യുവതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍. പ്രതി അതുല്‍ സത്യനെ പൊലീസ് ഇന്ന് പിടികൂടി.
ഇയാള്‍ക്കും കാര്യമായ പരിക്കുണ്ടെന്ന് പൊലീസ് അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. റാന്നി കീക്കൊഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെയാണ് ഇയാള്‍ കഴിഞ്ഞ ദിവസം വെട്ടിക്കൊലപ്പെടുത്തിയത്.
28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ, സഹോദരി എന്നിവര്‍ക്കും വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുല്‍ എന്നും പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ രജിത പൊലീസില്‍ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.