Click to learn more 👇

ഇന്‍സ്‌റ്റഗ്രാമിലൂടെ പ്രണയം നടിച്ച്‌ തട്ടിക്കൊണ്ടുപോയി പീഡനം: യുവാവും കൂട്ടുനിന്ന പിതാവും അറസ്‌റ്റില്‍


 ഇന്‍സ്‌റ്റഗ്രാമിലൂടെ ബന്ധം സ്‌ഥാപിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹവാഗ്‌ദാനം നല്‍കി വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി പലതവണ പീഡിപ്പിക്കുകയും ചെയ്‌ത കേസില്‍ പതിനെട്ടുകാരനും ഒത്താശ ചെയ്‌ത പിതാവും അറസ്‌റ്റില്‍.

പുനലൂര്‍ ആര്യങ്കാവ്‌ ഗിരിജന്‍ കോളനിയില്‍ ഗണേശന്റെ മകന്‍ പ്രകാശ്‌ (18), പിതാവ്‌ തമിഴ്‌നാട്‌ തെങ്കാശി ആള്‍വാര്‍കുറുശ്ശി പോലീസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ കടയം ധര്‍മപുരി ചമ്ബന്‍കുളം കടത്തറ മെയിന്‍ റോഡ്‌ പുറമ്ബോക്കില്‍ താമസിക്കുന്ന കല്യാണിയുടെ മകന്‍ ഗണേശന്‍ (44) എന്നിവരാണ്‌ വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്‌.

കഴിഞ്ഞമാസം 31 ന്‌ രാവിലെ എട്ടിനാണ്‌ 17 കാരിയെ വീട്ടില്‍നിന്നും കാണാതായത്‌. അന്നുതന്നെ പെണ്‍കുട്ടിയുടെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പോലീസ്‌ കേസെടുത്തു. തുടര്‍ന്ന്‌ ജില്ലാ പോലീസ്‌ മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌, സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച്‌ പോലീസ്‌ അനേ്വഷണം ഊര്‍ജ്‌ജിതമാക്കി. അങ്ങനെയാണ്‌ ഗണേശന്‍ താമസിക്കുന്ന തെങ്കാശി കടയം ധര്‍മപുരി ചമ്ബന്‍കുളം കടത്തറ കാടിനോട്‌ ചേര്‍ന്നുള്ള സ്‌ഥലത്ത്‌ പെണ്‍കുട്ടി ഉള്ളതായി വ്യക്‌തമായത്‌. സുഹൃത്ത്‌ ആര്യങ്കാവ്‌ ഗിരിജന്‍ കോളനിയില്‍ താമസിക്കുന്ന പ്രകാശ്‌ എന്നയാള്‍ക്കൊപ്പമാണെന്ന്‌ അനേ്വഷണസംഘം തിരിച്ചറിഞ്ഞു. 

തുടര്‍ന്ന്‌ എസ്‌.ഐ സായ്‌ സേനന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മഫ്‌റ്റിയില്‍ സ്‌ഥലത്തെത്തി, വനമേഖലയില്‍ സാഹസികമായി തെരച്ചിലില്‍ നടത്തി. 2 ന്‌ രാത്രി 10.15 ന്‌ പെണ്‍കുട്ടിയെ കടത്തറ കാടിനുള്ളില്‍ കണ്ടെത്തിയെങ്കിലും യുവാവ്‌ പോലീസിനെ കണ്ട്‌ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന്‌, കുട്ടിയെ വെച്ചൂച്ചിറ സ്‌റ്റേഷനിലെത്തിച്ച്‌ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ്‌ പീഡനത്തിന്റെ ചുരുളഴിഞ്ഞത്‌. ആറുമാസം മുമ്ബ്‌ ഇന്‍സ്‌റ്റാഗ്രാമിലൂടെയാണ്‌ ഇരുവരും പരിചയത്തിലായത്‌. തുടര്‍ന്ന്‌, സ്‌ഥിരം ഫോണ്‍ വിളിയും ചാറ്റിങ്ങുമായി. കുട്ടിയുടെ വീട്ടിലറിഞ്ഞപ്പോള്‍ സഹോദരന്‍ ഇയാളെ ഫോണില്‍ വിളിച്ച്‌ താക്കീത്‌ ചെയ്‌തു. വീട്ടില്‍ നിന്നാല്‍ വഴക്കാകും, അതിനാല്‍ വീട്‌ വിട്ടിറങ്ങിവരണമെന്ന്‌ പ്രകാശ്‌ പെണ്‍കുട്ടിയോട്‌ ആവശ്യപ്പെട്ടു. 

കുട്ടി 31 ന്‌ രാവിലെ വീടുവിട്ടിറങ്ങി പ്രകാശിന്റെ നിര്‍ദേശാനുസരണം ഓട്ടോറിക്ഷയില്‍ എരുമേലിയിലെത്തി. പിന്നീട്‌ ബസില്‍ തെങ്കാശിക്ക്‌ പോകുകയായിരുന്നു. അവിടെ ബസ്‌ സ്‌റ്റാന്‍ഡില്‍ യുവാവും രണ്ടാംപ്രതി പിതാവ്‌ ഗണേശനും കാത്തുനിന്നു. ഗണേശന്റെ വീട്ടിലെത്തിച്ച ശേഷം, പോലീസ്‌ എത്താന്‍ സാധ്യതയുണ്ടെന്നു പറഞ്ഞ്‌ കാട്ടിനുള്ളിലെ പാറയിടുക്കില്‍ ഇരുവരെയും എത്തിച്ചു. അന്നു രാത്രിയും പിറ്റേന്ന്‌ പകലുമായി യുവാവ്‌ പലതവണ പീഡിപ്പിച്ചതായി മൊഴിയില്‍ പറയുന്നു.

രക്‌തസ്രാവമുണ്ടായി അവശയായതിനെതുടര്‍ന്ന്‌, കാട്ടില്‍ നിന്നിറങ്ങി ഗണേശന്റെ താമസ്‌ഥലത്തേക്ക്‌ വരുന്നവഴിയാണ്‌ പോലീസ്‌ തങ്ങളെ കണ്ടെത്തിയതെന്നും പ്രകാശ്‌ ഓടിരക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിക്ക്‌ കൗണ്‍സിലിംഗ്‌ ലഭ്യമാക്കാനും മറ്റും ചൈല്‍ഡ്‌ വെല്‍ഫയര്‍ കമ്മിറ്റിക്ക്‌ പോലീസ്‌ കത്ത്‌ നല്‍കി. വൈദ്യപരിശോധനക്ക്‌ ശേഷം തിരുവല്ല ജെ.എഫ്‌.എം കോടതിയില്‍ കുട്ടിയുടെ മൊഴിയെടുത്തു. 

ഇന്നലെ വെച്ചൂച്ചിറ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജര്‍ലിന്‍ വിഴ സ്‌കറിയയുടെ നേതൃത്വത്തില്‍ സംഭവസ്‌ഥലത്തെത്തിയ സംഘം, സാഹസികമായി നടത്തിയ തെരച്ചിലില്‍ രണ്ടാം പ്രതി ഗണേശനെ കടത്തറ കാടിനോടു ചേര്‍ന്നുള്ള പുറമ്ബോക്ക്‌ ഭൂമിയിലെ ഷെഡില്‍ നിന്നു പിടികൂടി.

ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ കിട്ടിയ വിവരമനുസരിച്ച്‌ യുവാവിന്റെ അമ്മവീടായ ആര്യങ്കാവ്‌ ഗിരിജന്‍ കോളനിയില്‍നിന്നു പ്രകാശിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഗണേശന്‍ തമിഴ്‌നാട്‌ സ്വദേശിയാണ്‌, ഭാര്യ വര്‍ഷങ്ങള്‍ക്ക്‌ മുമ്ബ്‌ ഇയാളുമായി പിണങ്ങി പിരിഞ്ഞുപോയതാണ്‌. അന്നുമുതല്‍ ഒറ്റയ്‌ക്ക്‌ പുറമ്ബോക്കിലെ ഷെഡിലാണ്‌ താമസം. മകന്‍ അമ്മവീടായ ആര്യങ്കാവ്‌ ഗിരിജന്‍ കോളനിയിലെ വീട്ടിലും. വെച്ചൂച്ചിറ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ജര്‍ലിന്‍ വി. സ്‌കറിയയുടെ നേതൃത്വത്തിലുള്ള അനേ്വഷണസംഘത്തില്‍ എസ്‌.ഐ സായ്‌ സേനന്‍, എസ്‌.സി.പി.ഓമാരായ സാംസണ്‍ പീറ്റര്‍, അന്‍സാരി, സി.പിഴഓമാരായ ജോസി, അഞ്‌ജന എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.