Click to learn more 👇

സ്പോൺസറില്ലാതെ ഒരുവർഷത്തെ വീസ; ആശ്രിതവീസക്കാരായ വിധവകൾക്കും വിവാഹമോചിതർക്കും


 അബുദാബി∙ ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ കുടുംബവീസയിൽ കഴിയുന്നവർക്ക് ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നീ സാഹചര്യത്തിൽ ഒരു വർഷം വരെ സ്പോൺസറില്ലാതെ വീസ പുതുക്കി നൽകും. ഇവരുടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും.

മരണംദിവസം , വിവാഹമോചന തീയതി എന്നിവ കണക്കാക്കിയാണ്  വീസ കാലാവധി നിശ്ചയിക്കുക എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി അറിയിച്ചു. മരണ, വിവാഹമോചന സമയത്ത് കുടുംബ വീസയ്ക്ക് കാലാവധിയുണ്ടായിരിക്കണം.

ആശ്രിത വീസയിൽ കഴിയുമ്പോഴുണ്ടാകുന്ന ആകസ്മിക സംഭവങ്ങളിൽ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. കുട്ടികളുടെ വീസ കാലാവധി അമ്മയുടെ വീസ കാലാവധിയിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കുട്ടികളുടെയും മാതാവിന്റെയും വീസ കാലാവധി ഒരുപോലാക്കിയാണ് ഒരു വർഷത്തെ വീസ അനുവദിക്കുക.

വീസ പുതുക്കലിന് ആവശ്യമായ രേഖകൾ

വിവാഹമോചന രേഖ അല്ലെങ്കിൽ വിധവയെന്ന് തെളിയിക്കുന്ന ഡെത്ത് സർട്ടിഫിക്കറ്റ് മുഖേനയാണ് വീസ പുതുക്കാൻ അപേക്ഷിക്കേണ്ടത്. കുടുംബത്തിനു കഴിയാൻ താമസയിടം ഉണ്ടെന്നും അധികൃതർക്ക് ബോധ്യപ്പെടണം.  വിധവ, വിവാഹമോചിത എന്നിവർ മെഡിക്കൽ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. 18 വയസ്സ് തികഞ്ഞാൽ വീസ ആവശ്യമുള്ള മക്കളുടെ മെഡിക്കൽ സർട്ടിഫിക്കറ്റും നൽകണം. ഏത് എമിറേറ്റിലാണോ അപേക്ഷ സമർപ്പിക്കുന്നത് അതിനനുസരിച്ചു പ്രാദേശിക നിയമപ്രകാരം ഹെൽത്ത് ഇൻഷുറൻസ്, യുഎഇ ഐഡി എന്നിവയും സമർപ്പിക്കേണ്ടി വരും. വീസ പുതുക്കി നൽകുന്ന ഏറ്റവും കുറഞ്ഞ കാലപരിധിയാണ് ഒരു വർഷം. 2, 3, 5 വർഷത്തേക്കു പുതുക്കാനും സാധിക്കും.

ഗോൾഡൻ വീസക്കാർക്ക് 10 വർഷത്തെ കാലാവധിയിൽ വീസ ലഭിക്കും.

സ്പോൺസർ രാജ്യത്തിന് പുറത്തെങ്കിൽ ആനുകൂല്യമില്ല

സ്പോൺസർ 6 മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്താണെങ്കിൽ ആശ്രിത വീസ റദ്ദാക്കപ്പെടും. മരണം, അല്ലെങ്കിൽ വിവാഹ മോചനം എന്നിവ സംഭവിക്കുന്നതിന് 6 മാസം മുൻപു സ്പോൺസർ രാജ്യത്തിനു പുറത്താണെങ്കിൽ ആനുകൂല്യം നഷ്ടപ്പെടും. എന്നാൽ, ഗോൾഡൻ വീസക്കാർക്ക് ഈ നിബന്ധന ബാധകമല്ല.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.