Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


 ◾എഐ ക്യാമറ പദ്ധതിയിലെ കരാറുകാര്‍ക്കുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കരുതെന്ന് ഹൈക്കോടതി. കാമറ ഇടപാടിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്ന് ഉത്തരവുണ്ടാകുന്നതുവരെ പണം നല്‍കരുത്. കേസ് മൂന്നാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യണം.

◾സര്‍ക്കാരിന്റെ അഴിമതി പുറത്തു കൊണ്ടുവരുന്നവരെ നേരിടാന്‍ കള്ളക്കേസുകള്‍ കെട്ടിച്ചമച്ചാലും നിശബ്ദരാവില്ലെന്നും കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എ.ഐ ക്യാമറ ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പിണറായി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്തല.


◾വിദ്യാര്‍ത്ഥി സംഘടനയില്‍ അംഗമായാല്‍ എന്തു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താമെന്ന സ്ഥിതിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉന്നത വിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്താല്‍ അധ്യാപകരാകാം. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പാസ്പോര്‍ട്ടാണ് എസ്എഫ്ഐ മെമ്പര്‍ഷിപ്പെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.


◾വ്യാജരേഖ കേസില്‍ പ്രതിയായ കെ വിദ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ  ഹൈക്കോടതി അടുത്തയാഴ്ചത്തക്കു മാറ്റി.  രാഷ്ട്രീയ നേട്ടത്തിനായി കെട്ടിച്ചമച്ച കേസെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം.

◾ഒന്നര ആഴ്ചത്തെ വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. മന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീകര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


◾പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ കമ്പനിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. അരവിന്ദിന്റെ മൃതദേഹം പുറത്തെടുത്തത് കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.


◾ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ അച്ചടക്ക നടപടിയെക്കുറിച്ചും വ്യാജ ഡിഗ്രി വിവാദത്തിലും പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജില്ലാ കമ്മിറ്റിക്കു ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.


◾താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ട സിപിഎം നേതാവ് പി പി ചിത്തരഞ്ജന്‍. അച്ചടക്ക നടപടിയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനു മാനേജുമെന്റ് ക്വാട്ടയില്‍ സീറ്റു നല്‍കാന്‍ സിപിഎം നേതാവാണു ശുപാര്‍ശ ചെയ്തതെന്ന് എംഎസ്എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു. ശുപാര്‍ശ ചെയ്ത നേതാവിന്റെ പേര് വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നിഖിലിനെതിരെ കോളേജ് മാനേജ്മെന്റ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


◾നിഖില്‍ തോമസ് പാര്‍ട്ടിയോടു കാണിച്ചത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍. അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷന്‍ പറഞ്ഞു.


◾വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചു പൊലീസും വിദ്യാഭാസ വകുപ്പും സമഗ്രമായി അന്വേഷിക്കണമെന്ന് എഐവൈഎഫ്  സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍. നിഖില്‍ തോമസിനെതിരായ പരാതിയില്‍ എസ്എഫ്ഐ അല്ല അന്വേഷണം നടത്തേണ്ടതെന്നും അരുണ്‍ പറഞ്ഞു.


◾മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ കാര്‍ യാത്രക്കാര്‍ക്കു നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍. ആന റോഡില്‍ നില്‍ക്കുന്നതു കണ്ടു ഭയന്ന് റോഡരികില്‍ ഒതുക്കിയ കാറിന്റെ ചക്രങ്ങള്‍ മണ്ണില്‍ പൂണ്ടുപോയി. ഇതോടെ വാഹനം പിറകോട്ടെടുക്കാനാവാത്ത സ്ഥിതിയായി. കാട്ടാന പാഞ്ഞടുത്തതോടെ കാറിലെ യാത്രക്കാര്‍ ഇറങ്ങി ഓടി മറ്റു വാഹനങ്ങളുടെ മറവില്‍ നിന്നാണു രക്ഷപ്പെട്ടത്.

◾തിരുവനന്തപുരത്തെ വിനോദ സഞ്ചാരകേന്ദ്രമായ പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു. കല്ലാര്‍ ഗോള്‍ഡന്‍ വാലി വരെ മാത്രമേ വലിയ വാഹനങ്ങള്‍ അനുവദിക്കൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.  മഴ മൂലം  മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാലാണ് തീരുമാനം.


◾വടകരയില്‍ ചെന്നൈ - മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്മെന്റില്‍ അഞ്ചു കിലോ കഞ്ചാവ് പിടികൂടി.


◾ജപ്തി ഭീഷണിയെത്തുടര്‍ന്ന് വയോധികന്‍ ആത്മഹത്യ ചെയ്തു. കോട്ടയം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പില്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ (77) ആണ് ആത്മഹത്യ ചെയ്തത്. ഫെഡറല്‍ ബാങ്കില്‍ നിന്ന് ഗോപാലകൃഷ്ണന്‍ 10 ലക്ഷം രൂപ ഭവന നിര്‍മ്മാണ വായ്പ എടുത്തിരുന്നു.


◾ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ എടക്കര മുപ്പിനി സ്വദേശി റെന്‍സന്‍ (19) ആണ് മരിച്ചത്. മലപ്പുറം കെ.എന്‍.ജി റോഡില്‍ ചുങ്കത്തറ എടമല വളവില്ലാണ് അപകടം ഉണ്ടായത്.

◾നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എ.കെ.ജി. നഗറില്‍ താമസിക്കുന്ന കല്ലായി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ വിജീഷാണ് (27) മരിച്ചത്. കുന്നംകുളം ചൊവ്വന്നൂരില്‍ കൊടുവായൂര്‍ ക്ഷേത്രം റോഡിലാണ് അപകടമുണ്ടായത്.  


◾പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. രാവിലെ പ്രത്യേക വിമാനത്തില്‍ യാത്ര തിരിച്ച മോദിയെ ന്യൂയോര്‍ക്കില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ സ്വീകരിക്കും. നാളെ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തെ ചടങ്ങില്‍ മോദി പങ്കെടുക്കും. പ്രമുഖ വ്യക്തികളുമായും മോദി കൂടികാഴ്ച നടത്തും.


◾അതിര്‍ത്തിയില്‍ സമാധാനം പുലരാതെ ചൈനയുമായുള്ള നല്ല ബന്ധം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ആഗോള തലത്തില്‍ ഇന്ത്യക്ക് അര്‍ഹിക്കുന്ന തരത്തിലുള്ള അംഗീകാരം ലഭിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.


◾മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ പര്യടനത്തിനിടെ വാഷിംഗ്ടണില്‍ മെയ്തെയ് വിഭാഗക്കാര്‍ പ്രതിഷേധിക്കും. കലാപത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെടാന്‍ മോദിയുമായി കൂടിക്കാഴ്ചയ്ക്കു ഡല്‍ഹിയില്‍ ദിവസങ്ങളോളം കാത്തുനിന്ന മണിപ്പൂരിലെ ഭരണപക്ഷ, പ്രതിപക്ഷ അംഗങ്ങള്‍ക്കു കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാതെയാണ് മോദി അമേരിക്കയിലേക്കു പോയത്.

◾നികുതി വരുമാനത്തില്‍ വന്‍ വര്‍ധന. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ നെറ്റ് ഡയറക്ട് ടാക്സ് ഇനത്തില്‍ 3.80 ലക്ഷം കോടി രൂപ ലഭിച്ചെന്ന് കേന്ദ്ര ധനമന്ത്രാലയം. 2023- 24 ഏപ്രില്‍ - ജൂണ്‍ പാദത്തിലെ റിപ്പോര്‍ട്ടാണിത്. 11 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്.


◾കലാപം തുടരുന്ന മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തില്ല. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭരണം തുടരാനാണ് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. പ്രധാനമന്ത്രി മോദി അമിത് ഷായുമായും ജെപി നഡ്ഡയുമായും സംസാരിച്ചു.


◾അറ്റ്ലാന്റ്‌റിക് സമുദ്രത്തില്‍ 1912 ല്‍ മഞ്ഞുമലയിലിടിച്ച് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചു വിനോദസഞ്ചാരികളുമായി പോയ അന്തര്‍വാഹിനി കാണാതായി. മുങ്ങിക്കപ്പലിനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം സജീവമായി തുടരുകയാണ്. കാനഡയില്‍നിന്നു യാത്ര തിരിച്ച കപ്പലാണ് കാണാതായത്.


◾സൂപ്പര്‍ താരം ലയണല്‍ മെസ്സി അടക്കമുള്ള ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനക്കൊപ്പം കളിക്കാനുള്ള അവസരം പാഴാക്കി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍. സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിച്ചതായാണ് റിപ്പോര്‍ട്ട്. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചിലവ് കാരണമാണ് ഇന്ത്യ പിന്മാറിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യാന്തര സൗഹൃദ മത്സരങ്ങളുടെ ഭാഗമായി ഏഷ്യയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കാനായിരുന്നു അര്‍ജന്റീനയുടെ തീരുമാനം. 32 കോടിക്കും 40 കോടിക്കും ഇടയിലുള്ള ഒരു തുകയാണ് കളിക്കാന്‍ അര്‍ജന്റീന ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾കേരളത്തിലെ പ്രമുഖ എഡ്‌ടെക്  ഫ്‌ളാറ്റ്‌ഫോമായ  സൈലം ലേണിംഗിന്റെ 50 ശതമാനം ഓഹരികള്‍ നോയിഡ ആസ്ഥാനമായ എഡ്‌ടെക് ആപ്പായ ഫിസിക്‌സ് വാല ഏറ്റെടുക്കും. 500 കോടി രൂപ നിക്ഷേപത്തോടെ അടുത്ത മൂന്നുവര്‍ഷം കൊണ്ടാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഏറ്റെടുക്കുന്നതില്‍ സൈലത്തിന്റെ പുതിയ  ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ ഓഹരിയായും പണമായും കൈവശം വച്ചിട്ടുള്ള പങ്കാളിത്തവും ഉള്‍പ്പെടും. നിക്ഷേപത്തിന്റെ ഒരുഭാഗം സൈലത്തിന്റെ ലേണിംഗ് മോഡല്‍ വിപുലപ്പെടുത്താനാകും ഉപയോഗിക്കുക. ജി.എസ്.വി വെഞ്ച്വേഴ്‌സും വെസ്റ്റ് ബ്രിഡ്ജ് ക്യാപ്പിറ്റലും പിന്തുണയ്ക്കുന്ന ഫിസിക്‌സ് വാല കഴിഞ്ഞ ഒരു വര്‍ഷമായി  നടത്തുന്ന ഏറ്റെടുക്കലുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് സൈലത്തിന്റേത്. യു.എ.ഇ ആസ്ഥാനമായ കെ12 ഓണ്‍ലൈന്‍, ഗള്‍ഫ് മേഖലകളില്‍ പ്രവാസികള്‍ക്കായി പരീക്ഷാ പരിശീലനം നല്‍കുന്ന ഓഫ്‌ലൈന്‍ സ്റ്റാര്‍ട്ടപ്പായ നോളജ് പ്ലാനറ്റ് എന്നിവയെയും അടുത്തിടെ ഏറ്റെടുത്തിരുന്നു. ഐന്യൂറോണ്‍, ആള്‍ട്ടിസ് വോര്‍ടെക്‌സ്, പ്രിപ് ഓണ്‍ലൈന്‍, ഫ്രീ കോ എന്നിവയെയും ഫിസിക്‌സ് വാല  ഏറ്റെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യയിലേക്കും സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് ഫിസിക്‌സ് വാല സൈലത്തെ ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിന് ശേഷവും സൈലത്തെ സ്വതന്ത്ര ബ്രാന്‍ഡായി നിലനിറുത്തിയേക്കും. 2021-22 സാമ്പത്തിക വര്‍ഷപ്രകാരം 232.48 കോടി രൂപയാണ് ഫിസിക്‌സ് വാലയുടെ വരുമാനം. തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 9 മടങ്ങ് അധികമാണിത

◾ഐഫോണ്‍ കയറ്റുമതിയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യ. ഇന്ത്യയുടെ ഐഫോണ്‍ കയറ്റുമതി 2023 മെയ് മാസത്തില്‍ 10,000 കോടി രൂപയില്‍ എത്തി. വ്യാവസായിക കണക്കുകള്‍ പ്രകാരം ഈ മാസം രാജ്യത്ത് നിന്നുള്ള സ്മാര്‍ട്ട്ഫോണുകളുടെ മൊത്തം കയറ്റുമതി 12,000 കോടി രൂപയായി. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി 20,000 കോടി കവിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 9,066 കോടി രൂപയായിരുന്നു. ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ പ്രകാരം രണ്ട് മടങ്ങാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാദേശിക ഉത്പാദനം വര്‍ദ്ധിപ്പിച്ചതോടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതി ഏകദേശം നാലിരട്ടി ഉയര്‍ന്ന് അഞ്ച് ബില്യണ്‍ ഡോളറായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയുടെ 80 ശതമാനവും ആപ്പിളിന്റെ സംഭാവനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ബാക്കി 20 ശതമാനം സാംസങും മറ്റ് ചില പ്രാദേശിക ബ്രാന്‍ഡുകളും പങ്കിട്ടു. ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ച്, പ്രീമിയം സ്മാര്‍ട്ട് ഉപകരണങ്ങളുടെ പുതിയ സാധ്യതയുള്ള കേന്ദ്രമാക്കി മാറ്റാനാണ് ആപ്പിളിന്റെ പദ്ധതി.

◾രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കരണ്‍ ജോഹര്‍ ചിത്രമാണ് 'റോക്കി ഔര്‍ റാണി കീ പ്രേം കഹാനി'. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 2016-ലെ ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന ചിത്രത്തിന് ശേഷം കരണ്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിന്റെ ആദ്യ തിയറ്റര്‍ റിലീസാണ് റോക്കി ഔര്‍ റാണി കി പ്രേം കഹാനി. അതിനിടയില്‍ നെറ്റ്ഫ്ലിക്സ് ആന്തോളജികളായ ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്റ്റോറീസ് എന്നിവയില്‍ കരണ്‍  രണ്ട് ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയ ബോളിവുഡിലെ ഇതിഹാസങ്ങള്‍ ചിത്രത്തിലെ സഹതാരങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്‍വീര്‍ സിംഗിന്റെയും ആലിയയുടെയും പ്രണയം തന്നെയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇഷിത മൊയ്ത്ര, ശശാങ്ക് ഖൈതാന്‍, സുമിത് റോയ് എന്നിവര്‍ ചേര്‍ന്നാണ് റോക്കി ഔര്‍ റാണി കീ പ്രേം കഹാനി എഴുതിയിരിക്കുന്നത്. ഇഷിത മൊയ്ത്രയുടെതാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍, പ്രീതത്തിന്റെയാണ് സംഗീതം, അമിതാഭ് ഭട്ടാചാര്യ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്.  ജൂലൈ 28 ന് സിനിമ തീയറ്ററുകളില്‍ എത്തും.


◾ലോകമെങ്ങുമുള്ള സീരിസ് പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിന്‍-ഓഫ് സീക്വല്‍ 'ബെര്‍ലി'ന്റെ പുതിയ ടീസര്‍ ഇറങ്ങി. മണി ഹീസ്റ്റില്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ബെര്‍ലിന്റെ ജീവിതത്തിലേക്കാണ് പുതിയ സീരിസ് എത്തുന്നത്.  മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്റെ പേര്. മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനായാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിനെ കാണികള്‍ പരിചയപ്പെട്ടത്. സ്പെയിന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കും മുന്‍പാണ് ബെര്‍ലിന്റെ പുതിയ സീരിസിലെ കഥ നടക്കുന്നത്. മണി ഹീസ്റ്റിന്റെ ആദ്യത്തെ കഥയില്‍ തന്നെ ബെര്‍ലിന്‍ മരണപ്പെടുകയാണ് ഉണ്ടായത്. തുടര്‍ന്നു വന്ന സീസണുകളില്‍ ഫ്ലാഷ്ബാക്കുകളിലാണ് ബെര്‍ലിന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെട്ടത്. ബര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യമാണ് നിങ്ങള്‍ കണ്ടത്. അദ്ദേഹത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയുള്ള ഒരു യാത്ര, അവന്‍ പ്രണയ ഭ്രാന്തനാണ്, പ്രണയത്തിന് വേണ്ടി അവന്‍ യൂറോപ്പ് കൊളളയടിക്കുന്നുണ്ട്, അതാണ് ഈ സീരിസിന്റെ പ്രമേയം. ഡിസംബര്‍ 2023 ല്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. പെട്രോ അലന്‍സോയുടെ പ്രധാന കഥാപാത്രത്തിനൊപ്പം മണി ഹീസ്റ്റ് സീരിസിലെ പ്രഫസര്‍ അടക്കം പ്രധാന താരങ്ങള്‍ ഇതിലും പ്രത്യക്ഷപ്പെട്ടേക്കാം.

◾ഇന്നോവയെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന പ്രീമിയം എംപിവി ഇന്‍വിക്റ്റോയുടെ ബുക്കിങ് ആരംഭിച്ച് മാരുതി സുസുക്കി. 25000 രൂപ നല്‍കി നെക്സ ഡീലര്‍ഷിപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ വാഹനം ബുക്ക് ചെയ്യാം. ജൂലൈ 5ന് വാഹനം പുറത്തിറക്കും. മാരുതി നിരയിലെ ഏറ്റവും വില കൂടിയതും ഓട്ടമാറ്റിക് മോഡിലും ലഭിക്കുന്ന ഏക മോഡല്‍ ഇതായിരിക്കും. ഇന്നോവയുടെ പുതിയ ഹൈക്രോസിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും മാരുതിയുടെ മോഡലില്‍ ഏറെ മാറ്റങ്ങളുണ്ടാകും. ഹണികോമ്പ് ഫിനിഷിലുള്ള പുതിയ ഗ്രില്‍, ഗ്രാന്‍ഡ് വിറ്റാരയ്ക്ക് സമാനമായി ഹെഡ്‌ലാംപുകളെ യോജിപ്പിച്ചുകൊണ്ടുള്ള ക്രോം സ്ട്രിപ്പ്. എന്നിവ ഈ മോഡലിലുണ്ടാകും. ടൊയോട്ടയുടെ ടിഎന്‍ജിഎസി ആര്‍ക്കിടെക്ച്ചറിലാണ് എംപിവിയുടെ നിര്‍മാണം. ഇന്നോവ ഹൈക്രോസിലുള്ള എഡിഎഎസ് ഫീച്ചറുകള്‍ ഇല്ലാതെയായിരിക്കും മാരുതി പതിപ്പ് വിപണിയിലെത്തുക. ഇന്നോവ ഹൈക്രോസിലെ 2 ലീറ്റര്‍ പെട്രോള്‍, 2 ലീറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനുകളില്‍ പുതിയ വാഹനം എത്തും. 183 ബിഎച്ച്പി കരുത്തുള്ള ഹൈബ്രിഡ് പതിപ്പില്‍ ഇ സിവിടി ഗിയര്‍ബോക്സ് ഉപയോഗിക്കുമ്പോള്‍ 173 ബിഎച്ച്പി കരുത്തുള്ള പെട്രോള്‍ എന്‍ജിന്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്സായിരിക്കും. ഹൈബ്രിഡ് പതിപ്പിന് 21 കിലോമീറ്റര്‍ ഇന്ധനക്ഷതമയും പ്രതീക്ഷിക്കാം.


◾അപൂര്‍വ്വമായൊരു സാഹിത്യപ്രവേശിക. പ്രചോദനപ്രദവും പ്രയോജനപ്രദവുമായ നൂറ് അദ്ധ്യായങ്ങള്‍. ഓരോ അദ്ധ്യായവും ഒരുള്‍ക്കാഴ്ച. എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്ന പേരില്‍, കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ എഴുതിയ നൂറു കുറിപ്പുകള്‍. മലയാളസാഹിത്യം, ലോകസാഹിത്യം, കല, നാടോടിവിജ്ഞാനം, ദൃഷ്ടാന്തകഥകള്‍, തത്ത്വചിന്ത, ചരിത്രം, പരിസ്ഥിതി തുടങ്ങി പല പല മേഖലകളിലെ അറിവുകള്‍ ഇഴചേര്‍ന്ന് എഴുത്തിന്റെ കനല്‍ത്തരിയെ ആളിക്കത്തിക്കുവാനുള്ള ഊര്‍ജ്ജമാകുന്ന എഴുത്തുപാഠങ്ങള്‍. എഴുത്തുകാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം. 'എഴുത്തുകാര്‍ക്ക് ഒരു പണിപ്പുര'. കല്‍പ്പറ്റ നാരായണന്‍. മാതൃഭൂമി. വില 172 രൂപ.

◾കൊളസ്ട്രോള്‍ തോത് വര്‍ധിക്കുന്നത് രക്തധമനികള്‍ ബ്ലോക്കായി ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗസങ്കീര്‍ണതകള്‍ ഉണ്ടാക്കാം. നിത്യവുമുള്ള വ്യായാമം, സന്തുലിതമായ ഭക്ഷണക്രമം, സജീവമായ ജീവിതശൈലി എന്നിവയെല്ലാം കൊളസ്ട്രോള്‍ നിയന്ത്രണത്തിനു സഹായിക്കും. മഞ്ഞള്‍പ്പൊടിയിലെ കുര്‍ക്കുമിന് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിദത്ത ആന്റിഇന്‍ഫ്ളമേറ്ററി  ഗുണങ്ങളുള്ള മഞ്ഞള്‍പ്പൊടി ശരീരത്തിലെ നീര്‍ക്കെട്ടും കുറയ്ക്കുന്നു. സന്ധിവേദന, പേശിവേദന, ശരീരവേദന പോലുള്ള പ്രശ്നങ്ങള്‍ക്കും മഞ്ഞള്‍ പരിഹാരമാണ്. തലച്ചോറിന് ഉണര്‍വ് നല്‍കി അല്‍സ്ഹൈമേഴ്സ് പോലുള്ള രോഗലക്ഷണങ്ങളെ ലഘൂകരിക്കാനും മഞ്ഞള്‍പ്പൊടി സഹായിക്കുന്നു. ഇനി പറയുന്ന രീതിയില്‍ മഞ്ഞള്‍പ്പൊടി നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. സൂപ്പില്‍ ചേര്‍ത്ത് കഴിക്കാം. ചൂട് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും ചേര്‍ത്ത് കഴിക്കാം. ചായയിലും മഞ്ഞള്‍പ്പൊടി ചേര്‍ക്കാം. സ്മൂത്തിയിലും മഞ്ഞള്‍പ്പൊടി വിതറി കഴിക്കാം. സാലഡുകളിലും മഞ്ഞള്‍ ഭാഗമാക്കാം. പാലില്‍ ചേര്‍ത്തും മഞ്ഞള്‍ കഴിക്കാവുന്നതാണ്. എന്നാല്‍ ചിലര്‍ക്ക് മഞ്ഞളിന്റെ അമിത ഉപയോഗം അതിസാരം, ഓക്കാനം, തലവേദന, തലകറക്കം, ദഹനപ്രശ്നം, ചര്‍മത്തിന് അലര്‍ജി, അസ്വാഭാവിക രക്തസ്രാവം പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതിനാല്‍ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തും മുന്‍പ് നിങ്ങളുടെ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിര്‍ദ്ദേശം തേടുക.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.