ദില്ലി: ദില്ലി - ഷിംല ഹൈവേയില്‍ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹിമാചല്‍ പ്രദേശിലെ സോളനില്‍ ദേശീയപാത - 5ലായിരുന്നു സംഭവം.
വാഹനങ്ങള്‍ സഞ്ചരിക്കവെ കൂറ്റര്‍ പാറകള്‍ റോഡിലേക്ക് വീണു. തലനാരിഴയ്ക്കാണ് കാറുകള്‍ ഉള്‍പ്പെടെ ഏതാനും വാഹനങ്ങളിലെ യാത്രക്കാര്‍ രക്ഷപ്പെട്ടത്. മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന ഒരു കാറിന്റെ തൊട്ടടുത്താണ് വലിയ പാറകള്‍ പതിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഹൈവേയില്‍ ഒരു വശത്തുകൂടിയുള്ള വാഹന ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു.
ബുള്‍ഡോസറുകള്‍ എത്തിച്ച് കല്ലുകളും മണ്ണും നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നാല് വരികളുള്ള റോഡില്‍ ഗതാഗതം മറ്റ് പാതകളിലൂടെ തിരിച്ചുവിട്ട് ക്രമീകരിച്ചു. റോഡിലെ ഒരു വശത്തുള്ള വലിയ കുന്നിന് മുകളില്‍ നിന്ന് പാറകള്‍ താഴേക്ക് പതിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. ഹിമാചല്‍ പ്രദേശില്‍ പലയിടങ്ങളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.