◾വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയെന്ന കേസിലെ പ്രതി കെ വിദ്യ പിടിയില്‍. കോഴിക്കോട് മേപ്പയൂര്‍ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് പാലക്കാട് അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് വിദ്യയെ കണ്ടെത്തിയത്. രാത്രി പന്ത്രണ്ടരയോടെ വിദ്യയെ അഗളിയില്‍ എത്തിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തു 15 ദിവസങ്ങള്‍ക്കു ശേഷമാണ് അറസ്റ്റ്. ഇന്നുച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
◾സംസ്ഥാനത്ത് പനിമൂലം ഇന്നലെ ആറു പേര്‍ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് നാലു പേരാണു മരിച്ചത്. കൊല്ലം ചവറ സ്വദേശി അരുണ്‍ കൃഷ്ണ (33), പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖില (32), കൊച്ചുകുഞ്ഞ് ജോണ്‍ (70), ബഷീര്‍ (74) എന്നിവരാണു ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവില്‍ കുന്നുംപുറത്തുവീട്ടില്‍ സുബൈര്‍ മകന്‍ സമദ് (18), ചാത്തന്നൂര്‍ ഒഴുകുപാറ സ്വദേശി ബൈജു -ഷൈമ ദമ്പതികളുടെ മകന്‍ അഭിജിത്ത എന്നിവരാണു പനി ബാധിച്ചു മരിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സഹകരണം തേടി ഡോക്ടര്‍മാരുടെ സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു.
◾ലൈഫ് പദ്ധതിയില്‍ വീട് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസില്‍ തീയിട്ട ആനപ്പാംകുഴി സ്വദേശി മുജീബിനെ പൊലീസ് അറസ്റ്റു ചെയ്തു. ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനു പോയപ്പോഴാണ് ഓഫീസിലേക്കു പെട്രോളുമായി ഓടിക്കയറി തീയിട്ടത്. പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫിന്റെ കൊള്ളരുതായ്മ മൂലമാണ് തീയിട്ടതെന്ന് സിപിഎം ആരോപിച്ചു.
◾തിരുവല്ല കുടുംബ കോടതി ജഡ്ജി ജി.ആര്‍. ബുല്‍കുലിന്റെ കാര്‍ അടിച്ചു തകര്‍ത്തു. കോടതിയില്‍ വിസ്താരത്തിനിടെ പലതവണ ക്ഷുഭിതനായ തേഞ്ഞിപ്പലം കടയ്ക്കാട്ടുപാറ അമൃത് സാഗറില്‍ ഇ.പി. ജയപ്രകാശ് (53) ആണ് കോടതിക്കു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ചില്ലു തകര്‍ത്തത്. വിവാഹമോചനത്തിന് ആറു കൊല്ലമായി കോടതി കയറിയിറങ്ങുന്ന മര്‍ച്ചന്റ് നേവി റിട്ടയേഡ് ക്യാപ്റ്റനായ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്നു സിപിഐ. ഇക്കാര്യം സിപിഎമ്മിനോട് ആവശ്യപ്പെടാന്‍ സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏക വിദ്യാര്‍ത്ഥി സംഘടന എന്ന എസ്എഫ്ഐയുടെ നിലപാട് അഭികാമ്യമല്ലെന്നും യോഗം വിലയിരുത്തി.
◾വൈക്കത്ത് ഒരു കുടുംബത്തിലെ അഞ്ചു പേരുമായി മരണവീട്ടിലേക്കു പോയ വളളം മുങ്ങി രണ്ടു പേര്‍ മരിച്ചു. ഉദയനാപുരം കൊടിയാട് പുത്തന്‍തറ ശരത് (33), സഹോദരി പുത്രന്‍ ഇവാന്‍ (4) എന്നിവരാണു മരിച്ചത്. വൈക്കം തലയാഴം ചെട്ടിക്കരി ഭാഗത്താണ് അപകടം. രക്ഷപ്പെട്ട മൂന്നു പേരെ ആശുപത്രിയില്‍ എത്തിച്ചു.
◾വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന സെക്രട്ടറി അന്‍സില്‍ ജലീലിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. കേരള സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡിജിപി അനില്‍ കാന്തിന് നല്‍കിയ പരാതിയിലാണ് കേസ്.
◾എംജി സര്‍വകലാശാലയിലെ 154 ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതിനു രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു. മുന്‍ സെക്ഷന്‍ ഓഫീസറെയും ഇപ്പോഴത്തെ സെക്ഷന്‍ ഓഫീസറെയുമാണു സസ്പെന്റ് ചെയ്തത്. രണ്ട് ഉദ്യോഗസ്ഥരുടെയും പേര് സര്‍വകലാശാല വെളിപെടുത്തിയിട്ടില്ല.
◾വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എം കോം രജിസ്ട്രേഷന്‍ സര്‍വകലാശാല റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കിയിട്ടുണ്ട്.
◾വ്യാജ രേഖാകേസില്‍ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയെ സിപിഎമ്മും പോലീസും ചേര്‍ന്നാണ് ഇത്രയും നാള്‍ ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യാജവത്കരിച്ച് വിദ്യാഭ്യാസ മേഖലയെ എസ്എഫ്ഐ മലീമസമാക്കിയെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾പകര്‍ച്ചപ്പനി ഭീഷണിയാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിയും എലിപ്പനിയും തടയാന്‍ ശുചീകരണം ഉറപ്പാക്കണം. വീടുകളുടെ പരിസരങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
◾കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യക്കു വധഭീഷണി. അക്രമകാരികളായ തെരുവ് നായകളെ കൊല്ലാന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വധഭീഷണി. വാട്സ്ആപ്പ് ഗ്രൂപ്പിലെ ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
◾നെടുമ്പാശേരി വിമാനത്താവളത്തില്‍ കാര്‍ഗോയില്‍ കടത്തിയ 206 ഗ്രാം സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശിനികളായ സജ്ന, സൈന എന്നിവരുടെ പേരിലാണ് പാഴ്സല്‍ എത്തിയത്.
◾ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ് 14 ശതമാനമായതോടെ ഡാം നിര്‍മാണത്തോടെ വെള്ളത്തില്‍ മുങ്ങിയ വൈരമണി ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ പുറത്തായി. രണ്ടായിരത്തോളം കുടുംബങ്ങള്‍ വസിച്ചിരുന്ന പ്രദേശമായിരുന്നു വൈരമണി ഗ്രാമം. അന്ന് അവിടെയുണ്ടായിരുന്ന കെട്ടിടങ്ങളുടെ കരിങ്കല്‍ തറകളും മറ്റുമാണ് ദൃശ്യമായത്.
◾കോഴിക്കോട് ബീച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റില്‍. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.
◾ലണ്ടനിലെ പെക്കാമില്‍ എറണാകുളം സ്വദേശിയായ അരവിന്ദ് ശശികുമാര്‍ (37) കുത്തേറ്റു മരിച്ച സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി തിരുവനന്തപുരം വര്‍ക്കല ഇടച്ചറ സ്വദേശി സല്‍മാന്‍ സലിമിന്റെ ജാമ്യാപേക്ഷ ലണ്ടനിലെ ഓള്‍ഡ് ബ്ലെയി സെന്‍ട്രല്‍ ക്രിമിനല്‍ കോടതി തള്ളി. അടുത്ത വര്‍ഷംവരെ ജഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് ഉത്തരവ്.
◾തമിഴ്നാട്ടിലെ 500 മദ്യശാലകള്‍ ഇന്ന് അടച്ചു പൂട്ടും. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശമനുസരിച്ച് ടാസ്മാക്ക് കോര്‍പ്പറേഷനാണ് ഉത്തരവിറക്കിയത്. ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. ചെന്നൈയില്‍ 138 മദ്യശാലകളാണ് പൂട്ടുക. കോയമ്പത്തൂര്‍ മേഖലയില്‍ 138 മദ്യശാലകള്‍ അടച്ചിടും.
◾മണിപ്പൂര്‍ കലാപത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സര്‍വകക്ഷി യോഗം വിളിച്ചു. 24 നാണു യോഗം. കലാപം അമ്പതു ദിവസം പിന്നിട്ടശേഷമാണ് യോഗം വിളിക്കുന്നത്. ഡല്‍ഹിയിലെത്തി കാത്തിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലെ കക്ഷിനേതാക്കളെ കാണാന്‍ തയാറായിരുന്നില്ല.
◾എന്‍സിപി നേതാവ് അജിത് പവാര്‍ ഉടക്കുന്നു. പാര്‍ട്ടിയിലെ നേതൃപദവി വേണമെന്ന് അജിത് പവാര്‍ ആവശ്യപ്പെട്ടു. പ്രഫൂല്‍ പട്ടേലിനേയും സുപ്രിയ സുലെയേയും വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ്.
◾ബെംഗളൂരുവില്‍ ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്ത മലയാളി അറസ്റ്റില്‍. കമ്മനഹള്ളി സെന്റ് പയസ് പള്ളിയില്‍ അതിക്രമം നടത്തിയതിന് ബാനസവാടി സ്വദേശി ടോം മാത്യു ആണ് പിടിയിലായത്. താന്‍ ദൈവമാണെന്ന് വിളിച്ചുകൂവിക്കൊണ്ടാണ് ഇയാള്‍ പള്ളിയിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ത്തത്.
◾യുഎന്‍ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്‍കിയ യോഗ ദിന പരിപാടി ഗിന്നസ് ലോക റിക്കാര്‍ഡായി. 180 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് യോഗ പരിപാടിയില്‍ പങ്കെടുത്തത്. ഏറ്റവും അധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്ത യോഗ എന്ന ലോക റിക്കാര്‍ഡാണ് ഈ പരിപാടി നേടിയത്.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തി. സ്വീകരണ ചിത്രങ്ങള്‍ സഹിതം മോദി ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രസിഡന്റിന്റെ അത്താഴവിരുന്നിലും പങ്കെടുക്കും.
◾ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് 'ഏകാധിപതി'യെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കാലിഫോര്‍ണിയയില്‍ നടന്ന ധനസമാഹരണ പരിപാടിക്കിടെയാണ് ഇങ്ങനെ വിശേഷിപ്പിച്ചത്. യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ബെയ്ജിംഗില്‍ ഷിയെ കണ്ടതിനു പിറ്റേന്നാണ് ജോ ബൈഡന്റെ വിവാദ പരാമര്‍ശം.
◾സാഫ് കപ്പ് ഫുട്‌ബോളില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തു കളഞ്ഞത്.
◾സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന്റെ ആദ്യ പകുതിയില്‍ താരങ്ങളും പരിശീലകരും ഏറ്റുമുട്ടി. ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡും പാകിസ്താന്‍ പരിശീലകന് മഞ്ഞക്കാര്‍ഡും വിധിച്ചു. പാക് താരം പന്ത് ത്രോ ചെയ്യാന്‍ ശ്രമിക്കവെ സ്റ്റിമാച്ച് താരത്തില്‍ നിന്ന് പന്ത് തട്ടിപ്പറിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
◾ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ സിംഗപ്പൂര്‍ ഒന്നാം സ്ഥാനത്ത്. ആഡംബര ജീവിതത്തിന് ഏറ്റവും ചെലവേറിയ നഗരമായി കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്ന സിംഗപ്പൂര്‍ ആദ്യമായാണ് ഒന്നാം സ്ഥാനത്തെത്തുന്നത്. ആഡംബര ജീവിതത്തിനു ചെലവേറിയ ആദ്യ മൂന്നു രാജ്യങ്ങളും ഏഷ്യയില്‍ നിന്നാണ്. ചൈനയിലെ ഷാങ്ഹായ്, ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോംഗ് എന്നിവയാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൂലിയസ് ബെയര്‍ ഗ്രൂപ്പ് ലിമിറ്റഡ് ആണ് പട്ടിക പുറത്തുവിട്ടത്. രണ്ടാം സ്ഥാനത്തായിരുന്ന ലണ്ടന്‍ കഴിഞ്ഞ വര്‍ഷം നാലാമതായി. ന്യൂയോര്‍ക്ക് അഞ്ചാം സ്ഥാനത്ത് ആണ്. കഴിഞ്ഞ വര്‍ഷം 11-ാം സ്ഥാനത്തായിരുന്ന യു.എസ് സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്ക്, ഡോളര്‍ ശക്തിപ്പെട്ടതോടെയും കോവിഡില്‍നിന്നു തിരിച്ചുവന്നതോടെയുമാണ് ഇത്തവണ അഞ്ചാം സ്ഥാനത്തെത്തിയത്. ഗള്‍ഫ് നഗരമായ ദുബായ് ഏഴാം സ്ഥാനത്താണുള്ളത്. ലോകത്തിലെ ഏറ്റവും ചെലവേറിയ 10 നഗരങ്ങളില്‍ അഞ്ചെണ്ണം ഏഷ്യയില്‍നിന്നാണ്. 18-ാം സ്ഥാനത്തുള്ള മുംബയ് ആണ് ആദ്യ 20 റാങ്കിലുള്ള ഏക ഇന്ത്യന്‍ നഗരം. ജനവാസ കേന്ദ്രങ്ങള്‍, ബിസിനസ് ക്ലാസ് ഫ്ലൈറ്റുകള്‍, ബിസിനസ് സ്‌കൂള്‍, മറ്റ് ആഡംബരങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയത്.
◾ധനുഷ് വീണ്ടും ഹിന്ദി സിനിമയില്‍ വേഷമിടുന്നു. ആന്ദ് എല്‍ റായ്യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'തേരെ ഇഷ്‌ക് മേം' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നേരത്തെ ആന്ദ് എല്‍ റായ്യുടെ സംവിധാനത്തില്‍ ധനുഷ് നായകനായ 'രാഞ്ജന' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് ടീസറില്‍ പറയുന്നതും 'വേള്‍ഡ് ഓഫ് രാഞ്ജന' എന്നാണ്. എ ആര്‍ റഹ്‌മാനാണ് സംഗീതം. 'തേരെ ഇഷ്‌ക് മേം' എന്ന ചിത്രം നിര്‍മിക്കുന്നത് ആനന്ദ് എല്‍ റായ്യും ഹിമാന്‍ഷു ശര്‍മയുമാണ്. വിശാല്‍ സിന്‍ഹയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്ദ് എല്‍ റായ്യുടെ സംവിധാനത്തില്‍ ആരൊക്കെയാകും ധനുഷിനൊപ്പം എത്തുക എന്നതടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍ വീണ്ടും തമിഴ് സിനിമയില്‍. 'അസുരനി'ലൂടെയായിരുന്നു മഞ്ജു തമിഴകത്ത് എത്തിയത്. ധനുഷ് നായകനായ ചിത്രത്തില്‍ മഞ്ജുവിന്റെ കഥാപാത്രവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. അജിത്ത് നായകനായ 'തുനിവ്' എന്ന ചിത്രത്തിലൂടെയും മഞ്ജു തമിഴകത്തെ മനംകവര്‍ന്നു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും മഞ്ജു തമിഴകത്ത് എത്തുന്നത്. 'മിസ്റ്റര്‍ എക്സ്' എന്നാണ് പേര്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് ഈ ചിത്രത്തില്‍ നായകന്‍മാരായി എത്തുക. സ്റ്റണ്ട് സില്‍വയാണ് സ്റ്റണ്ട് ഡയറക്ഷന്‍. പ്രിന്‍സ് പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. രാജീവനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ദിപു നൈനാന്‍ തോമസാണ് സംഗീതം. വിഷ്ണു വിശാല്‍ നായകനായ ഹിറ്റ് ചിത്രം 'എഫ്ഐആര്‍' ഒരുക്കിയതും മനു ആനന്ദ് ആണ്.
◾ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒബിഡി2 മാനഡണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ 2023 ഷൈന്‍ 125 പുറത്തിറക്കി. ആഗോള നിലവാരത്തിലുള്ള എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ശക്തിപ്പെടുത്തുന്ന ഹോണ്ടയുടെ ഏറ്റവും വിശ്വസനീയമായ 125സിസി ബിഎസ്6 പിജിഎം-എഫ്ഐ എഞ്ചിനാണ് പുതിയ ഷൈന്‍ മോഡലിന് നല്‍കിയിരിക്കുന്നത്. എളുപ്പവും കാര്യക്ഷവുമായ റൈഡിന് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനോട് കൂടിയാണ് 2023 ഷൈന്‍ 125 എത്തുന്നത്. 162 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും, 1285 എംഎം നീളമുള്ള വീല്‍ബേസും മികച്ച യാത്ര ഉറപ്പാക്കും. യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് 651 എംഎം നീളമുള്ള സീറ്റാണ് പുതിയ മോഡലിലുള്ളത്. ട്യൂബ് ലെസ് ടയറുകളാണ് മറ്റൊരു പ്രത്യേകത. 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും (മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + ഏഴ് വര്‍ഷത്തെ ഓപ്ഷണല്‍ എക്സ്റ്റന്‍ഡഡ് വാറന്റി) ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. ബ്ലാക്ക്, ജെനി ഗ്രേ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേ, റെബല്‍ റെഡ് മെറ്റാലിക്, ഡീസെന്റ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ 2023 ഷൈന്‍ 125 ലഭിക്കും. ഡ്രം വേരിയന്റിന് 79,800 രൂപയും, ഡിസ്‌ക് വേരിയന്റിന് 83,800 രൂപയുമാണ് ദില്ലി എക്സ്ഷോറൂം വില.
◾മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ഭാവനയില്‍ ലയിപ്പിച്ച് അവതരിപ്പിക്കുന്ന രീതിയാണ് നമ്മുടെ സാഹിത്യ ചരിത്രത്തിനുള്ളത്. അവരുടെ ജീവിത പ്രശ്നങ്ങളും തൊഴില്‍പരമായ പ്രയാസങ്ങളും കൃത്യമായി വിവരിക്കുന്ന ആത്മകഥ മലയാള സാഹിത്യത്തില്‍ പിറവിയെടുക്കുകയാണ്. ജീവിതത്തിന്റെ ആഴങ്ങളിലെ വ്യഥകളും ഒറ്റപ്പെടലുകളും ഉടനീളം അനുഭവിച്ചപ്പോള്‍ ദൈവസ്നേഹവും പ്രാര്‍ത്ഥനയും കരുത്താക്കി മാറ്റിയ ഒരു സ്രാങ്കിന്റെ കഥ. ഒരു മത്സ്യത്തൊഴിലാളിയുടെ ആത്മകഥ. കെ.ജെ യേശുദാസന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 323 രൂപ.
◾കോവിഡ് വാക്സീന്‍ കുത്തിവയ്പും പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പരിശോധിക്കുന്നു. നാല് വ്യത്യസ്ത അന്വേഷണമാണ് ഐസിഎംആര്‍ ഗവേഷകര്‍ നടത്തുന്നത്. ഒന്ന്, യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള ഹൃദയാഘാത മരണം കൂടിയതിന്റെ കാരണം, രണ്ടാമത്തേത് വാക്സീന്‍, ദീര്‍ഘകാല കോവിഡ് പ്രശ്നങ്ങള്‍, രോഗതീവ്രത തുടങ്ങിയവയും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോയന്നത്. ഇതിനായി 40ല്‍പരം ആശുപത്രികളില്‍ രോഗികളുടെ വിവരങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. മൂന്നാമത്തേത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ മൂലം രോഗികള്‍ പെട്ടെന്നു മരിക്കുന്ന സംഭവം. നാലാമത്തേത്, ഹൃദയാഘാതം സംഭവിക്കുകയും എന്നാല്‍ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യം. കോവിഡ് രോഗബാധയും പെട്ടെന്നുണ്ടാകുന്ന മരണവും തമ്മില്‍ ബന്ധമുണ്ടോയെന്ന ആശങ്ക ഗൗരവമായി തന്നെ പരിശോധിക്കുന്നുണ്ട്. കോവിഡ് ബാധിക്കുന്നവരില്‍ 6% പേര്‍ക്കു വരെയാണ് രോഗതീവ്രത കൂടുതലെന്നു കണ്ടെത്തിയിട്ടുള്ളത്. കോവിഡ് മുക്തി നേടിയാലും പ്രശ്നങ്ങള്‍ തുടരാം. ശ്വാസകോശം, ഹൃദയം, തലച്ചോര്‍ തുടങ്ങിയവയെ ബാധിക്കുകയും ചെയ്യാം. ഒരു വര്‍ഷം വരെ പ്രശ്നങ്ങള്‍ നീണ്ടുനില്‍ക്കാം. കൃത്യമായ പരിചരണമുണ്ടെങ്കില്‍ മറികടക്കാനും കഴിയും.