ബാലി: 33 കാരനായ ഇന്തോനേഷ്യൻ ഫിറ്റ്നസ് താരത്തിന് വര്‍ക്കൗട്ടിനിടെ ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയിലെ പ്രമുഖ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യന്‍ സ്വദേശി ജസ്റ്റിന്‍ വിക്കിയാണ് മരിച്ചത്.
ബാര്‍ബെല്‍ ഉയര്‍ത്തിക്കൊണ്ടുള്ള സ്ക്വാറ്റിനിടെ അപ്രതീക്ഷിതമായി അത് ശരീരത്തില്‍ പതിച്ച് കഴുത്ത് ഒടിയുകയായിരുന്നു. ജൂലൈ 15 നായിരുന്നു സംഭവം. ഇന്തോനേഷ്യയിലെ ബാലിയില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.
വ്യായാമത്തിനിടെയുണ്ടായ അപകടത്തില്‍ 210 കിലോഗ്രാം ഭാരമുള്ള ബാര്‍ബെല്‍ ശരീരത്തില്‍ പതിച്ചായിരുന്നു മരണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഷോള്‍ഡറില്‍ ബാര്‍ബെല്ലുമായി സ്ക്വാറ്റ് ചെയ്യുന്നതിനിടെ നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാതെ വരികയായരുന്നു. വെയിറ്റ് ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലേക്ക് വീഴുകയും ബാര്‍ബെല്‍ കഴുത്തില്‍ പതിക്കുകയുമായിരുന്നു. വെയിറ്റ് ലിഫ്റ്റിങ് സമയത്ത് സഹായത്തിനുണ്ടായിരുന്ന ആളിനും ബാലന്‍സ് നഷ്ടമായി പിന്നിലേക്ക് വീണു.
Justin Vicky, a fitness superstar with thousands of social media followers, died while training pic.twitter.com/r44gu3n7T8
— Darkside (@ShortCuts24) July 21, 2023
കഴുത്ത് ഒടിഞ്ഞ് ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ബാലിയിലെ പാര്‍ഡൈസ് എന്ന ജിംനേഷ്യത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.