ഇസ്ലാമാബാദ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകന്‍ നസ്റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലേക്കാണ് യുവതി ഇന്ത്യയില്‍ നിന്ന് എത്തിയത്. വിസയും പാസ്പോര്‍ട്ടുമടക്കം നിയമപരമായാണ് യുവതി പാകിസ്ഥാനിലെത്തിയത്. മതപരിവര്‍ത്തനത്തിന് ശേഷം ഫാത്തിമ എന്ന പേരും സ്വീകരിച്ചു. അപ്പര്‍ ദിറിലെ ജില്ലാ കോടതിയിലാണ് നടന്ന നിക്കാഹ് ചടങ്ങുകള്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിന് ശേഷം ഇരുവരും 'അഞ്ജു വിത്ത് നസ്‌റുല്ല' എന്ന പേരില്‍ ഒരു വീഡിയോയും പുറത്തിറക്കി.
അതെസമയം, വിവാഹിതരാകാന്‍ പദ്ധതിയില്ലെന്ന് നസറുല്ല മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിവാഹിതരായെന്ന വാര്‍ത്ത പുറത്തുവന്നത്. അഞ്ജുവിന്‍റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് പാക് സുഹൃത്ത് നസ്‌റുല്ല വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ഇന്ത്യന്‍ യുവതി വീട്ടുകാരറിയാതെയാണ് കാമുകനെ തേടി പാകിസ്ഥാനിലെത്തിയത്. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ഭീവണ്ടി സ്വദേശിയാണ് അഞ്ജു. 2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫേസ്ബുക്കില്‍ സുഹൃത്തുക്കളായത്.
ജില്ലാ പൊലീസ് ഓഫീസര്‍ ഞായറാഴ്ച അഞ്ജുവിനെ ചോദ്യം ചെയ്യുകയും യാത്രാ രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. രേഖകള്‍ കൃത്യമായതിനാല്‍ നോ ഒബ്ജക്ഷൻ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. അതേസമയം രാജസ്ഥാനിലുള്ള അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ് ഭാര്യ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്. 2007ലാണ് അഞ്ജുവും അരവിന്ദും വിവാഹിതരായത്. ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്. കുറച്ച് ദിവസത്തേക്ക് ജയ്പൂരില്‍ ഒരു സുഹൃത്തിന്റെ അടുത്ത് പോവുകയാണെന്ന് പറഞ്ഞാണ് അഞ്ജു വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് ഭര്‍ത്താവ് അരവിന്ദ് പറഞ്ഞു. എന്നാല്‍ ഭാര്യ പാകിസ്ഥാനിലെത്തിയെന്ന വിവരം ഞായറാഴ്ച മാധ്യമങ്ങളിലൂടെയാണ് അരവിന്ദ് അറിഞ്ഞത്.