Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


◾മണിപ്പൂരില്‍ രാജിനാടകവുമായി മുഖ്യമന്ത്രി ബിരേന്‍സിംഗ്. ഗവര്‍ണറെ കാണാനിറങ്ങിയ ബിരേന്‍സിംഗിനെ സ്ത്രീകള്‍ അടക്കമുള്ളവര്‍ തെരുവില്‍ തടഞ്ഞ് രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് തടഞ്ഞത്. ഇതോടെ ബീരേന്‍ സിംഗ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി വസതിയിലേക്കു മടങ്ങി. അനുയായികള്‍ക്കൊപ്പമുണ്ടായിരുന്ന എംഎല്‍എ രാജിക്കത്ത് കീറിയെറിഞ്ഞു.

◾ഇന്നു മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വേഗത കുറച്ചില്ലെങ്കില്‍ പിഴശിക്ഷ. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി നഗര റോഡുകളില്‍ 50 കിലോമീറ്ററും മറ്റു റോഡുകളില്‍ അറുപതുമാക്കി കുറച്ച് വിജ്ഞാപനം പുറത്തിറക്കി. ഇന്നു പ്രാബല്യത്തിലാകും. മുച്ചക്ര വാഹനങ്ങള്‍ക്കും സ്‌കൂള്‍ ബസുകള്‍ക്കും പരമാവധി വേഗപരിധി 50 കിലോമീറ്ററായിരിക്കും.


◾വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസുകാരനും മലപ്പുറത്ത് എലിപ്പനി ബാധിച്ച് അച്ഛനും മകനും മരിച്ചു. വയനാട്ടില്‍ കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്കു പനിയും വയറിളക്കവും ഉണ്ടായിരുന്നു. മലപ്പുറത്ത് പൊന്നാനിയില്‍ കഴിഞ്ഞയാഴ്ച 70 വയസുകാരനും 44 വയസുള്ള മകനും മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു.


◾കാലവര്‍ഷം  കേരളത്തില്‍ 60 ശതമാനം കുറവ്. ജൂണില്‍ ശരാശരി 648.3 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത്  260.3 മില്ലീമീറ്റര്‍ മഴ മാത്രമാണ്. ജൂണ്‍ ആറിന് അറബികടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ് ചുഴലിക്കാറ്റാണ് കാലവര്‍ഷത്തെ ദുര്‍ബലമാക്കിയത്.


◾പി.വി അന്‍വര്‍ എംഎല്‍എയും കുടുംബവും അനധികൃതമായി കൈവശംവച്ച മിച്ചഭൂമി തിരിച്ചുപിടിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാത്തതിനു വിശദീകരണം വേണമെന്ന് ഹൈക്കോടതി. കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം എച്ച് ഹരീഷ്, താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് സ്‌പെഷല്‍ തഹസില്‍ദാര്‍ പി ജുബീഷ് എന്നിവരോടാണ് ഒരാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.

◾മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ പ്ലസ് ടു കോഴ വിജിലന്‍സ് കേസ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഷാജിക്കെതിരെ വീണ്ടും അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജി.


◾കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ആള്‍മാറാട്ടക്കേസില്‍ പ്രതികളായ മുന്‍ പ്രിന്‍സിപ്പലിനും എസ് എഫ് ഐ നേതാവിനും എതിരേ പ്രദമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവിലാണ് ഈ നിര്‍ദേശം. സര്‍വകലാശാലയ്ക്കു പ്രിന്‍സിപ്പല്‍ അയച്ച രേഖയില്‍ വിശാഖ് ഒപ്പിട്ടത് ഇരുവരും കുറ്റം ചെയ്തതിന്റെ അടയാളമാണെന്നു കോടതി വിലയിരുത്തി.


◾ചീഫ് സെക്രട്ടറിയായി ഡോ.വി വേണുവും പൊലീസ് മേധാവിയായി ഷെയിഖ് ദര്‍വേഷ് സാഹിബും ചുമതലയേറ്റു. 1990 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ വേണുവിന് ഒരുവര്‍ഷത്തെ കാലാവധിയാണുള്ളത്. എംബിബിഎസ് നേടിയ ശേഷമാണ് വേണു സിവില്‍ സര്‍വ്വീസില്‍ ചേര്‍ന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി ആയിരുന്നു. ആന്ധ്ര സ്വദേശിയായ ഷെയിഖ് ദര്‍വേഷ് സാഹിബിന് ഒരു വര്‍ഷമാണ് കാലാവധി ബാക്കിയെങ്കിലും പൊലീസ് മേധാവിയായതിനാല്‍ രണ്ടു വര്‍ഷം തുടരാനാകും.


◾ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം (അമ്പതിനായിരം രൂപ). ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവേല്‍, കെ.പി. സുധീര, ഡോ. രതി സക്സേന, ഡോ. പി.കെ. സുകുമാരന്‍ എന്നിവര്‍ക്കു സമഗ്രസംഭാവന പുരസ്‌കാരം (മുപ്പതിനായിരം രൂപ). കവിത- എന്‍.ജി. ഉണ്ണികൃഷ്ണന്‍ (കടലാസുവിദ്യ), നോവല്‍- വി. ഷിനിലാല്‍ (സമ്പര്‍ക്ക ക്രാന്തി), ചെറുകഥ- പി.എഫ്. മാത്യൂസ് (മുഴക്കം), നാടകം- എമില്‍ മാധവി (കുമരു), സാഹിത്യവിമര്‍ശനം- എസ്. ശാരദക്കുട്ടി (എത്രയെത്ര പ്രേരണകള്‍), ഹാസസാഹിത്യം- ജയന്ത് കാമിച്ചേരില്‍ (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍), ജീവചരിത്രം, ആത്മകഥ- ബിആര്‍പി ഭാസ്‌കര്‍ (ന്യസ് റൂം), യാത്രാവിവരണം- സി. അനൂപ് (ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം), ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകള്‍), വിവര്‍ത്തനം- വി. രവികുമാര്‍ (ബോദ്ലേര്‍), ബാലസാഹിത്യം- ഡോ. കെ. ശ്രീകുമാര്‍ (ചക്കരമാമ്പഴം), വൈജ്ഞാനിക സാഹിത്യം- സി.എം. മുരളീധരന്‍ (ഭാഷാസൂത്രണം പൊരുളും വഴികളും), കെ. സേതുരാമന്‍ (മലയാളി ഒരു ജിനിതകം) എന്നിവരാണു വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയത്.

◾ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയില്‍നിന്ന് എക്സൈസ് പിടിച്ചത് ലഹരി മരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ട്. ചാലക്കുടി സ്വദേശിനിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കള്ളക്കേസില്‍ കുടുക്കി 72 ദിവസമാണു ജയിലില്‍ അടച്ചത്. കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ഷീല ആവശ്യപ്പെട്ടു.


◾മാധ്യമപ്രവര്‍ത്തകയ്ക്കു ലൈംഗിക അശ്ലീല സന്ദേശമയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകള്‍ക്കെതിര അശ്ലീലച്ചുവയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. നിസാറിനെ പിഡിപി സസ്പെന്‍ഡു ചെയ്തു.


◾ജൂണ്‍ മാസത്തെ റേഷന്‍ ഇന്നു കൂടി വിതരണം ചെയ്യും. ഇ പോസ് മെഷീന്‍ തകരാറിലായതുമൂലം രണ്ടു ദിവസം റേഷന്‍ വിതരണം തടസപ്പെട്ടതിനാലാണ് ഈ ക്രമീകരണം.


◾രാജ്യത്തെ സാംസ്‌കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്‌കാരം' എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനാണ് ഏകീകൃത സിവില്‍ കോഡ് ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അദ്ദേഹം പറഞ്ഞു.


◾എ ഐ ക്യാമറാ ഇടപാടുകളില്‍ അഴിമതി ആരോപിച്ചുള്ള പ്രതിപക്ഷ ഹര്‍ജിയില്‍ രാഷ്ട്രീയ ലക്ഷ്യമല്ല, പൊതുനന്മയ്ക്കായാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹൈക്കോടതിയില്‍ നല്‍കിയ  സത്യവാങ്മൂലത്തിലാണ് ഈ വിവരം. ക്യാമറ ഇടപാടില്‍ മാത്രമല്ല, ലൈഫ് മിഷനിലും കൊവിഡ് പര്‍ച്ചേസിലുമെല്ലാം സംസ്ഥാന ഖജനാവിനു പണം നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് സൊസൈറ്റിയ്ക്കു നല്‍കിയ കരാറുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.


◾ഭരണം മാറുമെന്നും അഴിമതി കേസുകളില്‍ പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കണ്ണൂരില്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍.


◾കാന്തപുരത്തിന്റെ സുന്നി ഐക്യനിര്‍ദേശം സ്വാഗതം ചെയ്ത് സമസ്ത. സുന്നി ഐക്യം എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും ഐക്യത്തിന് വേണ്ടി എന്നും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്തയെന്നും പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.


◾വടകര ആയഞ്ചേരിയില്‍ നാലു വയസുകാരി ഉള്‍പ്പെടെ എട്ടു പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. വീടിനുള്ളില്‍ കയറിയാണ് നാലു വയസുകാരി ഫാത്തിമയെ കുറുക്കന്‍ കടിച്ചത്. പരുക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾റബര്‍ വില 300 രൂപയാക്കാമെന്ന് മോഹിപ്പിച്ചും മലയാറ്റൂര്‍മല കയറിയും ക്രിസ്മസ് കേക്കുമായി കയറിയിറങ്ങിയും ക്രൈസ്തവരെ പാട്ടിലാക്കാന്‍ ഓടിനടന്ന ബിജെപിക്കാര്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ ഓടിയൊളിച്ചെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ആട്ടിന്‍ തോലിട്ട ചെന്നായുടെ  തനിസ്വരൂപം പുറത്തുവന്നതോടെ അടുപ്പം കാട്ടിയവര്‍പോലും ഇനി അടുക്കാത്ത വിധം അകന്നുപോയി. സുധാകരന്‍ പറഞ്ഞു.


◾ഓപ്പറേഷന്‍ തിയറ്ററില്‍ ഹിജാബും നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏഴു വിദ്യാര്‍ഥിനികള്‍ നല്‍കിയ കത്ത് പുറത്തു വിട്ടതിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി യൂണിയന്‍ പൊലീസില്‍ പരാതി നല്‍കി. കത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയായതും അന്വേഷിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


◾മര ഉരുപ്പടികള്‍ മോഷ്ടിച്ച കേസില്‍ സാക്ഷി പറഞ്ഞതിന് കണ്ണൂര്‍ പൊതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സംഭവത്തില്‍ പ്രതിക്കു ജീവപര്യന്തം തടവുശിക്ഷ. മുഴപ്പാല പള്ളിച്ചാല്‍ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അബ്ദുള്‍ ഷുക്കൂറിനെയാണ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി പ്രശാന്തിനെ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.


◾തൃശൂര്‍- പാലക്കാട് ദേശീയപാതയിലെ വഴുക്കുംപാറയിലെ പാലത്തോടുചേര്‍ന്നുള്ള വിള്ളലില്‍ സിമന്റിട്ട് ഓട്ടയടച്ച് കരാര്‍ കമ്പനി. കോണ്‍ക്രീറ്റ് ബലപ്പെടുത്തണമെന്നു നാട്ടുകാര്‍. കോണ്‍ക്രീറ്റ് ഭിത്തി നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ദേശീയ പാതാ പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു. വിള്ളല്‍മൂലം ഈ റോഡില്‍ 300 മീറ്റര്‍ നീളത്തില്‍ ഗതാഗതം ഒറ്റവരിയാക്കിയിട്ടുണ്ട്.


◾തൃശൂര്‍ കോര്‍പ്പറേഷനില്‍ കുടിക്കാന്‍ ചെളിവെള്ളമാണ് വിതരണം ചെയ്യുന്നതെന്നാരോപിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ സമരവുമായി യുഡിഎഫ്. ചെളിവെള്ളം നിറച്ച കുപ്പികളും കൈതോല പായയുമായാണ് യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്.


◾ബസ് തൊഴിലാളികള്‍ തമ്മിലുള്ള കൂട്ടത്തല്ലിനിടെ ആറു സ്വകാര്യ ബസുകള്‍ തല്ലിതകര്‍ത്തു. ചേര്‍ത്തല സ്വകാര്യ ബസ് സ്റ്റാന്‍ഡിലാണു സംഭവം. ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്കു ചെയ്ത മൂന്ന് ബസും പട്ടണക്കാട് നിര്‍ത്തിയിട്ട രണ്ടും വയലാര്‍ കവലയില്‍ ഒരു ബസുമാണ് തല്ലിത്തകര്‍ത്തത്. പട്ടണക്കാട് സ്വദേശിയായ വി എസ് സുനീഷിന്റെ ബസുകളാണ് തകര്‍ത്തത്.

◾യഥാര്‍ത്ഥ പ്രതിയെ കിട്ടിയിട്ടും മറ്റൊരാളെ പ്രതിയാക്കിയ മോഷണ കേസ് പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. തെളിവുകളില്ലാതെ മാല മോഷണകേസില്‍ രമേശ് കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിലടച്ച സംഭവത്തിലാണ് ഇടപെടല്‍. മാവേലിക്കര പൊലീസ് സ്റ്റേഷനിലുള്ള കേസ് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പുനഃരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.


◾തൃശൂര്‍ കയ്പമംഗലത്ത് പൊലീസുകാരനെ ആക്രമിച്ച് ബാഗ് തട്ടിയെടുത്ത കേസില്‍ പ്രതി പിടിയില്‍. കയ്പമംഗലം ഡോക്ടര്‍ പടി സ്വദേശി മിഥുനാണ് (29)അറസ്റ്റിലായത്.


◾ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച 63 കാരന് 14 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം കൊണ്ണിയൂര്‍ സെന്റ് ത്രേസ്യാസ് സ്‌കൂളിന് സമീപം എസ് ഒ ഹൗസില്‍ സത്യ ദാസി (63) നെതിരെ കാട്ടാക്കട പോക്സോ അതിവേഗ കോടതിയുടെതാണ് വിധി.


◾കോട്ടയം എലിക്കുളത്ത് ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമായി പഞ്ചായത്ത് രൂപീകരിച്ച ഗാനമേള ട്രൂപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പാട്ടിനൊപ്പം ചുവടുവച്ചു. ജനപ്രതിനിധികള്‍ക്കും വയോജനങ്ങള്‍ക്കുമൊപ്പമാണു ചുവടുവച്ചത്. 'മാജിക് വോയ്സ്' എന്ന പേരില്‍ എലിക്കുളം പഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയ ഗാനമേള ട്രൂപ്പിന്റെ ഉദ്ഘാടന ചടങ്ങാണ് ഇങ്ങനെ ശ്രദ്ധേയമായത്.


◾ഏക വ്യക്തിനിയമത്തില്‍ അഭിപ്രായം തേടി ദേശീയ നിയമ കമ്മീഷന്‍ നല്‍കിയ നോട്ടീസില്‍ പ്രതിനിധികളെ പാര്‍ലമെന്ററി  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചര്‍ച്ചയ്ക്കു വിളിച്ചു. നിയമ മന്ത്രാലയത്തിന്റേയും നിയമ കമ്മീഷന്റേയും പ്രതിനിധികളെ ജൂലൈ മൂന്നിനാണു ചര്‍ച്ചയ്ക്കു വിളിച്ചിരിക്കുന്നത്. ഏകീകൃത വ്യക്തിനിയമം അനിവാര്യമല്ലെന്ന മുന്‍ നിയമകമ്മീഷന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണ് ചര്‍ച്ച.


◾ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള കുറഞ്ഞ പ്രായം പതിനെട്ടില്‍നിന്ന് പതിനാറായി കുറയ്ക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് ദീപക് കുമാര്‍ അഗര്‍വാളാണ് ഇങ്ങനെ നിരീക്ഷിച്ചത്. പതിനെട്ടു വയസിന് താഴെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും കോടതി പറഞ്ഞു.

◾ബെംഗളുരുവില്‍ അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കെ ആര്‍ പുരം തഹസില്‍ദാര്‍ അജിത് റായിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് കോടിക്കണക്കിനു രൂപയുടെ സ്വര്‍ണവും പണവും നാല് ആഢംബര കാറുകളും. നിരവധി ബിനാമി സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയിട്ടുണ്ട്. രണ്ടു കോടി രൂപയുടെ വസ്തുക്കളാണ് സഹകാര നഗറിലെ വീട്ടില്‍നിന്നു മാത്രം ലോകായുക്ത പിടിച്ചെടുത്തത്.


◾നോട്ടുകെട്ടുകട്ടുകളുമായി പൊലീസുകാരന്റെ മകള്‍ എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസുകാരന് സസ്പെന്‍ഷന്‍. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണവും തുടങ്ങി. അഞ്ഞൂറു രൂപയുടെ നോട്ടുകെട്ടുകള്‍ നിരത്തിവച്ച് മകള്‍ പോസ് ചെയ്തെടുത്ത ചിത്രമാണ് അച്ഛനു പണി കൊടുത്തത്. ലക്നോവിനടുത്ത് ബെഹ്താ മുജാവാര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയായ രമേഷ് ചന്ദ്ര സാഹ്നിയെയാണു സസ്പെന്‍ഡുചെയ്തത്.


◾സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അര്‍ച്ചന ജോഷിയെ മാറ്റി അനില്‍ കുമാര്‍ മിശ്രയെ നിയമിച്ചു.  അര്‍ച്ചന ജോഷിയെ കര്‍ണാടക യെലഹങ്കയിലെ റെയില്‍ വീല്‍ ഫാക്ടറി ജനറല്‍ മാനേജരായി നിയമിച്ചു. ബാലസോര്‍ ട്രെയിന്‍ ദുരന്തത്തെത്തുടര്‍ന്നാണു നടപടി.


◾ഡല്‍ഹി മെട്രോയില്‍ മദ്യം കൊണ്ടുപോകാനുള്ള വിലക്ക് നീക്കി. ഒരാള്‍ക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാം. കുപ്പിയുടെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.


◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. വാഗ്നര്‍ പടയുടെ വിമത നീക്കത്തിനു ശേഷമുള്ള സാഹചര്യവും യുക്രൈന്‍ സംഘര്‍ഷവും ചര്‍ച്ചയായി.


◾2023-ലെ ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയ്ക്ക്. ഇന്നലെ നടന്ന ഫൈനലില്‍ ഇറാനെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ഒമ്പത് പതിപ്പുകളില്‍ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ഇന്ത്യയേയും ഇറാനേയും കൂടാതെ ജപ്പാന്‍, കൊറിയ, ചൈനീസ് തായ്‌പേയ്, ഹോങ് കോങ് എന്നീ ആറ് ടീമുകളാണ് ഏഷ്യന്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നത്.


◾ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് 221 റണ്‍സിന്റെ ലീഡ്. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 416 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 325 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ്.

◾യുവേഫ ചാമ്പ്യന്‍സ് ലീഗിലെ 2022-23 സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം ലയണല്‍ മെസ്സിക്ക്. മുന്‍ പിഎസ്ജി താരമായിരുന്ന മെസി ബെന്‍ഫിക്കയ്‌ക്കെതിരേ നേടിയ മനോഹരമായ ഗോളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.


◾ഇന്ത്യയില്‍ ചരക്ക് സേവന നികുതി നടപ്പാക്കി ആറ് വര്‍ഷം പിന്നിടുമ്പോള്‍ പ്രതിമാസ ജി.എസ്.ടി വരുമാനം 1.5 ലക്ഷം കോടി രൂപയിലെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. നികുതിക്ക് മേല്‍ നികുതി എന്ന രീതി ഒഴിവാക്കാനാണ് 2017 ജൂലൈ 1ന് ചരക്ക് സേവന നികുതി മുന്നോട്ട് വച്ചത്. ജി.എസ്.ടിക്ക് കീഴില്‍ 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളാണുള്ളത്. കൂടാതെ സ്വര്‍ണം, ആഭരണങ്ങള്‍, വിലയേറിയ കല്ലുകള്‍ എന്നിവയ്ക്ക് 3% എന്ന പ്രത്യേക നിരക്കുമുണ്ട്. കൂടാതെ കട്ട് ആന്‍ഡ് പോളിഷ്ഡ്  വജ്രങ്ങള്‍ക്ക് 1.5% പ്രത്യേക നിരക്കുമുണ്ട്. പ്രതിമാസ വരുമാനം തുടര്‍ച്ചയായി വര്‍ധിക്കുകയും 2023 ഏപ്രിലില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.87 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തതോടെ, തട്ടിപ്പുകാരെ പിടികൂടാനും നികുതി വെട്ടിപ്പ് തടയാനുമുള്ള ശ്രമങ്ങള്‍ ജി.എസ്.ടി ഉദ്യോഗസ്ഥര്‍ ശക്തമാക്കുകയാണ്. വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനുകള്‍ തിരിച്ചറിയുന്നതിനും നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടുന്നതിനുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് രണ്ട് മാസത്തെ പ്രത്യേക നടപടി ആരംഭിച്ചു. മൊത്തത്തില്‍, 2022-23 ല്‍ 14,000 ജിഎസ്ടി വെട്ടിപ്പ് കേസുകള്‍ കണ്ടെത്തി. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവ തടയുന്നതിനും നികുതി ഉദ്യോഗസ്ഥര്‍ ഡേറ്റ അനലിറ്റിക്‌സ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.


◾ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ഡ്യൂണ്‍ പാര്‍ട് 2 ട്രെയിലര്‍ എത്തി. 2021ല്‍ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടര്‍ച്ചയാണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ബ്രഹ്‌മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെര്‍ഗസന്‍, ജോഷ് ബ്രോളിന്‍, ഡേവിഡ് ബാറ്റിസ്റ്റ, സെന്‍ഡായ, ജാവിയര്‍ ബാര്‍ഡെം തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. ഹാന്‍സ് സിമ്മെര്‍ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസര്‍. ചിത്രം നവംബര്‍ 3ന് തിയറ്ററുകളിലെത്തും.


◾ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായകന്‍ എന്ന ഖ്യാതി സ്വന്തമാക്കി സംഗീത ഇതിഹാസം എ.ആര്‍.റഹ്‌മാന്‍. 3 കോടി രൂപയാണ് റഹ്‌മാന്റെ പ്രതിഫലമെന്ന് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പാട്ടിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായിക അഥവാ ഗായകന്‍ ആരാണെന്നത് പല കാലങ്ങളിലായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. സുനിധി ചൗഹാന്‍, സോനു നിഗം, അര്‍ജിത് സിങ്, ശ്രേയ ഘോഷാല്‍ എന്നിവരായിരുന്നു സാധ്യതാ പട്ടികയിലെ പ്രമുഖര്‍. എന്നാല്‍ ഈ മുന്‍നിര ഗായകരെയൊക്കെ പിന്‍തള്ളിയാണ് എ.ആര്‍.റഹ്‌മാന്‍ ഒന്നാമതെത്തിയത്. റഹ്‌മാന്‍ തന്നെ സംഗീതം നിര്‍വഹിക്കുന്ന ചിത്രങ്ങളിലാണ് അദ്ദേഹം കൂടുതലായും ഗാനങ്ങള്‍ ആലപിക്കുന്നത്. പതിനൊന്നാം വയസ്സില്‍ സംഗീതരംഗത്തെത്തിയതാണ് എ.ആര്‍.റഹ്‌മാന്‍. 1992ല്‍ പുറത്തിറങ്ങിയ മണിരത്നം ചിത്രം 'റോജ'യിലൂടെ സിനിമാ സംഗീതലോകത്ത് ശ്രദ്ധേയനായി. റോജയിലെ പാട്ടുകള്‍ രാജ്യം മുഴുവന്‍ ഏറ്റുപാടിയതോടെ തിരക്കുള്ള സംഗീതജ്ഞനായി റഹ്‌മാന്‍ അതിവേഗം വളര്‍ന്നു. 'യോദ്ധ'യാണ് ആദ്യ മലയാള ചിത്രം.

◾ആഡംബര എസ്യുവി സെഞ്ചുറി ഈവര്‍ഷം അവസാനം പുറത്തിറക്കുമെന്ന് ടൊയോട്ട. സെഞ്ചുറി സെഡാനൊപ്പമായിരിക്കും ടൊയോട്ട സെഞ്ചുറി എസ്യുവിയും വിപണിയിലെത്തിക്കുക. പുതിയ വെല്‍ഫയര്‍ എംപിവി പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയ്‌സ് കള്ളിനോടും ബെന്റ്‌ലി ബെന്റെയ്ഗയോടുമൊക്കെയാണ് ടൊയോട്ട സെഞ്ചുറി എസ്യുവിക്ക് സാമ്യം. എന്നാല്‍ സെഞ്ചുറിക്ക് വില കുറവുമായിരിക്കും. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബരവാഹമായിട്ടാണ് ടൊയോട്ട സെഞ്ചുറിയെ അവതരിപ്പിക്കുന്നത്. ജാപ്പനീസ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ് സെഞ്ചുറി എസ്യുവി. പുതിയ സെഞ്ചുറി എസ്യുവി ജപ്പാനില്‍ മാത്രമല്ല വിദേശത്തും വില്‍ക്കാന്‍ ടൊയോട്ടക്ക് പദ്ധതിയുണ്ട്. ഗ്രാന്‍ഡ് ഹൈലാന്‍ഡര്‍ എസ്യുവിയുടെ പ്ലാറ്റ്‌ഫോമിലായിരിക്കും ടൊയോട്ട സെഞ്ചുറി പുറത്തിറങ്ങുകയെന്നാണ് കരുതപ്പെടുന്നത്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും രണ്ടു മീറ്റര്‍ വീതിയുമുള്ള വലിയ കാറായിരിക്കും ടൊയോട്ട സെഞ്ചുറി. വി12 എന്‍ജിനായിരിക്കും സെഞ്ചുറി എസ്യുവിക്ക് ടൊയോട്ട നല്‍കുകയെന്നാണ് കരുതപ്പെടുന്നത്. പെട്രോള്‍ ഹൈബ്രിഡ് വെര്‍ഷനും ഉണ്ടാവും. അഞ്ചു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിശാലമായ സൗകര്യമുള്ള ഉള്‍ഭാഗമാണ് സെഞ്ചുറിക്കുള്ളത്.

 

◾എം. ബാലകൃഷ്ണനില്‍ നിന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായ നേതാവായി വളര്‍ന്ന കോടിയേരി ബാലകൃഷ്ണന്‍ എന്ന രാഷ്ട്രീയമനുഷ്യന്റെ ജീവചരിത്രം. കെ എസ് എഫിലൂടെയും എസ് എഫ് ഐയിലൂടെയും പൊതുപ്രവര്‍ത്തനം ആരംഭിച്ച കോടിയേരി ബാലകൃഷ്ണന്റെ ജീവിതത്തിലെ സംഭവബഹുലമായ കാലങ്ങളുടെ അടയാളപ്പെടുത്തല്‍. കേരളത്തിലെ സാമൂഹ്യവിരുദ്ധപ്രവണതകളെ ചെറുക്കാനായി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കോടിയേരിയുടെ ഇടപെടലുകളെ രേഖപ്പെടുത്തുന്നു ഈ പുസ്തകം. ഒപ്പം, കോടിയേരിയുമായി അടുപ്പം സൂക്ഷിച്ചവരുടെ ഓര്‍മ്മകളും. 'കോടിയേരി: ഒരു ജീവചരിത്രം'. പ്രീജിത് രാജ്. കറന്റ് ബുക്സ്. വില: 299 രൂപ.


◾പാലോ പാലുത്പന്നങ്ങളോ ഉപയോഗിച്ചതിന് ശേഷം അസ്വസ്ഥതയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശരീരത്തിന് ലാക്റ്റേസ് എന്‍സൈം ഉത്പാദിപ്പിക്കാന്‍ പറ്റാതെ വരികയോ, കുറഞ്ഞ അളവില്‍ ഉത്പാദിപ്പിക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ് ലാക്ടോസ് ഇന്‍ടോളറന്‍സ് എന്ന അവസ്ഥ. ഈ പ്രശ്നമുള്ളവര്‍ പാല്‍ കുടിക്കുമ്പോള്‍ ചെറുകുടലില്‍ എത്തുന്ന ലാക്ടോസ് വിഘടിക്കാതിരിക്കുകയും വന്‍കുടലിലേക്ക് കടക്കുകയും ചെയ്യും. അവിടെവച്ച് ബാക്ടീരിയ അതിനെ വാതകങ്ങളും ആസിഡുകളുമായി മാറ്റും. ഇത് അസഹനീയമായ വയറുവേദനയ്ക്കും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമാകും. ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം തീവ്രമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. സ്‌കിന്‍ അലര്‍ജികള്‍, അസ്വസ്ഥതയുണ്ടാക്കുന്ന തിണര്‍പ്പ്, നിരന്തരമായ ചൊറിച്ചില്‍ പോലുള്ള ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് നിസാരമായി കരുതരുത്, പകരം ഉടനടി ഒരു ആരോഗ്യവിദഗ്ധനെ കാണണം. പാല് കുടിച്ചുകഴിയുമ്പോള്‍ അടിവയറ്റില്‍ നിന്ന് ശബ്ദമോ മുരള്‍ച്ചയോ കേള്‍ക്കുന്നതും വായൂക്ഷോഭം അനുഭവപ്പെടുന്നതും ഇത് മൂലമാകാം. പാലോ പാലുത്പന്നങ്ങളോ കഴിച്ച് ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ സ്ഥിരമായി വയറിളക്കം ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇത് ലാക്ടോസ് ഇന്‍ടോളറന്‍സിന്റെ സൂചനയാകാം. മലത്തിന്റെ നിറത്തിലും മാറ്റമുണ്ടാകും. ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലം അടിവയറ്റില്‍ വേദന അല്ലെങ്കില്‍ അസ്വസ്ഥത ഉണ്ടാക്കും. പാലുത്പന്നങ്ങളുടെ ഉപയോഗം മൂലം തുടര്‍ച്ചയായി ഛര്‍ദ്ദി അനുഭവപ്പെടുകയാണെങ്കില്‍ ശ്രദ്ധിക്കണം. വന്‍കുടലില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഉദരകോശങ്ങളില്‍ അസ്വസ്ഥതയ്ക്ക് കാരണമാകും. ഇതും ലാക്ടോസ് ഇന്‍ടോളറന്‍സ് മൂലമാകാം. ലാക്ടോസ് ഇന്‍ടോളറന്‍സ് സങ്കീര്‍ണ്ണമാണെങ്കില്‍ വിട്ടുമാറാത്ത പനി ഉണ്ടാകും.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.