Click to learn more 👇

മുന്‍സിപല്‍ കോര്‍പറേഷന്റ വീട് പൊളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; എന്‍ജീനിയറെ പരസ്യമായി മുഖത്തടിച്ച് എം എല്‍ എ'; കുറ്റബോധമില്ലെന്ന് വിശദീകരണം; വീഡിയോ കാണാം


 മഹാരാഷ്ട്രയില്‍ എന്‍ജിനീയറെ എംഎല്‍എ പരസ്യമായി കോളറില്‍ പിടിച്ച്‌ തല്ലിയതായി പരാതി.

മുന്‍സിപല്‍ കോര്‍പറേഷന്റെ വീട് പൊളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. എം എല്‍ എ ഗീത ജെയിന്‍ എന്‍ജീനിയറെ തല്ലുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്‍ജിനീയറെ 'നാളായക്' (ഉപയോഗമില്ലാത്തവന്‍) എന്ന് വിളിക്കുന്നതും വീഡിയോയില്‍ കാണാം. മീരാ ഭയന്ദര്‍ മുനിസിപല്‍ കോര്‍പറേഷനിലെ എന്‍ജിനീയറെയാണ് തല്ലിയത്.

സംഭവം വിവാദമായതോടെ ജീവനക്കാരനെ തല്ലിയതില്‍ കുറ്റബോധമില്ലെന്നും വീട് നഷ്ടമായതിനെ തുടര്‍ന്ന് ആളുകള്‍ക്ക് തെരുവില്‍ നില്‍ക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് വൈകാരികമായി പ്രതികരിച്ചതെന്നും സ്വാഭാവികമായി ഉണ്ടാവുന്ന പ്രതികരണമാണ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും എം എല്‍ എ വിശദീകരിച്ചു. തങ്ങളുടെ വീട് പൊളിക്കുമ്ബോള്‍ കരയുന്ന സ്ത്രീകളെ നോക്കി സിവില്‍ ഉദ്യോഗസ്ഥന്‍ ചിരിക്കുന്നത് കണ്ടപ്പോള്‍ താന്‍ അസ്വസ്ഥയായെന്നും എം എല്‍ എ പറഞ്ഞു.

വീട് പൊളിക്കുന്നതിനെ എതിര്‍ത്ത സ്ത്രീകളുടെ മുടിയില്‍ പിടിച്ച്‌ നഗരസഭാ ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചതായും എംഎല്‍എ ആരോപിച്ചു. ബില്‍ഡര്‍മാരുടെ ഒത്താശയോടെയാണ് രണ്ട് എന്‍ജിനീയര്‍മാര്‍ സ്വകാര്യ ഭൂമിയില്‍ വീടുപൊളിക്കല്‍ ജോലികള്‍ നടത്തിയതെന്നും ഗീത ജെയിന്‍ പറഞ്ഞു. തന്റെ നടപടിയില്‍ ഖേദമില്ലെന്നും ഏത് ശിക്ഷയും നേരിടാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു.

വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും എനിക്കെതിരെ മര്‍ദനമേറ്റ എന്‍ജിനീയര്‍ കേസുകൊടുത്താല്‍ അത് നേരിടാന്‍ തയാറാണെന്നും പറഞ്ഞ എം എല്‍ എ സ്വകാര്യ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റുന്നത് എങ്ങനെ സഹിക്കുമെന്നും ചോദിച്ചു.

അനധികൃതമായി നിര്‍മാണം നടത്തിയ ഭാഗം പൊളിച്ച്‌ നീക്കാമെന്ന് ഉടമകള്‍ അറിയിച്ചിട്ടും അതിന് മുതിരാതെ വീടിന്റെ ഒരു ഭാഗം പൊളിക്കുകയായിരുന്നു എന്‍ജിനീയര്‍മാര്‍ ചെയ്തതെന്ന് എംഎല്‍എ കുറ്റപ്പെടുത്തി. മണ്‍സൂണ്‍ സീസണില്‍ അനധികൃതമാണെങ്കില്‍ പോലും വീടുകള്‍ പൊളിക്കരുതെന്നാണ് സര്‍കാര്‍ നയമെന്നും എം എല്‍ എ വ്യക്തമാക്കി.

വീട് പൊളിക്കരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാതെയാണ് അവരില്‍ നിന്നും ഇത്തരമൊരു നടപടിയുണ്ടായതെന്നും ജെയിന്‍ പറഞ്ഞു. ഇതോടെ സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ തെരുവില്‍ നില്‍ക്കേണ്ട ഗതികേടുണ്ടായെന്നും എം എല്‍ എ പറഞ്ഞു. 2019ല്‍ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിച്ചാണ് ജെയിന്‍ വിജയിച്ചത്. തുടര്‍ന്ന് ഉദ്ധവ് താകറെ മുഖ്യമന്ത്രിയായപ്പോള്‍ ശിവസേന കാംപിലെത്തി. നിലവില്‍ എംഎല്‍എ ബിജെപിയുടെ ഒപ്പമാണ്.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.