ട്രെഡ്‌മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവ എൻജിനീയര്‍ ഷോക്കേറ്റ് മരിച്ചു. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സാക്ഷം പ്രുതി എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്.
ഡല്‍ഹിയില്‍ രോഹിണിയിലെ സെക്ടര്‍ 15-ല്‍ ജിംപ്ലെക്‌സ് ഫിറ്റ്‌നസ് സെന്ററിലായിരുന്നു അപകടമുണ്ടായത്.
കഴിഞ്ഞദിവസം രാവിലെ എഴരയോടെ വ്യായാമം ചെയ്യുന്നതിനിടെ സാക്ഷം പ്രുതി ട്രെഡ്‌മില്ലില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിലാണ് വൈദ്യുതാഘാതമാണ് മരണകാരണമെന്ന് വ്യക്തമായത്.
സംഭവവുമായി ബന്ധപ്പെട്ട് ജിം മാനേജര്‍ അനുഭവ് ദുഗ്ഗലിനെ പൊലീസ് അറസ്റ്റുചെയ്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും എങ്ങനെയാണ് ഷോക്കേറ്റതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.