മറുനാടൻ മലയാളി ഉടമ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
മൂന്നാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാനാകില്ല. നിലനില്‍ക്കുന്നത് അപകീര്‍ത്തിക്കെതിരായ കുറ്റം മാത്രമെന്നും ചീഫ് ജസ്റ്റിസ്. കുന്നത്തുനാട് എം.എല്‍.എ നല്‍കിയ കേസിലാണ് സുപ്രീംകോടതി ഇടപെടല്‍
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്. പി.വി ശ്രീനിജിന്‍ എം.എല്‍.എയുടെ പരാതിയിലാണ് ഷാജനെതിരെ പൊലീസ് കേസെടുത്തിരുന്നത്. ഹരജി 17ന് പരിഗണിക്കാനായിരുന്നു സുപ്രിംകോടതി നേരത്തെ തീരുമാനിച്ചിരുന്നത്.
അടിയന്തര പ്രാധാന്യമുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ ബെഞ്ച് പരിഗണനക്കെടുത്തത്.
ശ്രീനിജിനെ അധിക്ഷേപിച്ച് മെയ് 25ന് മറുനാടൻ മലയാളി ചാനലില്‍ വന്ന വാര്‍ത്ത പിന്നീട് വിവിധ മാധ്യമങ്ങളിലുടെ ഷാജൻ സ്‌കറിയ വ്യാപകമായി പ്രചാരിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ജൂണ്‍ എട്ടിനാണ് എം.എല്‍.എ എളമക്കര പൊലീസില്‍ പരാതിപ്പെട്ടത്. കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഷാജൻ ഒളിവില്‍പ്പോയി. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. ഷാജൻ സ്‌കറിയക്ക് പുറമെ സി.ഇ.ഒ ആൻ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ. റിജു എന്നിവരും പ്രതികളാണ്.