Click to learn more 👇

ആഷസില്‍ ഇംഗ്ലണ്ടിനെതിരെ ത്രസിപ്പിക്കുന്ന ജയം; വൈറലായി ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ വിജയാഘോഷം -വിഡിയോ കാണാം


 അഞ്ചു ദിനങ്ങളിലെ വേള്‍ഡ് ക്ലാസ് ടെസ്റ്റ് ക്രിക്കറ്റ്, ഒടുവില്‍ ആസ്ട്രേലിയക്ക് രണ്ടു വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം.

രണ്ടാം ഇന്നിങ്സില്‍ 281 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 92.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്.

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ് ആവേശം നിറഞ്ഞ അഞ്ചാംദിനത്തില്‍ നാടകീയമായിരുന്നു ഓസീസ് ജയം. ഒമ്ബതാം വിക്കറ്റില്‍ നായകൻ പാറ്റ് കമ്മിൻസും (73 പന്തില്‍ 44*) നഥാൻ ലിയോണും (28 പന്തില്‍ 16*) നേടിയ 55 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസിനെ ലക്ഷ്യത്തിലെത്തിച്ചത്. വിജയ റണ്‍ നേടിയ ശേഷമുള്ള പാറ്റ് കമ്മിൻസിന്‍റെ ആഘോഷമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ഹെല്‍മറ്റും ബാറ്റും ഗ്രൗണ്ടില്‍ വലിച്ചെറിഞ്ഞശേഷം നേരെ സഹ ബാറ്റര്‍ ലിയോണിന്‍റെ അടുത്തേക്കാണ് ആവേശത്തോടെ കമ്മിൻസ് ഓടിയെത്തിയത്. പിന്നാലെ താരത്തെ എടുത്തുയര്‍ത്തി ആഘോഷം പങ്കിടുമ്ബോള്‍ ഡ്രസിങ് റൂമില്‍ സഹതാരങ്ങളും ആഹ്ലാദത്തിന്‍റെ ഉന്നതിയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ വിജയകരമായ റണ്‍ ചേസുകളില്‍ 9, 10, 11 പൊസിഷനുകളില്‍ ഒരു ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് കളിയില്‍ കമ്മിൻസ് നേടിയത്.

വിജയകരമായ റണ്‍ചേസുകളില്‍ ഏറ്റവും ഉയര്‍ന്ന നാലാമത്തെ ഒമ്ബതാം വിക്കറ്റ് കൂട്ടുകെട്ടാണ് കമ്മിൻസും ലയണും ചേര്‍ന്നു നേടിയ 55 റണ്‍സ്. 2010ല്‍ മൊഹാലിയില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യൻ താരങ്ങളായ വി.വി.എസ്. ലക്ഷ്മണും ഇഷാന്ത് ശര്‍മയും ചേര്‍ന്നു നേടിയ 81 റണ്‍സാണ് ഒന്നാമത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.