പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരാവുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്ന തരത്തിലുള്ള പ്രതികരണവുമായി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ രംഗത്ത്.
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ആഗ്രഹമെന്നും അച്ചു ഉമ്മൻ പറഞ്ഞു. അപ്പ കഴിഞ്ഞാല്‍ ചാണ്ടി ഉമ്മനാണ് കുടുംബത്തിലെ രാഷ്ട്രീയക്കാരൻ. മക്കള്‍ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാട്. തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
ഇത്തരമൊരു മറുപടി ഇത്രവേഗം നല്‍കേണ്ടി വരുമെന്ന് കരുതിയില്ല. അദ്ദേഹം കടന്നു പോയിട്ട് ഒരാഴ്ച പോലും ആയില്ല. പക്ഷേ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കാതിരിക്കാൻ വേണ്ടി വ്യക്തത വരുത്തണമെന്ന് തോന്നി. ഞാനിത്രയും നാള്‍ ജീവിച്ചത് ഉമ്മന്‍ ചാണ്ടിയുടെ തണലിലാണ്. ഇനിയങ്ങോട്ട് അദ്ദേഹത്തിന്‍റെ മകളായി മാത്രം ജീവിക്കാനാണ് ആഗ്രഹം. എനിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് വരാന്‍ യാതൊരു ഉദ്ദേശവുമില്ല.
എനിക്കങ്ങനെ ആഗ്രഹവുമില്ല. ഞാന്‍ വിദേശത്ത് താമസിക്കുന്ന വ്യക്തിയാണ്. കുടുംബവുമായി അവിടെ സെറ്റില്‍ഡാണ്. ഞാന്‍ സ്വപ്നത്തില്‍ പോലും ആലോചിക്കാത്ത കാര്യമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കെപിസിസി പ്രസിഡന്‍റ് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ് പറഞ്ഞത്. പൊതുവെ ഇതൊക്കെ പാര്‍ട്ടി തീരുമാനിക്കുന്ന കീഴ്വഴക്കമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതെന്നും അച്ചു ഉമ്മൻ പറഞ്ഞു.