Click to learn more 👇

സഹിക്കാവുന്നതിലും അപ്പുറമായി, പിന്തുണച്ചത് പൃഥ്വിരാജും ലിസ്റ്റിനും; പൊട്ടിക്കരഞ്ഞ് ഗിരിജ തിയേറ്ററുടമ; വീഡിയോ കാണാം


 തൃശ്ശൂര്‍: കടുത്ത സൈബര്‍ ആക്രമണം നേരിടുന്നെന്നും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും വെളിപ്പെടുത്തി തൃശൂരിലെ ഗിരിജ തിയേറ്റര്‍ ഉടമ ഡോ.ഗിരിജ.

തിയേറ്ററിന് നേരെ കടുത്ത ആക്രമണമാണ് നേരിടുന്നത്. അഞ്ചു വര്‍ഷമായി നേരിടുന്ന അധിക്ഷേപത്തെ പറ്റി പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ഗിരിജ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇത്രയും വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെ തവണയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചതെന്നും അവര്‍ പറഞ്ഞു.

ഓണ്‍ലൈൻ ബുക്കിങ് സൈറ്റുകള്‍ വഴിയല്ലാതെ സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് ഗിരിജയ്ക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങിയത്. തിയേറ്ററില്‍ ഏത് സിനിമയാണ് കളിക്കുന്നതെന്ന് അറിയിക്കാൻ സോഷ്യല്‍ മീഡിയാ അക്കൗണ്ടോ ബിസിനസ് അക്കൗണ്ടോ ഉണ്ടാകും. പക്ഷേ ബുക്ക് മൈ ഷോയിലൊന്നും തന്റെ തിയേറ്ററിന്റെ പേരില്ലെന്ന് ഡോ. ഗിരിജ പറഞ്ഞു. 

ഇന്ന് തന്റെ ആശ്രയം ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമുമാണ്. താൻ തന്നെയാണത് കൈകാര്യം ചെയ്യുന്നത്. പക്ഷേ 2018 മുതല്‍ 12ലേറെ തവണയാണ് എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ സ്വയം കൈകാര്യം ചെയ്യുന്നതുകൊണ്ടാണോ ഇങ്ങനെ എന്ന് തോന്നിയിട്ട് അതൊരു പ്രൊമോഷൻ ടീമിനെ ഏല്പിച്ചു. പക്ഷേ അവര്‍ക്കും പണികിട്ടിയെന്ന് ഡോ. ഗിരിജ പറയുന്നു.

"വാട്ട്സാപ്പിലൂടെ വേണ്ടാത്ത തരം സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. ഒരു രക്ഷയുമില്ലാതായപ്പോള്‍ കായംകുളം എം.എല്‍.എ പ്രതിഭാ മാഡത്തെ വിളിച്ച്‌ ഇക്കാര്യങ്ങള്‍ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു സര്‍ക്കാരിനുവേണ്ടി വാട്ട്സാപ്പ് ബുക്കിങ്ങും മറ്റും ചെയ്യുന്ന ഒരു ടീമുണ്ട്, അവരെ കാര്യങ്ങള്‍ ഏല്പിക്കാമെന്ന്. ആരോഗ്യപ്രശ്നങ്ങള്‍ പോലും വകവെയ്ക്കാതെയാണ് ഞാൻ ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. പ്രതിഭാ മാഡത്തിന്റെ സഹായംകൊണ്ട് പ്രതിസന്ധികളെ കുറേയൊക്കെ മറികടക്കാൻപറ്റി. ഇപ്പോള്‍ കയ്യൊക്കെ അല്പം ശരിയായി, ഇൻസ്റ്റാഗ്രാമിലൂടെ പ്രചാരണം നടത്തിവരുമ്ബോള്‍ ആ അക്കൗണ്ടും മാസ് റിപ്പോര്‍ട്ട് അടിച്ച്‌ പോയി. ഇപ്പോഴെനിക്ക് ഫെയ്സ്ബുക്കോ ഇൻസ്റ്റാഗ്രാമോ ഒന്നുമില്ല. ഏത് സിനിമയാണ് എന്റെ തിയേറ്ററില്‍ കളിക്കുന്നതെന്ന് ജനങ്ങളിലേക്കെത്തിക്കാൻ ഒരു മാര്‍ഗവുമില്ല." ഗിരിജ പറഞ്ഞു.


ഈ മാഫിയയുടെ പിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കാൻ ഒരു വഴിയുമില്ല. സൈബര്‍ സെല്ലില്‍ കുറേ പരാതികൊടുത്തു. പിന്തുണയും കിട്ടുന്നില്ല, ഇതിനുപിന്നില്‍ ആരാണെന്ന് കണ്ടുപിടിക്കാനും കഴിയുന്നില്ല. വെബ്സൈറ്റും മറ്റുമില്ലാതെ നിങ്ങളുടെ തിയേറ്ററിലേക്ക് എങ്ങനെയാണ് സിനിമ നല്‍കുക എന്നാണ് നിര്‍മാതാക്കള്‍ ചോദിക്കുന്നത്. പക്ഷേ ധൈര്യം തന്ന് തന്റെ തിയേറ്ററിലേക്ക് പടം തന്നത് ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജുമാണ്. അവര്‍ മാത്രമേ വാക്കുകൊണ്ട് ആത്മവിശ്വാസം നല്‍കിയിട്ടുള്ളൂ. നല്ല കുറച്ച്‌ നിര്‍മാതാക്കളുടെ സഹായത്തോടെയാണ് കഴിഞ്ഞുപോകുന്നത്. ആര്‍ക്കും ഒരുപദ്രവവും ചെയ്തിട്ടില്ല. ഇങ്ങനെ ഉപദ്രവിക്കുക എന്നു പറഞ്ഞാല്‍, സഹിക്കാൻ പറ്റാതെയായെന്നും ഡോ. ഗിരിജ വ്യക്തമാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.