വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ട പൂജാരി കാമുകി വിവാഹം കഴിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ കൊന്നുതള്ളി.
തെലങ്കാനയിലെ സരൂര്‍നഗറിലെ രജിസ്ട്രാര്‍ ഓഫീസിന് പിന്നിലെ ഓടയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്.
അയ്യഗരി സായ് കൃഷ്ണ എന്ന വിവാഹിതനായ പുരോഹിതനെതിരെ കേസെടുത്തു. കുറുഗന്തി അപ്സര എന്ന 30 കാരി സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ഓടയില്‍ തള്ളിയെന്നാണ് കേസ്. യുവതിയെ കാണാനില്ലെന്ന് സായ്കൃഷ്ണ തന്നെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് കൊലപാതകക്കേസില്‍ അവസാനിച്ചത്. മെയ് 3 മുതല്‍ സ്ത്രീയെ കാണാനില്ലെന്നാണ് ഇയാള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
ഭദ്രാചലത്തേക്ക് പോയ അപ്‌സരയ്ക്ക് താന്‍ ലിഫ്റ്റ് കൊടുത്തെന്നും ഷംഷാബാദ് ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടെന്നും സായികൃഷ്ണ പരാതിയില്‍ പറഞ്ഞു. അതിനുശേഷം തന്റെ കോളുകളില്‍ അവള്‍ പ്രതികരിച്ചിട്ടില്ലെന്നും മെയ് 3 മുതല്‍ കാണാതായെന്നും പറഞ്ഞു. സ്ത്രീ തന്റെ മരുമകളാണെന്ന് സായ്കൃഷ്ണ പരാതിയില്‍ പറഞ്ഞിരുന്നത്. അന്വേഷണം പുരോഗമിക്കവേ, സിസിടിവികളും മറ്റ് സാങ്കേതിക വിവരങ്ങളും പരിശോധിച്ചതോടെ സായ്കൃഷ്ണയില്‍ പോലീസിന് സംശയം തോന്നുകയായിരുന്നു തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സായി കൃഷ്ണ കുറ്റം സമ്മതിക്കുകയായിരുന്നു.
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ സായ്കൃഷ്ണയ്ക്ക് അപ്‌സരയുമായി അവിഹിതബന്ധം ഉണ്ടായിരുന്നു. വിവാഹം കഴിക്കാന്‍ അപ്സര സമ്മര്‍ദം ചെലുത്തിയതോടെയാണ് കൊന്നു തള്ളിയതെന്നാണ് കുറ്റസമ്മതം. ഷംഷാബാദില്‍ വെച്ച് അപ്സരയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സരൂര്‍നഗറിലേക്ക് കൊണ്ടുപോയി. താന്‍ പൂജ ചെയ്യുന്ന ക്ഷേത്രത്തിന് സമീപമുള്ള എംആര്‍ഒ ഓഫീസിന് പിന്നിലുള്ള മാന്‍ഹോളില്‍ തള്ളിയെന്നാണ് സായ് കൃഷ്ണയുടെ കുറ്റസമ്മതം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.