Click to learn more 👇

500 രൂപ മുടക്കൂ, 25 കോടി നേടൂ; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബമ്പർ, ഇത്തവണ കൂടുതൽ കോടീശ്വരന്മാർ


തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബമ്പറിന്റെ ഈ വർഷത്തെ ടിക്കറ്റ് പ്രകാശനം ചെയ്തു. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില.

കഴിഞ്ഞ വർഷത്തിൽ നിന്നും വിഭിന്നമായി രണ്ടാം സമ്മാനഘടനയിൽ വ്യത്യാസം വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു.

മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും. ജൂലൈ 26 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റ് പോയിരുന്നു. അതുപോലെ തന്നെ ടിക്കറ്റ് വില വർദ്ധിപ്പിച്ചതിനാൽ ഷെയർ ഇട്ട് ടിക്കറ്റ് എടുക്കുന്നരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിരുന്നു.

കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച ഫ്‌ളൂറസന്റ് പ്രിന്റിം​ഗ് ആണ് ഇത്തവണയും നടക്കുക. സെപ്റ്റംബര്‍ 20ന് ഓണം ബമ്പർ നറുക്കെടുപ്പ്‌ നടക്കും. ബമ്പറിലൂടെ 5,34,670 പേര്‍ക്ക് ആകും ഇത്തവണ സമ്മാനം ലഭിക്കുക. കഴിഞ്ഞ വര്‍ഷം 3,97,911 ഭാഗ്യശാലികളെയായിരുന്നു ഉണ്ടായിരുന്നത്. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ ടിക്കറ്റ് പ്രകാശനം നടന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാൽ ടിക്കറ്റ് പ്രകാശനം നടത്തി. ചലച്ചിത്ര താരം പി.പി. കുഞ്ഞികൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.