടത്തുന്ന ഒരു ഏജന്‍സിയുടെ  ഭാഗമാണ് റേച്ചല്‍. എന്നാല്‍ ഈ ഏജന്‍സിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഹെര്‍ട്ട് ഓഫ് സ്റ്റോണ്‍' മോഷ്ടിക്കപ്പെടുന്നതോടെ കഥ മാറുന്നു. ടോം ഹാര്‍പ്പറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാറ്റി ജെങ്കിന്‍സ് സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ സീരിസിലൂടെ ശ്രദ്ധേയായ നടിയാണ് ഗാല്‍ ഗാഡോട്ട്. അതിന് മുന്‍പ് തന്നെ മോഡലിംഗിലും മറ്റും താരം തിളങ്ങിയിരുന്നു. വണ്ടര്‍ വുമണ്‍ (2017) വന്‍ വിജയമാണ് നേടിയത്. എന്നാല്‍ വണ്ടര്‍ വുമണ്‍ 1984 (2020)  ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ സമ്മിശ്ര പ്രതികരണമാണ് നേടിയത്. വലിയ ബോക്സ് ഓഫീസ് ദുരന്തമായി ചിത്രം മാറി.


◾സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍, ശീതള്‍ ശ്യാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'കിര്‍ക്കന്‍'. നവാഗതനായ ജോഷാണ് ചിത്രത്തിന്റെ സംവിധാനം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും. നാല് ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രം റിലീസിന് തയ്യാറായി. ക്രൈം ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥാ പാശ്ചാത്തലം ഒരു മലയോര ഗ്രാമത്തില്‍ നടക്കുന്ന പെണ്‍കുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കല്‍ പൊലീസ് നടത്തുന്ന കുറ്റാന്വേഷണവുമാണ്. സ്ത്രീ കേന്ദ്രീകൃതമായ ഇത്തരം ഒരു സിനിമ പുറത്ത് വരുന്നത് കുറച്ച് കാലത്തിന് ശേഷമാണ്. ഗൗതം ലെനിനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതവും പശ്ചാത്തലസംഗീതവും. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ജ്യോതിഷ് കാശി, ആര്‍ ജെ അജീഷ് സാരംഗി, സാഗര്‍ ഭാരതീയം എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്ന 'കിര്‍ക്കന്‍' ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും.

◾പ്രമുഖ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡീസും ഓപ്പണ്‍ എഐയും കൈകോര്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്പനിയുടെ കാറുകളില്‍ ചാറ്റ്ജിപിടി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാര്‍. മെഴ്സിഡീസ് ഉപഭോക്താക്കള്‍ക്ക് കാറുമായി സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളിലേക്ക് ചാറ്റ്ജിപിടി സംയോജിപ്പിക്കാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. വ്യക്തികള്‍ക്ക് സമാനമായ രീതിയില്‍ വിവിധ കാര്യങ്ങളോട് പ്രതികരിക്കാനും, ഇതിനായി വാഹനങ്ങളെ പ്രാപ്തരാക്കി ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. നാവിഗേഷന്‍ ആപ്പുകളില്‍ നിന്നും ദിശാസൂചനകള്‍ നല്‍കുന്ന മെക്കാനിക്കല്‍ ശബ്ദത്തിന് പകരം, മെഴ്സിഡീസിലെ ചാറ്റ്ജിപിടി മനുഷ്യന്‍ സംസാരിക്കുന്നതുപോലെ തന്നെ മറുപടികള്‍ നല്‍കുന്നതാണ്. നിലവില്‍, ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷണ കാലയളവില്‍ ലഭിക്കുന്ന ഫലങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ സംവിധാനം കൂടുതല്‍ രാജ്യങ്ങളിലേക്കും, മറ്റ് ഭാഷകളിലേക്കും എത്തിക്കുന്നതാണ്.


◾ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മാറാല മൂടിയ സത്യങ്ങളെയും വസ്തുതകളെയും ഓര്‍ത്തെടുത്ത്, അവയെ ചൈനയിലെ കാല്പനികമായ ഒരു ഗ്രാമാന്തരീക്ഷത്തിലേക്ക് സന്നിവേശിപ്പിച്ചാണ് ഈ നോവലിന്റെ നിലമൊരുക്കിയത്. കാലഗണനകള്‍ക്ക് മാറ്റം ഉണ്ടാകാം. പക്ഷേ സത്യത്തിന്റെയും വസ്തുതകളുടെയും നിറം മങ്ങാതെ സൂക്ഷിച്ചിട്ടുണ്ട്. 'ബീജിങ്ങിലെ മഴക്കാറുകള്‍'. സുരേഷ് ചിറക്കര. ഗ്രീന്‍ ബുക്സ്. വില 142 രൂപ.

◾വ്യായാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചുമൊക്കെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ മറ്റൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. ശരീരഭാരം കുറയ്ക്കണമെന്ന ഇച്ഛാശക്തിക്കൊപ്പം ഭക്ഷണത്തോട് നിങ്ങളുടെ തലച്ചോര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതും വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമിതവണ്ണമുള്ള ആളുകളുടെ തലച്ചോര്‍ പോഷകങ്ങളോട് വ്യത്യസ്തമായ രീതിയിലായിരിക്കും പ്രതികരിക്കുക എന്നാണ് പഠനത്തില്‍ പറയുന്നത്. 40 വയസ്സിനും 60 നും ഇടയിലുള്ള ആളുകളിലാണ് പഠനം നടത്തിയത്. ഇതില്‍ പകുതിപ്പേര്‍ അമിതവണ്ണമുള്ളവരും ബാക്കിയുള്ളവര്‍ ശരാശരി ശരീരഭാരത്തോട് കൂടിയവരുമാണ്. രണ്ട് വിഭാഗത്തിലേയും ആളുകളുടെയും തലച്ചോര്‍ എങ്ങനെയാണ് ഭക്ഷണത്തോട് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഗ്ലൂക്കോസ്, കൊഴുപ്പ്, വെള്ളം എന്നിവയടങ്ങിയ വ്യത്യസ്ത ഭക്ഷണങ്ങള്‍ പരീക്ഷിച്ചു. ഇവ വ്യത്യസ്ത ദിവസങ്ങളില്‍ പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. ഭക്ഷണം നല്‍കി അര മണിക്കൂറിനിടെ തലച്ചോര്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് എംആര്‍എസ്‌കാനിങ് ഉപയോഗിച്ച് നിരീക്ഷിച്ചു. രക്തത്തിലെ ഹോര്‍മോണ്‍ അളവും വിശപ്പിന്റെ തീവ്രതയും ഇതോടൊപ്പം അളന്നു. പൊണ്ണത്തടിയില്ലാത്ത ആളുകളുടെ തലച്ചോറില്‍ പോഷകങ്ങളോടുള്ള പ്രതികരണമായി തലച്ചോറിലെ റിവാര്‍ഡ് സെന്ററുകള്‍ ഉചിതമായി സജീവമാകുന്നതായി കണ്ടെത്തി. എന്നാല്‍ ശരീരഭാരം കൂടുതലുള്ളവരില്‍ തലച്ചോറിന്റെ ഇതേ ഭാഗങ്ങള്‍ സജീവമാകാത്തതായും കണ്ടെത്തി. ഇതാണ് പലപ്പോഴും അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നത്. അങ്ങനെവരുമ്പോള്‍ ശരീരഭാരം കുറയ്ക്കുക എന്നത് ഒരു അപ്രാപ്യമായ ലക്ഷ്യമായി അവശേഷിക്കും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.