Click to learn more 👇

'അപമാന ഭാരം കൊണ്ട് താണുപോയ ആ പ്രമുഖ സിനിമാനടന്റെ തല ഇപ്പോള്‍ കാണുന്നില്ല': സുരാജിനെതിരെ പരോക്ഷ വിമര്‍ശനവുമായി കൃഷ്ണ കുമാര്‍


 കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരി ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും സാംസ്കാരിക നായകര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടൻ കൃഷ്ണ കുമാര്‍.

മണിപ്പൂരിലോ കശ്മീരിലോ, പേരുപോലുമറിയാത്ത ഏതെങ്കിലും ഉള്‍നാടൻ വടക്കേ ഇന്ത്യൻ ഗ്രാമത്തിലോ നടക്കുന്ന ഒരു പീഡന വാര്‍ത്ത വളഞ്ഞൊടിഞ്ഞ് ഇവിടെയെത്തുമ്ബോള്‍ മെഴുകുതിരി കത്തിക്കാൻ തീപ്പെട്ടി തപ്പുന്ന പ്രബുദ്ധ മലയാളികളെ ഇപ്പോള്‍ കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ കുമാര്‍.

ഒന്നുരണ്ടാഴ്ചകള്‍ക്കു മുൻപ്, അപമാന ഭാരം കൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോള്‍ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സുരാജ് വെഞ്ഞാറമൂടിന് പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു കൃഷ്ണ കുമാര്‍. മണിപ്പൂര്‍ വിഷയത്തില്‍ ‘അപമാന ഭാരം കൊണ്ട് തന്റെ തല താണുപോകുന്നു’ എന്ന് സുരാജ് ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം, കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ പേരില്‍ രാഷ്ട്രീയപ്പോര് കടുക്കുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പരസ്പരം പഴിചാരിയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരം. പൊലീസ് അനാസ്ഥയ്ക്കെതിരെ കോണ്‍ഗ്രസ്‌, ആലുവ പൊലീസ് സ്റ്റേഷൻ മാര്‍ച്ചും ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. കോണ്‍ഗ്രസ്‌ ഭരിക്കുന്ന നഗരസഭയുടെ വീഴ്ച ആരോപിച്ചാണ് ഇടതു മുന്നണിയുടെ പ്രതിരോധം. പ്രതിഷേധവുമായി നഗരസഭയിലേക്കാണ് എല്‍ ഡി എഫ് മാര്‍ച്ച്‌ നടത്തുക. 

കൊല്ലപ്പെട്ട കുട്ടിയുടെ പൊതുദര്‍ശനത്തിനും, സംസ്കാരചടങ്ങുകള്‍ക്കും സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താത്തതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതില്‍ പ്രതിഷേധം വ്യക്തമാക്കി ഡി സി സി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ ഞായറാഴ്ച രാത്രി മന്ത്രി വീണാ ജോര്‍ജ്ജും ജില്ലാ കളക്ടറും എത്തി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.