Click to learn more 👇

വ്യാജരേഖാ കേസ്: കെ വിദ്യ പൊലീസ് കസ്റ്റഡിയില്‍


 മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ മുഖ്യപ്രതി കെ വിദ്യ പിടിയില്‍.

കോഴിക്കോട് നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. വിദ്യയെ ഇവിടെ നിന്ന് പാലക്കാടേക്ക് കൊണ്ടുവരും. മേപ്പയൂര്‍, വടകര മേഖലകളില്‍ വിദ്യക്കായി തെരച്ചില്‍ നടത്തുന്നുണ്ടായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഒളിവില്‍ പോയ വിദ്യയെ 15 ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിദ്യയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇവരെ പാലക്കാട് എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും. നാളെ രാവിലെ 11 മണിക്ക് വിദ്യയെ പാലക്കാട് മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം.

പാലക്കാട് അഗളി പൊലീസും കാസര്‍കോട് നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിനടുത്ത് കുട്ടോത്ത് എന്ന സ്ഥലത്ത് നിന്നാണ് വിദ്യ പിടിയിലായിരിക്കുന്നത്. സുഹൃത്തിന്റെ വീട്ടിലായിരുന്ന വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന സമയത്ത് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം.

വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്‍റെ ബഞ്ചിലാണ് ഹര്‍ജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യാജരേഖ കേസിലും മുന്‍കൂര്‍ ജാമ്യം തേടി. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. 

കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്‍റെ വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്. ഈ മാസം 24 ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.