Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


 

◾ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യത്ത് രണ്ടു നിയമങ്ങള്‍ എങ്ങനെ സാധ്യമാകും. മുത്തലാഖിനെ പിന്തുണക്കുന്നവര്‍ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണ്. ഭരണഘടന തുല്യ നീതിയാണ് ആവശ്യപ്പെടുന്നത്. സുപ്രീംകോടതിയും ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ വികസനത്തില്‍നിന്ന് അകറ്റി നിര്‍ത്തുകയാണെന്നും മോദി വിമര്‍ശിച്ചു.

◾സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 5,944 അധ്യാപകര്‍ ഉള്‍പെടെ 6,043 പേരെ നിയമിക്കുന്നു. 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയ പ്രകാരം 6,043 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലാക്കി തസ്തിക സൃഷ്ടിക്കുക. 1114 സര്‍ക്കാര്‍ സ്‌കൂളുകളിലായി 3101 അധിക തസ്തികകളും 1212 എയ്ഡഡ് സ്‌കൂളുകളിലായി 2942 തസ്തികകളും സൃഷ്ടിക്കും. 99 തസ്തികകള്‍ അനധ്യാപക വിഭാഗത്തിലാണ്. പ്രതിവര്‍ഷം 59 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.


◾ശോഭ ഡെവലപ്പേഴ്‌സിനു വേണ്ടി കൊച്ചിയില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ ഇടനിലക്കാരനും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനുമയ ഫാരിസ് അബൂബക്കര്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയെന്നും 552 കോടി രൂപ വിദേശത്തേക്കു കടത്തിയെന്നും ആരോപണം. തണ്ണീര്‍ത്തടങ്ങള്‍ അടക്കം 1500 ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയെന്ന് 'ലീഡ്' ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ പിണറായി വിജയനു പങ്കുണ്ടെന്നും വാര്‍ത്തയുടെ രണ്ടാംഭാഗം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും എഡിറ്റര്‍ സന്ധ്യ രവിശങ്കര്‍ പറഞ്ഞു.


◾പ്രമുഖ വിദ്യാഭ്യാസ വിചഷണനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച് തൃശൂര്‍ ചെമ്പൂക്കാവിലെ വീട്ടില്‍ വീശ്രമ ജീവിതം നയിക്കുകയായിരുന്നു. മലപ്പുറം മൂക്കുതലയിലെ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്‌കൂള്‍ ഒരു രൂപയ്ക്കു സര്‍ക്കാരിനു വിട്ടുകൊടുത്ത ഇദ്ദേഹം സ്‌കൂള്‍ കലോത്സവ ശില്പികളില്‍ ഒരാളാണ്. കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്റ്റേറ്റ് വിദ്യാഭ്യാസ സമിതി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 30 തവണ ഹിമാലയന്‍ യാത്രകള്‍ നടത്തി. 'പുണ്യഹിമാലയം' എന്ന യാത്രാ വിവരണ ഗ്രന്ഥം രചിച്ചിട്ടുണ്ട്.

◾സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ നല്‍കേണ്ട മസ്റ്ററിംഗിനുള്ള സമയം ജൂലൈ 31 വരെ നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.


◾കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ആരോപണമുന്നയിച്ച മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി വീട്ടമ്മ. കണ്ണോത്തുംചാല്‍ സ്വദേശിയായ സത്യവതിയാണു പരാതി നല്‍കിയത്. മകള്‍ക്ക് അധ്യാപക ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നാണു പരാതി.


◾ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന കൃഷി വകുപ്പിന്റെ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഓണത്തിന് വിഷരഹിതമായ പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തയ്യാറാക്കണം. പച്ചക്കറി ഉല്‍പാദനത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറി തൈകള്‍ എന്നിവ കൃഷി ഭവന്‍ വഴി സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്.


◾തൃശൂര്‍ കൊടകരയില്‍ മുക്കുപണ്ടം പണയപ്പെടുത്തി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ മുന്‍ ഡിവൈഎസ്പി അറസ്റ്റില്‍. ചാലക്കുടി സ്വദേശിയായ മുന്‍ ഡിവൈഎസ്പി കെ.എസ്. വിജയനാണ് അറസ്റ്റിലായത്. സഹകരണ ബാങ്കിലാണ് ഇയാള്‍ മുക്കുപണ്ടം പണയംവച്ച് പണമെടുത്തത്.

◾വ്യാജരേഖ ഹാജരാക്കി താത്കാലിക അധ്യാപക ജോലി നേടിയ സംഭവത്തില്‍ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യക്ക് ഇടക്കാല ജാമ്യം. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്യയെ കസ്റ്റഡിയില്‍ വേണമെന്ന് നീലേശ്വരം പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടില്ല.


◾കായംകുളത്തെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസ്, അബിന്‍ സി രാജു എന്നിവരുമായി പൊലീസ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച എറണാകുളത്തെ ഓറിയോണ്‍ ഏജന്‍സിയിലേക്കു തെളിവെടുപ്പിന് എത്തി. പക്ഷേ സ്ഥാപനം പണ്ടേ പൂട്ടിപ്പോയതിനാല്‍ തെളിവെടുപ്പു പ്രഹസനമായി. ഓറിയോണ്‍ എന്ന സ്ഥാപനത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതെന്നാണ് ഇവര്‍ പൊലീസിനു നല്‍കിയ മൊഴി.


◾സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ബക്രീദ് അവധി ജൂണ്‍ 29 നാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമ ഏകോപന സമിതി. ജൂണ്‍ 28 നിയന്ത്രിത അവധിയായിരിക്കുമെന്നും വ്യക്തമാക്കി.


◾അഴീക്കല്‍ കടല്‍ത്തീരത്ത് രാസവസ്തുക്കള്‍ നിറച്ച 160 പാക്കറ്റുകള്‍ അടിഞ്ഞു. പായ്ക്കറ്റുകളില്‍ വെളുത്ത പൊടിയുണ്ട്.  ഏഴര കിലോയോളം തൂക്കം വരും. സാമ്പിള്‍ പരിശോധനക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.


◾കണ്ണൂരിലെ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച നിഹാല്‍ എന്ന കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

◾തോട്ടിയുമായി ജീപ്പ് ഓടിച്ചതിനു പിഴയിടീപ്പിച്ച കല്‍പ്പറ്റയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാലാണ് ഫ്യൂസ് ഊരിയത്. പിറകേ ബില്ലടച്ചതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.


◾കോട്ടയം തിരുവാര്‍പ്പില്‍ ബസുടമയും സിഐടിയു തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ന്നു. ബസ് ഉടമയായ രാജ്മോഹന്റെ ഉടമസ്ഥതയിലുള്ള നാലു ബസുകളിലെയും തൊഴിലാളികളുടെ ജോലി റൊട്ടേഷന്‍ വ്യവസ്ഥയില്‍ പുനക്രമീകരിക്കും. അതു വഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കും.


◾വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പ്രതി നിഖില്‍ തോമസിന് കേരള സര്‍വകലാശാലയില്‍ ആജീവനാന്ത വിലക്ക്. കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. കായംകുളം എംഎസ്എം കോളജ് അധികാരികളെ വിളിച്ചു വരുത്തും. രജിസ്ട്രാറൂം പരീക്ഷ കണ്‍ട്രോളറും അടങ്ങുന്ന സമിതി ഹിയറിംഗ് നടത്തും. സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെല്‍ രൂപീകരിക്കാനും തീരുമാനിച്ചു.


◾ബ്രഹ്‌മഗിരി മീറ്റ് ഫാക്ടറിയിലെ സാമ്പത്തിക ക്രമക്കേടിനെതിരേ നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ അടക്കം 49 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടയുള്ളവര്‍ പ്രകടനമായാണ് അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. കഴിഞ്ഞ 24 നാണ് ബ്രഹ്‌മഗിരി ഡവലെപ്മെന്റ് സൊസൈറ്റിയുടെ മീറ്റ് ഫാക്ടറിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്.


◾വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് അതിസുരക്ഷ ജയിലിലേക്കു മാറ്റിയ കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കു വൈദ്യപരിശോധന വേണമെന്ന് ഹൈക്കോടതി. ആകാശിനു പരിക്കുണ്ടോയെന്നു തൃശൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് പരിശോധിച്ചു മെഡിക്കല്‍ റിപ്പോര്‍ട്ടും സംഭവ ദിവസത്തെ സി.സി ടി.വി ദൃശ്യങ്ങളും വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ആകാശിന്റെ അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

◾ഈ മാസം 30 ന് വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് ആദരമേകാന്‍ കേരള പോലീസിന്റെ നേതൃത്വത്തില്‍ ഇന്നു കൂട്ടയോട്ടം. രാവിലെ ആറരയ്ക്കു പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നില്‍നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. പൊലീസ് മേധാവി അനില്‍ കാന്തിനൊപ്പം മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും എസ്.എ.പിയിലെ രണ്ട് പ്ലാറ്റൂണ്‍ പോലീസ് ഉദ്യോഗസ്ഥരും പൊലീസിലെ സ്പോര്‍ട്സ് താരങ്ങളും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പങ്കെടുക്കും.


◾തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ബിജെപിക്കു ഭരണം നഷ്ടമായി. എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് അംഗവും ബിജെപി അംഗവും പിന്തുണച്ചു. ഒന്‍പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്.


◾മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ രാജിവച്ചു. തുടര്‍ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് അംഗത്തെ സിപിഐയിലേക്കെത്തിച്ച് പ്രസിഡന്റ് സ്ഥാനം നല്‍കാനാണ് രാജി.


◾വയനാട്ടില്‍ പനി ബാധിച്ച് നാലുവയസുകാരി മരിച്ചു. തൃശിലേരി സ്വദേശി അശോകന്‍ അഖില ദമ്പതികളുടെ മകള്‍ രുദ്രയാണ് മരിച്ചത്. വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

◾കണ്ണൂരില്‍ കനത്ത മഴ. ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. മട്ടന്നൂരില്‍ വിമാനത്താവള പരിസരത്തു നാല് വീടുകളില്‍ വെള്ളം കയറി. വിമാനത്താവളത്തിലെ കനാല്‍ വഴി പുറത്തേക്കൊഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്.


◾നിലമ്പൂരില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കു വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റു. വൈദ്യുതാഘാതമേറ്റ കാട്ടാന മണിക്കൂറുകള്‍ കിടന്നു. നാട്ടുകാരെത്തി ഫ്യൂസ് ഊരിയതിനാല്‍ രക്ഷപ്പെട്ടു. സമീപത്തെ റോഡില്‍ നിലയുറപ്പിച്ച ആന അതു വഴി വന്ന കാറിന് നേരെ ചീറിയടുത്തു. കാര്‍ പിന്നോട്ടെടുത്തതിനാല്‍ യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു. ആന പിന്നീട് കാടുകയറിപ്പോയി.


◾അട്ടപ്പാടിയില്‍ ആനക്കൂട്ടം ഉപേക്ഷിച്ച കുട്ടിക്കൊമ്പന്‍ ചരിഞ്ഞു. 13 ദിവസമായി വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന.


◾നടന്‍ ടി എസ് രാജു മരിച്ചെന്ന് ഫേസ് ബുക്കില്‍ വന്ന വ്യാജ വാര്‍ത്ത കണ്ട് അനുശോചനം രേഖപ്പെടുത്തിയ പോസ്റ്റ് ഇട്ടതിന് സിനിമ നടന്‍ അജു വര്‍ഗീസ് മാപ്പു പറഞ്ഞെന്ന് രാജു. താന്‍ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് രാജു വെളിപ്പെടുത്തിയതിനു പിറകേയാണ് അജു വര്‍ഗീസ് തന്നെ ബന്ധപ്പെട്ടതെന്നും രാജു പറഞ്ഞു.


◾പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നാലു പേരെ മലപ്പുറം പൊലീസ് അറസ്റ്റു ചെയ്തു. മലപ്പുറം മറ്റത്തൂര്‍ തൊടുകുത്തുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (32), ആലത്തൂര്‍പടി സ്വദേശി ഷംസുദ്ദീന്‍ (37), പുല്‍പറ്റ സ്വദേശി ഉണ്ണികൃഷ്ണന്‍ (46), നറുകര സ്വദേശി രാജീവ് (48) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കുട്ടിക്കു ലഹരിവസ്തുക്കള്‍ നല്‍കിയെന്നും വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ എടുപ്പിച്ചെന്നും പരാതിയുണ്ട്.

◾ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ പ്രതി അറസ്റ്റില്‍. പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി വരമംഗലത്ത് വീട്ടില്‍ ഉമ്മര്‍ (28) ആണ് തൃത്താലയില്‍ പിടിയിലായത്.


◾പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ. 70,000 രൂപ പിഴയും അടയ്ക്കണം. വഴിക്കടവ് കാരക്കോട് ആനപ്പാറ ചോലക്കതൊടി അബ്ദുള്ള എന്ന അബ്ദുമാന്‍ (51) നെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷിച്ചത്


◾ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 78,500 രൂപ പിഴയും ശിക്ഷ. അരീക്കോട് കാവനൂര്‍ പനമ്പറ്റച്ചാലില്‍ ടി വി ശിഹാബ് (44)നെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.


◾തിരുവനന്തപുരം മുട്ടപ്പലത്തെ വീട് കൊള്ളയടിച്ചെന്ന കേസില്‍ കുപ്രസിദ്ധ ഗുണ്ട പിടിയില്‍. പ്ലാവില പുത്തന്‍ വീട്ടില്‍ മിന്നല്‍ ഫൈസല്‍ എന്ന ഫൈസല്‍ (41) ആണ് പിടിയിലായത്.


◾റിസര്‍വ് ബാങ്കിന്റെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി സ്വാമിനാഥന്‍ ജാനകിരാമനെ നിയമിച്ചു. എസ്ബിഐ മാനേജിംഗ് ഡയറക്ടറായിരുന്നു സ്വാമിനാഥന്‍ ജാനകിരാമന്‍. മഹേഷ് കുമാര്‍ ജെയിന്‍ വിരമിക്കുന്ന ഒഴിവിലാണു നിയമനം.  സ്വാമിനാഥന്‍ ജാനകിരാമനു പുറമേ, മൈക്കല്‍ ദേബബ്രത, എം രാജേശ്വര റാവു, ടി റാബി ശങ്കര്‍ എന്നിവരാണ് മറ്റ് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍.


◾വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു കന്നട താരം സൂരജ് കുമാര്‍ എന്ന ധ്രുവന്റെ കാല്‍ മുറിച്ചു മാറ്റി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. സൂരജ് കുമാര്‍ സഞ്ചരിച്ച ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.  ആദ്യമായി നായകനായ 'രഥം' എന്ന സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് സൂരജ് കുമാര്‍ വാഹനാപകടത്തില്‍ പെട്ടത്.


◾മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എബിപി- സിവോട്ടര്‍ പ്രവചനം. കോണ്‍ഗ്രസ് 108 - 120 സീറ്റ് നേടുമെന്നും ബിജെപി   106-118 വരെ സീറ്റ് നേടുമെന്നുമാണ് പ്രവചനം. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

◾കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്. നാളേയും മറ്റന്നാളുമായി രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


◾മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി 53 കോടി രൂപ മുടക്കി പുനര്‍നിര്‍മ്മിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം നിലനില്‍ക്കേ പ്രത്യേക ഓഡിറ്റ് നടത്താന്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഉത്തരവിട്ടു.


◾കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കി. സിലിഗുരിക്കു സമീപമുള്ള സെവോക്ക് എയര്‍ബേസിലിലാണ് കോപ്ടര്‍ ഇറക്കിയത്. ലാന്‍ഡിങ്ങിനിടെ മമതക്ക് നിസാര പരിക്കേറ്റു.


◾വിരമിക്കുന്നതിനു തലേന്ന് 65 കേസുകളില്‍ വിധി പറഞ്ഞു റിക്കാര്‍ഡിട്ട് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മുക്ത ഗുപ്ത. കൊലപാതകം, ബലാല്‍സംഗം, ദയാഹര്‍ജി തുടങ്ങിയ കേസുകളാണു തീര്‍പ്പാക്കിയത്.


◾കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് യുകെയില്‍ അറസ്റ്റിലായ ആറു പേരില്‍ ഇന്ത്യന്‍ വംശജയും. ലണ്ടനിലും ബര്‍മിംഗ്ഹാമിലും മയക്കുമരുന്ന് വിതരണം ചെയ്ത സംഘത്തിലെ സറീന ദുഗ്ഗലിനെ ഏഴു വര്‍ഷത്തെ തടവിനു ശിക്ഷിച്ചു.


◾കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുള്ള വെബ്സൈറ്റ് നടത്തിയതിന് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുകെയില്‍ ജയിലിലായി. ല്യൂഷാമില്‍ താമസിച്ചിരുന്ന സെക്യാട്രിസ്റ്റ് ഡോ. കബീര്‍ ഗാര്‍ഗ് (33) ആണ് ശിക്ഷിക്കപ്പെട്ടത്.


◾സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ കുവൈത്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ഇരുവരും ഓരോ ഗോളുകള്‍ വീതം നേടി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ മുന്നിലെത്തിയ ഇന്ത്യയ്‌ക്കെതിരേ ഇന്‍ജുറി ടൈമില്‍ അന്‍വര്‍ അലി വഴങ്ങിയ സെല്‍ഫ് ഗോളിലാണ് കുവൈത്ത് സമനില പിടിച്ചത്. സമനിലയോടെ കുവൈറ്റ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.

◾ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് വീണ്ടും ചുവപ്പുകാര്‍ഡ്. സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ കുവൈത്തിനെതിരായ മത്സരത്തില്‍ ടച്ച് ലൈനിലേക്ക് വന്ന പന്ത് പിടിച്ചെടുത്ത് കളി തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് സ്റ്റിമാച്ചിനെ ചുവപ്പ് കാര്‍ഡ് കിട്ടിയത്. നേരത്തെ പാകിസ്താനെതിരായ മത്സരത്തിലും ചുവപ്പുകാര്‍ഡ് ലഭിച്ചിരുന്നു.


◾2023 ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നാലു സന്നാഹ മത്സരങ്ങള്‍ക്ക് വേദിയാവും. ഇന്ത്യയുടെ മത്സരവും ഇതിലുണ്ടാകും.


◾പ്രധാനമായും കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ കരകൗശല വ്യവസായത്തിന്റെ കയറ്റുമതി വരുമാനത്തില്‍ 6-8% ഇടിവുണ്ടാകുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് അറിയിച്ചു. ഇതോടെ ഇത് നടപ്പ് സാമ്പത്തിക വര്‍ഷം 330 കോടി ഡോളറിലെത്തുമെന്നും ക്രിസില്‍ റിപ്പേര്‍ട്ട് പറയുന്നു. പ്രധാന ആഗോള വിപണികളിലെ മാന്ദ്യം മൂലം മുന്‍ വര്‍ഷങ്ങളിലും ഇന്ത്യന്‍ കരകൗശല വ്യവസായത്തില്‍ ഇടിവുണ്ടായിരുന്നു. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനാല്‍ ഇന്ത്യന്‍ കരകൗശല കയറ്റുമതിക്കാര്‍ ചൈനീസ് എതിരാളികളില്‍ നിന്ന് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് ക്രിസില്‍ റേറ്റിംഗ്സ് ഡയറക്ടര്‍ അറിയിച്ചു. ഇന്ത്യന്‍ കരകൗശല വസ്തുക്കളുടെ 60 ശതമാനം വില്‍പ്പനയും യു.എസ്, യൂറോപ്യന്‍ യൂണിയന്‍ വിപണികളിലാണ്. ഈ പ്രദേശങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യന്‍ കരകൗശല വ്യവസായത്തെ സാരമായി ബാധിക്കുന്നു. ഇവിടങ്ങളില്‍ നിലവിലുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക് ഉപഭോക്തൃ ചെലവുകള്‍ കുറയ്ക്കുന്നു. ഇത് മൂലം ഇന്ത്യന്‍ കരകൗശല വ്യവസായത്തിന് ലഭ്യമായ വിപണി വിഹിതം ഇവിടങ്ങളില്‍ കുറയും.


◾രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്ത എപിക് മിത്തോളജിക്കല്‍ ചിത്രമാണ് 'ആദിപുരുഷ്'. അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ഉയര്‍ത്തിയ ചിത്രം കൂടിയാണ് പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ആദിപുരുഷ്. ചിത്രത്തില്‍ ശ്രീരാമനെ അവതരിപ്പിച്ചിരിക്കുന്നത് പ്രഭാസ് ആണ്. കൃതി സനോണ്‍ സീതയാവുമ്പോള്‍ രാവണനാവുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന 'ശിവോഹം' എന്ന വീഡിയോ ഗാനമാണിത്. ഹിന്ദിക്ക് പുറമെ ചിത്രം ഇറങ്ങിയ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം മികച്ച പ്രീ റിലീസ് പബ്ലിസിറ്റിയുമായി എത്തിയ ചിത്രം മോശം മൌത്ത് പബ്ലിസിറ്റിയാണ് നേടിയത്. അതേസമയം ആഗോള ബോക്സ് ഓഫീസിലെ ആകെ നേട്ടം പരിഗണിക്കുമ്പോള്‍ 10 ദിവസം കൊണ്ട് ചിത്രം 450 കോടി നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

◾തെയ്യം പശ്ചാത്തലമാക്കി സജീവ് കിളികുലം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തിറയാട്ടം'. സ്വന്തം അനുഭവകഥയെ മുന്‍നിര്‍ത്തി സജീവ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. വിശ്വന്‍ മലയന്‍ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ജിജോ ഗോപി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം എന്നിവയും സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു. താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ താളപ്പിഴകളുടെ കഥ പറയുന്ന ചിത്രത്തില്‍ അനാഥത്വത്തിന്റെ വിഹ്വലതകള്‍, പ്രണയം, ദാരിദ്ര്യം, രതി, ജീവിതകാമനകള്‍ എല്ലാം വരച്ചു കാട്ടുന്നുണ്ട് സംവിധായകന്‍. ജിജോ ഗോപിക്കൊപ്പം ടോജോ ഉപ്പുതറ, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷന്‍, നാദം മുരളി, തായാട്ട് രാജേന്ദ്രന്‍, സുരേഷ് അരങ്ങ്, മുരളി, ദീപക് ധര്‍മ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസന്‍ മട്ടന്നൂര്‍, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുല്‍ഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണന്‍, റീജ, നിത്യ മാമന്‍, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്.


◾ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ആഡംബര എം.പി.വി വാഹനമായ വെല്‍ഫയറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2023 മോഡല്‍ ടൊയോട്ട വെല്‍ഫയര്‍ ടിഎന്‍ജിഎ-കെ മോഡുലാര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഈ പ്ലാറ്റ്ഫോം പുതിയ ലെക്‌സസ് എല്‍എം എംപിവിയിലും ഉപയോഗിച്ചിട്ടുള്ളതാണ്. വലിപ്പത്തിലും സവിശേഷതകളിലും മാറ്റവുമായിട്ടാണ് പുതിയ വെല്‍ഫയര്‍ വരുന്നത്. പുതിയ ടൊയോട്ട വെല്‍ഫയര്‍ പഴയ മോഡലിന്റെ അതേ ബോക്‌സി ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. എങ്കിലും അല്പം വലുതാണ് പുതിയ എംപിവി. കുറച്ച് ഡിസൈന്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സൗകര്യങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് പുതിയ മോഡലും പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ട ബാഡ്ജുള്ള വലിയ സിക്‌സ് സ്ലാറ്റ് ഗ്രില്ലാണ് നല്‍കിയിട്ടുള്ളത്. പ്രധാന ഡിസൈന്‍ മാറ്റവും ഇത് തന്നെയാണ്. ടൊയോട്ട വെല്‍ഫയര്‍ 2023 മോഡല്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഹൈബ്രിഡ് എഞ്ചിന്‍ അതേപടി നിലനിര്‍ത്തി വി6 എഞ്ചിന്‍ മാറ്റുകയും പകരം ഇന്‍ലൈന്‍ ടര്‍ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ എഞ്ചിന്‍ നല്‍കി. ഇന്‍ലൈന്‍ ടര്‍ബോചാര്‍ജ്ഡ് 4 സിലിണ്ടര്‍ എഞ്ചിന്‍ 275 ബിഎച്ച്പി പവറും 430 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇത് സി.വി.ടി ഗിയര്‍ബോക്സുമായിട്ടാണ് വരുന്നത്.

◾പണയവും രതിയും ദാമ്പത്യവും പരസ്പരം 'വെന്നും കൊന്നും' അധീശത്വത്തിനായി പോരാടുന്ന ഗോദയാണ് ഈ നോവല്‍. ഉടലിനു വഹിക്കുവാനാകാത്ത കാമനകളുടെ ഭാരം ഇതിലെ കഥാപാത്രങ്ങളെ പരിക്ഷീണരാക്കുന്നു, പരാജിതരാക്കുന്നു. ശരീരചോദനകള്‍ തെളിച്ചുതരുന്ന വഴിയിലൂടെ, പ്രേമത്തിന്റെ പരമാനന്ദം കുടിപാര്‍ക്കുന്ന വാഗ്ദത്തഭൂമിയിലേക്ക് ഇവര്‍ കുതിച്ചോടുന്നു; പാപത്തിന്റെ ശമ്പളം തേടി. പിതാവിന്റെ 'പഴയ' മിത്രവുമായിച്ചേര്‍ന്ന് ഒരു പതിനേഴുകാരി ചിട്ടപ്പെടുത്തുന്ന ഈ ദുരന്തകഥയുടെ അന്തരീക്ഷത്തില്‍, ''തങ്ങള്‍ക്കേര്‍പ്പെട്ട പാനപാത്രം താങ്ങാനും ചുണ്ടോടുചേര്‍ക്കാനും ധര്‍മസങ്കടപുരസ്സരം മഹാപീഡകൊണ്ടവരുടെ'' വിലാപവീചികളാണ് മാറ്റൊലിക്കൊള്ളുന്നത്. 'സാമും റോസും ഒരു പഴയ പ്രേമകഥ'. അന്‍വര്‍ അബ്ദുള്ള. എച്ച് & സി ബുക്സ്. വില 270 രൂപ.


◾പലപ്പോഴും പ്രധാനപ്പെട്ട ധാതുക്കളും വൈറ്റമിനുകളും ശരീരത്തിന് ലഭിച്ചില്ലെന്നു വരാം. ഇവയുടെ അഭാവം ചില സൂചനകളായി ശരീരം പ്രകടിപ്പിക്കും. കഠിനമായ ജോലി ഒന്നും ചെയ്യാതെതന്നെ സന്ധികള്‍ക്ക് വേദന തോന്നാറുണ്ടോ. ഇത് വൈറ്റമിന്‍ ഡിയുടെ അഭാവം മൂലമാകാം. കാല്‍സ്യത്തിന്റെ ആഗിരണത്തിന് വൈറ്റമിന്‍ ഡി അത്യാവശ്യമാണ്. എല്ലുകളുടെ ആരോഗ്യത്തിന് ഇത് പ്രധാനമാണ്. വൈറ്റമിന്‍ ഡി ധാരാളമടങ്ങിയ സാല്‍മണ്‍, മുട്ടയുടെ മഞ്ഞ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കൂടാതെ കുറച്ചു സമയം വെയില്‍ കൊള്ളണം. നഖം പൊട്ടിപ്പോകാറുണ്ടോ, നഖത്തില്‍ പാടുകളും വിള്ളലും ഉണ്ടാകാറുണ്ടോ. ബയോട്ടിന്‍ അഥവാ ജീവകം ബി 7 ന്റെ അഭാവം മൂലമാകാമിത്. വൈറ്റമിന്‍ ബി 7 ന്റെ അഭാവം മൂലം കടുത്ത ക്ഷീണം, പേശിവേദന ഇവയും ഉണ്ടാകാം. മുട്ടയുടെ മഞ്ഞ, ഇറച്ചി, മാംസ്യം, പാലുല്‍പന്നങ്ങള്‍, നട്സ്, പച്ചച്ചീര, ബ്രോക്കോളി, കോളിഫ്ളവര്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമാവും. ചര്‍മം വല്ലാതെ ഡ്രൈ ആകുന്നതും, താരനും വൈറ്റമിന്‍ ഡഫിഷ്യന്‍സി മൂലമാകാം. തലയിലെ താരനും ചര്‍മത്തിന്റെ വരള്‍ച്ചയും ജീവകം ബി 3, ജീവകം ബി2 ഇവയുടെ അഭാവം മൂലമാകാം. റൈബോഫ്ലേവിന്‍, പിരിഡോക്സിന്‍ മുതലായവ ധാരാളമായടങ്ങിയ ഭക്ഷണങ്ങള്‍ അതായത് മുഴുധാന്യങ്ങള്‍, പൗള്‍ട്രി, ഇറച്ചി, മത്സ്യം, മുട്ട, പാലുല്‍പന്നങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. ചുവപ്പോ വെളുപ്പോ നിറത്തിലുള്ള ചെറിയ മുഴകള്‍, പാടുകള്‍ ഇവ കവിള്‍, കൈ, തുടകള്‍ ഇവിടെയെല്ലാം കാണാം. ഇതിനെ കെരാറ്റോസിസ് പിലാരിസ് എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ ഇത് ജനിതക പ്രശ്നമാകാം. എന്നാല്‍ ചിലപ്പോള്‍ ജീവകം എ, സി എന്നിവയുടെ അഭാവം മൂലവും ഇങ്ങനെ ഉണ്ടാകാം. പാലുല്‍പ്പന്നങ്ങള്‍, ഇറച്ചി, മുട്ട, മത്സ്യം, കടുംപച്ചനിറത്തിലുള്ള ഇലക്കറികള്‍, മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പച്ചക്കറികള്‍, പഴങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കാലിനടിയില്‍ പുകച്ചില്‍ അനുഭവപ്പെടാം. ഇടയ്ക്കിടെ ഇങ്ങനെ വന്നാല്‍ വൈദ്യസഹായം തേടണം. വൈറ്റമിന്‍ ബി12 ന്റെ അഭാവം മൂലമാണിത്. ഹീമോഗ്ലോബിന്റെ ഉല്‍പ്പാദനത്തിന്  സഹായിക്കുന്ന വൈറ്റമിന്‍ ആണിത്. സ്ഥിരമായി ഈ വൈറ്റമിന്‍ ഡഫിഷ്യന്‍സി വന്നാല്‍ അത് നാഡീവ്യവസ്ഥയെ തന്നെ തകരാറിലാക്കും.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.