Click to learn more 👇

ഇന്നത്തെ പ്രധാന വാർത്തകൾ ഇതുവരെ ഒറ്റ നോട്ടത്തിൽ


◾പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിക്കു കൊല്ലത്തേക്കു മടങ്ങാന്‍ സുപ്രീം കോടതിയുടെ അനുമതി. കര്‍ണാടക പൊലീസ് അകമ്പടി നല്‍കേണ്ട. 15 ദിവസത്തിലൊരിക്കല്‍ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കര്‍ണാടക പൊലീസിനു കൈമാറണം. സാക്ഷി വിസ്താരമടക്കം പൂര്‍ത്തിയായതിനാല്‍ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയില്‍ ആവശ്യമില്ല. മഅദനിയുടെ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തത്.

◾2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം ബംഗളൂരുവില്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പെടെ 24 പാര്‍ട്ടികളുടെ നേതാക്കള്‍ എത്തിയിട്ടുണ്ട്. യോഗം നാളേയും തുടരും. മുന്നണിക്കു പുതിയ പേര് നാളെ തീരുമാനിക്കും.


◾അപകട മരണങ്ങള്‍ തുടരുന്ന മുതലപ്പൊഴിയില്‍ വെളിച്ചം ഏര്‍പ്പെടുത്തുന്നതടക്കം പത്തു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. മന്ത്രിമാരായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍. അനില്‍ എന്നിവര്‍ നടത്തിയ മന്ത്രിതല യോഗത്തിലാണു തീരുമാനം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സജി ചെറിയാനാണു ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച നാലു മല്‍സ്യത്തൊഴിലാളികള്‍ മരിച്ച ഇവിടെ എത്തിയ മന്ത്രിമാരെ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിനു പ്രതികാരമായി വികാരി ജനറല്‍ യൂജിന്‍ പെരേരയ്ക്കെതിരേ എടുത്ത കലാപക്കേസ് പിന്‍വലിച്ചേക്കും. ഇതേസമയം, മുതലപ്പൊഴിയില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തില്‍ ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണര്‍ ഉള്‍പെടെ നാലംഗ കേന്ദ്രസംഘം എത്തി.


◾വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയില്‍വേയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകള്‍ക്കും സ്റ്റോപ്പ് ആവശ്യപ്പെട്ട് അനേകം ഹര്‍ജികള്‍ കോടതിയിലെത്തും. അതിനാല്‍ അനുവദിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

◾എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളായ സഹോദരനും സഹോദരിയും സംസാരിച്ചതു മൊബൈലില്‍ പകര്‍ത്തിയതു ചോദ്യം ചെയ്തവരെ മര്‍ദിച്ചെന്ന കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി അടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്തു. ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലേങ്ങാടന്‍ പഞ്ചായത്ത് അംഗം ജസീല്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടത്.


◾ജെഡിഎസ് കേരളാ ഘടകം എല്‍ഡിഎഫില്‍ തുടരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ദേവഗൗഡ അടക്കമുള്ള പാര്‍ട്ടി ദേശീയ നേതൃത്വം ബിജെപിയുടെ എന്‍ഡിഎയില്‍ ചേരാനിരിക്കേയാണ് കേരളാ ഘടകം നിലപാട് വ്യക്തമാക്കിയത്. ദേശീയ തലത്തില്‍ പാര്‍ട്ടി സഖ്യമുണ്ടാക്കിയാലും കേരളത്തില്‍ അത് ബാധിക്കില്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു.


◾മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍. നരഹത്യക്കുറ്റത്തിനു തെളിവില്ലെന് അപ്പീലില്‍ പറയുന്നു.


◾പൊലീസ് ലോക്കപ്പിലിട്ടിരുന്ന കെ എസ് യു പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്. ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കാലടി ശ്രീ ശങ്കര കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്ന രാജീവ്, ഡിജോണ്‍ എന്നിവരെയാണ് ബലം പ്രയോഗിച്ച് മോചിപ്പിച്ചത്.

◾എറണാകുളം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്‌കരണത്തിനു പട്ടാളപ്പുഴുക്കളെ ഇറക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ അമ്പത് ടണ്‍ ശേഷിയുള്ള രണ്ടു പട്ടാളപ്പുഴു പ്ലാന്റുകള്‍ സ്ഥാപിക്കും. ജൈവമാലിന്യത്തില്‍ പട്ടാളപ്പുഴുക്കളുടെ മുട്ടകള്‍ നിക്ഷേപിച്ച് വിരിയിച്ച് ലാര്‍വകളാക്കി മാറ്റും. ജൈവമാലിന്യം ഭക്ഷിക്കുന്ന ലാര്‍വകള്‍ പുറത്തുവിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കും. ലാര്‍വകള്‍ പ്യൂപ്പകളായി മാറിയാല്‍ കോഴികള്‍ക്കും പന്നികള്‍ക്കും തീറ്റയാക്കാം.


◾ചാലക്കുടിയിലെ വ്യാജ മയക്കുമരുന്നു കള്ളക്കേസില്‍ മെല്ലെപ്പോക്കുമായി എക്സൈസ്. കള്ളക്കേസെടുപ്പിച്ച യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ എക്സൈസിനു താല്‍പര്യമില്ലെന്ന് ഷീല സണ്ണി ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്നും ഷീല പറയുന്നു.


◾തൃശൂര്‍ വടക്കുനാഥക്ഷേത്രത്തിലെ ആനയൂട്ടിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, പാമ്പാടി രാജന്‍ തുടങ്ങി എഴുപതോളം ആനകള്‍. ആനയൂട്ടു കാണാന്‍ ആയിരക്കണക്കിന് ആനക്കമ്പക്കാരാണ് എത്തിയത്.


◾ജോര്‍ജ്ജ് എം തോമസിനെതിരെ സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത് സാമ്പത്തിക കുറ്റങ്ങള്‍ മാത്രമല്ല, പീഡന കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ടെന്ന കുറ്റവും. പ്രതിയില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയെന്നും സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. വഴി വീതി കൂട്ടാന്‍ മധ്യസ്ഥനെന്ന നിലയില്‍ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിര്‍മ്മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളുമുണ്ട്.


◾കൊല്ലം എം സി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ച മകന്‍ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബലിതര്‍പ്പണത്തിന് പോയതായിരുന്നു.

◾കൊല്ലം ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കില്‍ 21 വയസുകാരനായ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി ആദര്‍ശാണ് മരിച്ചത്. സംഭവത്തില്‍ അച്ഛനും അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയില്‍.


◾സ്വത്തു തര്‍ക്കത്തിന്റെ പേരില്‍ വര്‍ക്കല ലീനാമണിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃസഹോദരന്റെ ഭാര്യ കസ്റ്റഡിയില്‍. അഹദിന്റെ ഭാര്യയെയാണ് അയിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയില്‍നിന്ന് ഉത്തരവു നേടിയിട്ടും പോലീസ് സംരക്ഷണം തന്നില്ലെന്നു വീട്ടുകാര്‍ പരാതിപ്പെട്ടു.


◾ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദ്ദനം. തിരുവനന്തപുരം നരുവാമ്മൂട്ടില്‍ എസ്ഐ വിന്‍സെന്റ്, സിപിഒമാരായ സുനില്‍കുമാര്‍, ബിനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നരുവാമ്മൂട് വെളളാപ്പളളി സ്വദേശികളായ സജീവ്, രാജീവ്, ലിനു, ശ്രീജിത് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.


◾മലബാര്‍ സിമന്റ്സ് കേസില്‍ ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യ തന്നെയെന്ന് സി ബി ഐ. തുടരന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. വ്യവസായി വി. എം രാധാകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെ ശശീന്ദ്രന്‍ വിജിലന്‍സില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


◾തമിഴ്‌നാട്ടില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒന്‍പതിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. സിആര്‍പിഎഫിന്റെ സുരക്ഷയോടെയാണു റെയ്ഡ് നടത്തുന്നത്. പൊന്മുടിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടിലും വിഴുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്.

◾ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ എന്‍ഡിഎ നിലപാടിനെ എതിര്‍ത്ത് ഘടകകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി. ഏകീകൃത സിവില്‍ കോഡ് അനാവശ്യമാണെന്ന് പിഎംകെ നേതാവ് അന്‍ബുമണി രാമദാസ് പ്രതികരിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ ഇക്കാര്യം പറയുമെന്ന് അദ്ദേഹം വ്യക്തമാക്കി.


◾ഡല്‍ഹിയിലെ പ്രളയജലം ഇറങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങള്‍, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. ഇന്ന് മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഈ മാസം പതിനെട്ട് വരെ അവധി തുടരും. പ്രളയബാധിതര്‍ക്ക് പതിനായിരം രൂപ സഹായ ധനം പ്രഖ്യാപിച്ചു.


◾പാകിസ്ഥാന്‍ സിന്ധ് കാഷ്മോറിലെ ക്ഷേത്രം റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് തകര്‍ത്തു. കറാച്ചിയിലെ 150 വര്‍ഷം പഴക്കമുള്ള മാരി മാതാ ക്ഷേത്രമാണു തകര്‍ത്തത്.


◾സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് യു.എസ്സിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമി. മെസ്സിയെ അവതരിപ്പിച്ച ചടങ്ങില്‍ താരത്തിന്റെ ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജഴ്‌സിയും മയാമി അധികൃതര്‍ സമ്മാനിച്ചു. 492 കോടി രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുന്ന മെസ്സിയുടെ കരാര്‍ 2025 വരെയാണ്.

◾വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപങ്ങളുടെ (എഫ്.പി.ഐ) ഒഴുക്ക് ജൂലൈ മാസത്തിലും തുടരുന്നു. ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ ഈ മാസം ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 30,660 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്.പി.ഐകള്‍ നടത്തിയിട്ടുള്ളത്. ഈ പ്രവണത തുടരുകയാണെങ്കില്‍, ജൂലായിലെ എഫ്.പി.ഐ നിക്ഷേപം മെയ്, ജൂണ്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയ കണക്കുകളെ മറികടക്കും. മേയില്‍ 43,838 കോടി രൂപയും ജൂണില്‍ 47,148 കോടി രൂപയുമാണ് ഇന്ത്യയിലേക്ക് എഫ്.പി.ഐ എത്തിയത്. ഇതോടെ ഈ വര്‍ഷം ഇതുവരെ ഇക്വിറ്റി വിപണിയിലെത്തിയ എഫ്.പി.ഐ നിക്ഷേപം 1.07 ലക്ഷം കോടി രൂപയില്‍ എത്തിയതായി ഡിപ്പോസിറ്ററി ഡാറ്റകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ച് മുതലാണ് എഫ്.പി.ഐകള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വാങ്ങല്‍ ആരംഭിച്ചത്. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴിയുള്ള നിക്ഷേപത്തിന് പുറമെ ബള്‍ക്ക് ഡീലുകളിലൂടെയും പ്രാഥമിക വിപണിയിലൂടെയും നടത്തിയ നിക്ഷേപവും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. ഈവര്‍ഷം ജനുവരിയിലും ഫെബ്രുവരിയിലുമായി വിദേശ നിക്ഷേപകര്‍ 34,626 കോടി രൂപ പിന്‍വലിച്ചിരുന്നു. ഇക്വിറ്റികള്‍ക്ക് പുറമെ, ഈമാസം ഇതുവരെയുള്ള വ്യാപാര ദിനങ്ങളിലായി വിദേശ നിക്ഷേപകര്‍ 1,076 കോടി രൂപ ഇന്ത്യന്‍ ഡെറ്റ് മാര്‍ക്കറ്റിലേക്കും എത്തിച്ചിട്ടുണ്ട്. മേഖലകള്‍ തിരിച്ച് നോക്കുമ്പോള്‍ ധനകാര്യം, ഓട്ടോമൊബൈല്‍, മൂലധന ഉത്പന്നങ്ങള്‍, റിയല്‍റ്റി, എഫ്.എം.സി.ജി എന്നിവയില്‍ എഫ്.പി.ഐകള്‍ ശക്തമായ നിക്ഷേപം തുടരുകയാണ്. ഇത് ഇത്തരം മേഖലകളിലെ ഓഹരികളുടെ കുതിപ്പിന് കാരണമായി.


◾റൂം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ശബ്ദാനുഭവം പകരാന്‍ ഏറ്റവും പുതിയ എസ്ആര്‍എസ് എക്സ്വി 800 പോര്‍ടബിള്‍ സ്പീക്കര്‍ അവതരിപ്പിച്ചു സോണി. 25 മണിക്കൂര്‍ എന്ന മികച്ച ബാറ്ററി ലൈഫുമായി എത്തുന്ന സ്പീക്കര്‍ കേവലം 10 മിനിട്ടു ചാര്‍ജ് ചെയ്താല്‍ 3 മണിക്കൂര്‍ ഉപയോഗിക്കാമെന്നു കമ്പനി പറയുന്നു. വീട്ടിലെ ടിവിയുടെ ഇന്‍ബില്‍റ്റ് സ്പീക്കര്‍ ശബ്ദം പോരെന്നു തോന്നിയാല്‍ ഈ സ്പീക്കറുപയോഗിച്ചു മികവ് കൂട്ടാനാകും. 5 ട്വീറ്ററുകള്‍ എല്ലാ ദിശകളിലും മികച്ച ശബ്ദം നല്‍കുന്നു. പോര്‍ടബിള്‍ സ്പീക്കര്‍ ആയതിനാല്‍ മറ്റൊരിടത്തേക്കു പോകുമ്പോള്‍ നല്ല ഗ്രിപ്പുള്ള ഹാന്‍ഡിലും ബില്‍റ്റ്ഇന്‍ വീലുകളും സഹായകമാകും. 18.5 കിലോഗ്രാമാണ് ഭാരം. 2.4 ജിഗാഹെര്‍ട്സ് ഫ്രീക്വന്‍സി റേഞ്ച്. സോണി, മ്യൂസിക് സെന്റര്‍, ഫിയെസ്റ്റബിള്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കും, ഒപ്പം കരോകെ, ഗിറ്റാര്‍ സംവിധാനങ്ങളും മനോഹരമായി പ്രവര്‍ത്തിക്കും. വാട്ടര്‍ റെസിസ്റ്റന്റ് ഐപിഎഎക്സ് 4 റേറ്റിങ് ആണുള്ളത് കൂടാതെ ബ്ലൂടൂത്ത് ഫാസ്റ്റ് പെയറിങ് സംവിധാനവും. കസ്റ്റമൈസ്ഡ് ലൈറ്റിങ് സംവിധാനം സ്പീക്കറിനോടനുബന്ധിച്ചു വരുന്നതിനാല്‍ ആംബിയന്‍സിനും പാട്ടിന്റെ മൂഡിനനുസരിച്ചുമൊക്കെ തീം സജ്ജീകരിക്കാനാകും. സോണി സ്റ്റോറുകളിലും ഷോപിങ് സൈറ്റുകളിലും ഏകദേശം 49,990 രൂപമുതല്‍ വാങ്ങാനാകും.

◾‘പാപ്പച്ചന്‍ ഒളിവിലാണ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകരെ നേടുന്നു. പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ‘പുണ്യ മഹാ സന്നിധേ’ എന്നു തുടങ്ങുന്ന ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകര്‍ക്കരികിലെത്തിച്ചത്. ഔസേപ്പച്ചന്‍ ഈണമൊരുക്കിയ ഗാനം വൈക്കം വിജയലക്ഷ്മി ആലപിച്ചിരിക്കുന്നു. സിന്റോ ആന്റണി ആണ് പാട്ടിനു വരികള്‍ കുറിച്ചത്. ‘പുണ്യ മഹാ സന്നിധേ’ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ഗാനം ട്രെന്‍ഡിങ്ങിലും ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘കയ്യെത്തും ദൂരത്ത് ‘ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. നവാഗതനായ സിന്റോ സണ്ണി രചനയും സംവിധാനവും നിര്‍വഹിക്കുന്നു. സൈജു കുറുപ്പ്, ‘സോളമന്റെ തേനീച്ചകള്‍’ ഫെയിം ദര്‍ശന, ശ്രിന്ദ, അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ എന്നിവര്‍ വേഷമിടുന്നു. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് സിനിമയില്‍ സൈജു കുറുപ്പ് എത്തുന്നത്. ഇണക്കങ്ങളുടേയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥ പറയുന്ന ചിത്രത്തില്‍ പാപ്പച്ചന്റെ സ്വകാര്യജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളും ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.


◾ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ‘ചാട്ടുളി’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ റിലീസ് ആയി. അട്ടപ്പാടിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ കാര്‍ത്തിക് വിഷ്ണു, ശ്രുതി ജയന്‍, ലത ദാസ്, വര്‍ഷ പ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നു. നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷന്‍സ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളില്‍ നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി എഴുതുന്നു. പ്രമോദ് കെ പിള്ളയാണ് ഛായാഗ്രാഹകന്‍. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആന്റണി പോള്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ജസ്റ്റിന്‍ ഫിലിപ്പോസ് എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

◾ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഈ മാസം ആദ്യമാണ് പുതിയ സെല്‍റ്റോസ് പുറത്തിറക്കിയത്. കഴിഞ്ഞ ദിവസം ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 13,424 കാറുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. ഇതോടെ ആദ്യ ദിവസം തന്നെ ഏറ്റവും അധികം ബുക്കിംഗ് നേടുന്ന വാഹനം എന്ന പേര് സെല്‍റ്റോസ് സ്വന്തമാക്കി. എത്രയാണ് കാറിന്റെ വില എന്നതു പോലും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെല്‍റ്റോസ് ബുക്ക് ചെയ്യാന്‍ കിയ ഷോറൂമിലേക്ക് ആളുകള്‍ തള്ളിക്കയറുകയാണ്. ഇതില്‍ 1973 ബുക്കിംഗ് നിലവിലെ സെല്‍റ്റോസ് ഉടമകള്‍ക്ക് നല്‍കിയിട്ടുള്ള കെ കോഡ് വഴിയാണ്. നിലവിലെ സെല്‍റ്റോസ് ഉടമകളോ അവര്‍ നിര്‍ദേശിക്കുന്ന ആളുകളോ പുതിയ മോഡല്‍ ബുക്ക് ചെയ്താല്‍ ഡെലിവറിക്ക് മുന്‍ഗണന കിട്ടുന്ന പദ്ധതിയാണ് കെ കോഡ്. 25,000 രൂപയാണ് ബുക്കിംഗ് പ്രൈസ്. 10 ലക്ഷം യൂണിറ്റുകള്‍ വില്പന നടത്തിയ കിയ ഇന്ത്യ അതില്‍ 5 ലക്ഷവും ആദ്യ മോഡല്‍ സെല്‍റ്റോസ് ആണ് വിറ്റഴിച്ചത്. ഓണ്‍ലൈനിലോ രാജ്യത്തെ അംഗീകൃത കിയ ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാം. 2023 കിയ സെല്‍റ്റോസ് മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലഭിക്കുക. പുതിയ സെല്‍റ്റോസ് ശ്രേണിയില്‍ ഇന്ത്യ എക്‌സ്‌ക്ലൂസീവ് പ്യൂട്ടര്‍ ഒലിവ് നിറവും കിയ അവതരിപ്പിച്ചു.


◾ജീവിച്ചിരിക്കുമ്പോള്‍ കഠിനമായ കഷ്ടതകളിലൂടെ കടന്നുപോവുകയും അപ്പോഴൊക്കെ കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങള്‍ ലോകത്തിന് സമ്മാനിക്കുകയും ചെയ്ത വാന്‍ഗോഗിന്റെ പ്രണയവും നിറങ്ങളും ഭ്രാന്തും ചേര്‍ന്ന് പകര്‍ന്നാടിയ ജീവിതം. ഏകാന്തതയിലിരുന്ന് സഹോദരന്‍ തിയോയ്ക്കും അമ്മയ്ക്കും സുഹൃത്ത് പോള്‍ ഗോഗൈ്വനും മറ്റും ഏഴുതിയ കത്തുകള്‍. നിറങ്ങളെ ഹൃദയംകൊണ്ട് ഉരുക്കിയെടുത്ത് വരച്ചിട്ട ചിത്രങ്ങള്‍. ‘ജീവിതം കത്തുകള്‍ പെയിന്റിംഗ്സ്’. വിന്‍സെന്റ് വാന്‍ഗോഗ്. ഒലീവ് പബ്ളിക്കേഷന്‍സ്. വില 144 രൂപ.

◾മുപ്പതുകളില്‍ മുതല്‍ തന്നെ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ ചിലര്‍ക്ക് കണ്ടുതുടങ്ങാമെന്ന് ഡോക്ടര്‍മാര്‍. യങ് ഓണ്‍സെറ്റ് അല്‍ഷിമേഴ്സ് എന്ന ഈ രോഗം ബാധിച്ച 30നും 64നും ഇടയില്‍ പ്രായമുള്ള 39 ലക്ഷം പേര്‍ ലോകത്താകമാനം ഉള്ളതായി കണക്കാക്കുന്നു. 30കളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത് അപൂര്‍വമാണെങ്കിലും 50-64 പ്രായവിഭാഗത്തിലാണ് യങ് ഓണ്‍സൈറ്റ് അല്‍ഷിമേഴ്സ് ലക്ഷണങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കപ്പെടുക. സാധാരണ അല്‍ഷിമേഴ്സ് രോഗികള്‍ക്കു കാണപ്പെടുന്ന ആദ്യ ലക്ഷണം ഓര്‍മക്കുറവാണെങ്കില്‍ യങ് ഓണ്‍സെറ്റ് അല്‍ഷിമേഴ്സില്‍ ലക്ഷണങ്ങള്‍ അല്‍പം വ്യത്യസ്തമായിരിക്കും. ശ്രദ്ധക്കുറവ്, കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളെ അനുകരിക്കാനുള്ള ശേഷിക്കുറവ്, ഇടത്തെ പറ്റിയുള്ള ധാരണക്കുറവ്, അമിതമായ ഉത്കണ്ഠ, വിഷാദരോഗം, പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. യങ് ഓണ്‍സെറ്റ് അല്‍ഷിമേഴ്സ് രോഗമുള്ളവരുടെ തലച്ചോറില്‍ ത്വരിത ഗതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ചെറുപ്പത്തില്‍ അല്‍ഷിമേഴ്സ് ബാധിക്കപ്പെടുന്നവര്‍ക്ക് വൈകി വരുന്നവരേക്കാള്‍ ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറവാണെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈകി വരുന്ന അല്‍ഷിമേഴ്സും ചെറുപ്പത്തില്‍ വരുന്ന അല്‍ഷിമേഴ്സും സമാനമായ രാസ വ്യതിയാനങ്ങളാണ് തലച്ചോറില്‍ ഉണ്ടാക്കുന്നതെങ്കിലും ഈ വ്യതിയാനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന തലച്ചോറിന്റെ ഭാഗങ്ങള്‍ വ്യത്യസ്തമാണ്. യുവാക്കളിലെ അല്‍ഷിമേഴ്സ് രോഗത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത് ഇന്ദ്രിയാനുഭൂതിയെയും ചലനത്തെയും സംബന്ധിച്ച തലച്ചോറിന്റെ ഭാഗങ്ങളാണ്. വൈകി വരുന്നവരില്‍ കൂടുതലും ബാധിക്കപ്പെടുന്നത് പഠനവും ഓര്‍മയുമായി ബന്ധപ്പെട്ട ഹിപ്പോക്യാംപസാണ്. മോശം ഹൃദയാരോഗ്യം, മുതിരുമ്പോഴുള്ള ധാരണശേഷിക്കുറവ് എന്നിവയെല്ലാം യങ് ഓണ്‍സെറ്റ് അല്‍സ്ഹൈമേഴ്സിന്റെ സാധ്യത എട്ട് മടങ്ങ് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതില്‍ ജനിതകപരമായ പ്രത്യേകതകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു. സജീവമായ ജീവിതശൈലിയും നല്ല ഭക്ഷണക്രമവും ജനിതകപരമല്ലാത്ത അല്‍ഷിമേഴ്സ് രോഗത്തിന്റെ സാധ്യതകള്‍ കുറയ്ക്കുന്നു. പച്ചക്കറികളും ഉണക്ക പഴങ്ങളും ചോക്ലേറ്റും യങ് ഓണ്‍സെറ്റ് അല്‍ഷിമേഴ്സിന്റെ സാധ്യതകള്‍ കുറയ്ക്കുമെന്ന് ഒരു ഇറ്റാലിയന്‍ പഠനവും കൂട്ടിച്ചേര്‍ക്കുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.