Click to learn more 👇

ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേത്; രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ്


 കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയയിലെന്ന് കണ്ടെത്തല്‍.

കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിലാണ് കത്രിക കുടുങ്ങിയതെന്നാണ് കണ്ടെത്തല്‍. 2017 ഫെബ്രുവരിയില്‍ കൊല്ലത്ത് വെച്ചെടുത്ത എംആര്‍ഐ സ്കാനില്‍ ഹര്‍ഷിനയുടെ ശരീരത്തില്‍ ലോഹസാന്നിധ്യം കാണാതിരുന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. 

സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പോലീസ് അന്വേഷണ റിപ്പോര്‍ട്ട്‌ പറയുന്നു. മാതൃ - ശിശു സംരക്ഷണ കേന്ദ്രത്തില്‍ നടത്തിയ മൂന്നാം പ്രസവത്തിലാണ് ഹര്‍ഷിനയുടെ ശരീരത്തില്‍ കത്രിക കുടുങ്ങിയത്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറി.

തുടര്‍ നടപടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം എന്നും നിര്‍ദേശമുണ്ട്. അടുത്ത മാസം ഒന്നിന് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് റിപ്പോര്‍ട്ട് വിലയിരുത്തും. 

2017 നവംബര്‍ 30 പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിനയ്ക്ക് വേദന ഒഴിഞ്ഞ സമയം ഉണ്ടായിട്ടില്ല. മൂത്ര സഞ്ചിയില്‍ കുത്തി നില്‍ക്കുന്ന നിലയില്‍ കത്രികയുമായി യുവതി 5 വര്‍ഷം വേദന തിന്നു. 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്നതിലൂടെ മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. 

പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്കാനിംഗിലാണ് മൂത്രസഞ്ചിയില്‍ കത്രിക കണ്ടെത്തുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ വെച്ച്‌ തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.


 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.