Click to learn more 👇

മിന്നല്‍ ചുഴലിയും കനത്ത മഴയും: പറവൂരില്‍ സര്‍ക്കാര്‍ കെട്ടിടം തകര്‍ന്നു വീണു, വീടുകള്‍ തകര്‍ന്നു;


 ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെമ്ബാടും വ്യാപക നാശനഷ്ടം. എറണാകുളത്ത് സര്‍ക്കാര്‍ കെട്ടിടവും കണ്ണൂരിലും കുഴല്‍മന്ദത്തും ചെര്‍പ്പുളശേരിയിലും വീടുകള്‍ തകര്‍ന്നു.

ചെര്‍പ്പുളശേരിയില്‍ മിന്നല്‍ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകിയിട്ടുണ്ട്.

എറണാകുളം പറവൂരിലെ മുൻ സബ്ട്രഷറി കെട്ടിടമാണ് തകര്‍ന്നു വീണത്. ശോച്യാവസ്ഥയിലായ കെട്ടിടത്തില്‍ നിന്ന് ട്രഷറിയുടെ പ്രവര്‍ത്തനം രണ്ടാഴ്ച്ച മുമ്ബ് നായരമ്ബലത്തേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ ചക്കരക്കല്ലില്‍ മഴയില്‍ വീട് തകര്‍ന്നു. കമ്യൂണിറ്റി ഹാളിന് സമീപം എ അജിതയുടെ വീടാണ് തകര്‍ന്നത്. അജിതയും കുംടുബവും രാത്രി സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാല്‍ ദുരന്തം ഒഴിവായി.

കുഴല്‍മന്ദത്ത് ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീട് തകര്‍ന്നു. വെല്‍ഡിംങ് തൊഴിലാളിയായ മോഹനന്റെ വീടാണ് തകര്‍ന്നത്. രാത്രിയില്‍ മരം കടപുഴകി വീഴുന്ന ശബ്ദം കേട്ട് കുടുംബത്തിലുളള നാലുപേരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മോഹനന്റെ മൂത്തമകന് ഓട് വീണ് പരിക്കേറ്റിട്ടുണ്ട്. 

ചെര്‍പ്പുളശ്ശേരി ചളവറ പാലാട്ടു പടിയിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും പൊട്ടിവീണു. 14 വീടുകള്‍ ഭാഗികമായി തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടു. കൊച്ചി ഇടപള്ളി എളമക്കര ഭാഗത്ത് റോഡിലേക്ക് മരം വീണു. മരത്തിനു തൊട്ട് താഴെ ഉണ്ടായിരുന്ന മൂന്ന് പേര്‍ അത്ഭുതകരമായി രക്ഷപെട്ടു.

തൃശ്ശൂര്‍ കരുതക്കാട് പള്ളിക്ക് സമീപം സംസ്ഥാന പാതയില്‍ വൻ തേക്ക് മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപെട്ടു. ഇന്നലെ രാത്രിയാണ് വനം വകുപ്പിന്റെ കെട്ടിടത്തില്‍ റോഡിനോട് ചേര്‍ന്ന് നിന്നിരുന്ന മരം കടപുഴകി റോഡിലേക്ക് വീണത്. ഈ സമയം റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. വൈത്യുതി കമ്ബികള്‍ പൊട്ടിയതിനാല്‍ മേഖലയിലെ വൈദ്യുതി വിതരണവും താറുമാറായിരുന്നു. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നു മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

വയനാട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട് ആണെങ്കിലും രാത്രി അതിശക്തമായ മഴയ്ക്ക് ശമനമുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടങ്കിലും നിലവില്‍ പ്രതിസന്ധിയില്ല. ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. വൈത്തിരി താലൂക്കിലെ കോട്ടത്തറ വില്ലേജില്‍ പാലാ പൊയില്‍ കോളനിയില്‍ വെള്ളം കയറിയതോടെ 19 കുടുംബങ്ങളെ ജിവിഎച്ച്‌എസ് കരിങ്കുറ്റിയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 63 അംഗങ്ങളാണ് നിലവില്‍ ഈ ക്യാമ്ബിലുള്ളത്.

വെങ്ങപ്പളളി വില്ലേജിലെ ചാമുണ്ടം കോളനിയില്‍ വെള്ളം കയറി. തെക്കുംതറ അമ്മ സഹായം യുപി സ്കൂളിലും ക്യാമ്ബ് തുടങ്ങിയിട്ടുണ്ട്. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെങ്കൂറ്റി കോളനിയിലെ 14 പേരെ കോട്ടനാട് യുപി സ്കൂളില്‍ ആരംഭിച്ച ക്യാമ്ബിലേക്ക് മാറ്റി. അടിയന്തര സാഹചര്യം നേരിടാൻ വയനാട് ജില്ലയില്‍ ദേശീയ ദുരന്ത നിവാരണ സേന ക്യാമ്ബ് ചെയ്യുന്നുണ്ട്. കൂടുതല്‍ ക്യാമ്ബ് തുറക്കേണ്ടി വന്നാല്‍, ക്രമീകരിക്കേണ്ട സ്ഥലങ്ങള്‍ വയനാട് ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. 

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെ ചുറ്റുമതില്‍ പൊട്ടിവീണു ആംബുലൻസുകള്‍ തകര്‍ന്നു. ഇന്ന് രാവിലെ 8 മണിയോടെയാണ് ആംബുലൻസുകള്‍ നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തെ മതില്‍ തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ടു ആംബുലൻസുകളുടെ പിറകുവശം തകര്‍ന്നിട്ടുണ്ട്. ദിവസങ്ങളായി ഈ മതില്‍ അപകടഭീഷണിയിലായിരുന്നു. ഇത് അധികൃതരെ അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും ആംബുലൻസ് ഡ്രൈവര്‍മാര്‍ പറയുന്നു. മതില്‍ തകര്‍ന്നതോടെ പ്രദേശത്ത് രണ്ടു മരങ്ങള്‍ ഏത് സമയത്തും തകര്‍ന്നു വീഴാറായി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത അപകടത്തിന് മുമ്ബ് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ആംബുലൻസ് ഡ്രൈവര്‍മാര്‍ പറയുന്നത്.

ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നു. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ താഴ്ത്താനാണ് നിര്‍ദ്ദേശം. അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.