ഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തതിനിടെ യുവാവും യുവതിയും പ്രാണരക്ഷാര്‍ത്ഥം ജനലിലൂടെ താഴേക്ക് ചാടി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗ്രേറ്റര്‍ നോയിഡ ഗൗര്‍ സിറ്റി - 1ലെ ഗ്യാലക്സി പ്ലാസ ഷോപ്പിങ് മാളില്‍ തീപിടുത്തമുണ്ടായത്. മാളിന്റെ മൂന്നാം നിലയില്‍ തീപിടിക്കുകയായിരുന്നു. പരിഭ്രാന്തരായ രണ്ട് പേര്‍ മൂന്നാം നിലയില്‍ ജനലിലൂടെ താഴേക്ക് ചാടുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ഫോട്ടോ വീഡിയോ സ്റ്റുഡിയോയിലാണ് തീപിടിച്ചത്. കനത്ത പുക ഉയര്‍ന്നതോടെയാണ് രണ്ട് പേര്‍ ജനലില്‍ തൂങ്ങി താഴേക്ക് ചാടിയത്. നാട്ടുകാര്‍ പരിസരത്തെ കടകളില്‍ നിന്നുള്ള മെത്തകള്‍ കൊണ്ടുവന്ന് നിലത്ത് വിരിച്ചിരുന്നു. ജനലില്‍ തൂങ്ങി നില്‍ക്കുന്നവരോട് താഴെ നില്‍ക്കുന്നവര്‍ ചാടാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. താഴേക്ക് ചാടിയവര്‍ക്ക് ആര്‍ക്കും സാരമായി പരിക്കേറ്റിട്ടില്ല.
ചെറിയ പരിക്കുകളുള്ള ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അഞ്ച് പേരാണ് തീപിടിച്ച സ്ഥലത്ത് അകപ്പെട്ടതെന്നും പരിഭ്രാന്തരായ രണ്ട് പേര്‍ ജനലിലൂടെ ചാടുകയും മറ്റ് മൂന്ന് പേരെ പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തുകയുമായിരുന്നുവെന്ന് ഗ്രേറ്റര്‍ നോയിഡ അഡീഷണല്‍ ഡിസിപി രാജീവ് ദീക്ഷിത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
#Watch Dramatic visuals Fire broke out on the third floor of galaxy plaza, gaur avenue 1, #GreaterNoida. People saved their lives by jumping from the building. @noidapolice pic.twitter.com/pAFL7KySYR